Kozhikode
ആശയ വ്യതിചലനങ്ങളില്‍ ജാഗ്രത പുലര്‍ത്തണം: കാന്തപുരം
ജാമിഅ മര്‍കസ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ 'ഖാഫ്' പ്രൗഢമായി
കോഴിക്കോട് | അഹ്ലുസ്സുന്നയുടെ വെളിച്ചം ഹൃദയത്തെ തൊടുന്ന ഭാഷയില്‍ മനുഷ്യരിലേക്ക് കൈമാറാന്‍ കഴിയുന്നിടത്താണ് മതപണ്ഡിതര്‍ വിജയിക്കുന്നതെന്നും ആശയ വ്യതിചലനങ്ങളില്‍ ജാഗ്രത പുലര്‍ത്തി മുന്നോട്ടു പോവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ജാമിഅ മര്‍കസ് വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ഖാഫ്’ ഒക്ടോ എഡിഷന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
‘മൂല്യങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു’ എന്ന പ്രമേയത്തില്‍ 150ല്‍ പരം ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ സ്വദേശി സയ്യിദ് ഷഹീറുല്‍ അഹ്ദല്‍ കലാപ്രതിഭയായും, ഹാഫിള് ബിശ്ര്‍ സര്‍ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫെസ്റ്റിന്റെ വിവിധ സെഷനുകളില്‍ ജാമിഅ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സീനിയര്‍ മുദരിസ് ഉസ്താദ് വിപിഎം ഫൈസി വില്യാപ്പള്ളി, ബഷീര്‍ സഖാഫി കൈപ്പുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കര്‍ സഖാഫി പന്നൂര്‍, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, സുഹൈല്‍ അസ്ഹരി മുഴപ്പാലം, അബ്ദുല്‍ കരീം ഫൈസി വാവൂര്‍, അബ്ദുലത്തീഫ് സഖാഫി പെരുമുഖം, ഉമര്‍ സഖാഫി കാവുംപുറം, അബ്ദുല്‍ ഖാദര്‍ സഖാഫി പൈലിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.







