Ongoing News
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻ
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു
മുംബൈ | 2026 ലെ പുരുഷ ടി 20 ലോകകപ്പിനും അതിനു മുന്നോടിയായി നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയ്ക്കുമുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, റിങ്കു സിംഗ് എന്നിവർ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ബി സി സി ഐ. സെക്രട്ടറി ദേവാജിത് സൈകിയ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവർ മുംബൈയിലെ ബി സി സി ഐ. ആസ്ഥാനത്ത് ശനിയാഴ്ച നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കൻ പരമ്പര വരെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനും വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയ്ക്കും ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല. സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് മുതൽ ഗില്ലായിരുന്നു ടീമിന്റെ ഉപനായകൻ. എന്നാൽ ടി 20 ഫോർമാറ്റിൽ ഈ വർഷം പ്രതീക്ഷിച്ച മികവ് പുലർത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 15 ഇന്നിംഗ്‌സുകളിൽ നിന്നായി 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. ലഖ്‌നൗവിൽ നടന്ന പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും താരം വിട്ടുനിന്നിരുന്നു.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ഹർഷിത് റാണ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിര നയിക്കുമ്പോൾ വരുൺ ചക്രവർത്തിയും കുൽദീപ് യാദവും സ്പിൻ വിഭാഗം കൈകാര്യം ചെയ്യും. തിലക് വർമ്മ, അഭിഷേക് ശർമ്മ എന്നിവരും ടീമിലുണ്ട്.
ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, റിങ്കു സിംഗ്.



