Kerala
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: കുറ്റപത്രം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി
കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാരണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മൂന്ന് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാരണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തയ്യാറായില്ല. പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടിയുള്ള, കേസിലെ ഒന്നാം പ്രതി ഫര്‍സിന്‍ മജീദിന്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി അന്വേഷണ സംഘത്തെ വിമര്‍ശിച്ചത്.
2002 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വന്‍ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ ശബരീനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് കേസിലെ പ്രതികള്‍. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2024 ഏപ്രിലില്‍ കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍, ഇതുവരെ കേന്ദ്രം അനുമതി നല്‍കാന്‍ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. കേസില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചുമത്തിയോടെയാണ് കേന്ദ്രാനുമതി ആവശ്യമായി വന്നത്.
തങ്ങളെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രതികളായ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.


