Connect with us

Articles

ഒടുവില്‍ ഒറ്റയാകുന്നു

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നാറ്റോ സഖ്യകക്ഷികള്‍ ഇടപെടണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഖ്യകക്ഷികള്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. ആയുധങ്ങള്‍ കയറ്റിയ അമേരിക്കന്‍ വിമാനങ്ങള്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കു മുകളിലൂടെ പറക്കുന്നതിന് സ്പെയിന്‍, ഫ്രാന്‍സ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ അമേരിക്കക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ അകലുകയാണ്.

Published

|

Last Updated

ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസ് (ഐ എന്‍ എസ് എസ്) ഇസ്റാഈലിലെ ജൂതന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 80 ശതമാനം ഇസ്റാഈലുകളും ഇറാനുമായുള്ള യുദ്ധത്തെ പിന്തുണക്കുകയുണ്ടായി. യുദ്ധം തുടങ്ങിയപ്പോള്‍ പിന്തുണക്കുന്നവരുടെ ശതമാനം 90 ആയി വര്‍ധിച്ചു. അതേസമയം ഇസ്റാഈലിലെ 20 ശതമാനം വരുന്ന ഫലസ്തീനികള്‍ യുദ്ധത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇസ്റാഈല്‍ നിലനില്‍ക്കണമെങ്കില്‍ ഇറാന്‍ നശിക്കണമെന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നു. ഇസ്റാഈലിനെതിരെ ഭീഷണി ഉയര്‍ത്തുന്ന ഹമാസ്, ഹിസ്ബുല്ല, ഹൂത്തികള്‍ എന്നിവരുടെ ശക്തി ഇറാനാണെന്ന് ഇസ്റാഈല്‍ ഭരണകൂടം ജനങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രസ്തുത സംഘടനകള്‍ക്ക് ധനസഹായവും ആയുധ വിതരണവും നടത്തുന്നത് ഇറാനാണെന്ന് ഇസ്റാഈലുകാര്‍ വിശ്വസിക്കുന്നു. ഇറാന്‍ ഭരണകൂടം തകര്‍ന്നാല്‍ ഹമാസ്, ഹിസ്ബുല്ല, ഹൂത്തി എന്നീ സംഘടനകളുടെ പ്രസക്തി ഇല്ലാതാകുമെന്ന് ഇസ്റാഈല്‍ ഭരണകൂടം കരുതുന്നു. എന്നാല്‍ നേരത്തേ ഇറാനെതിരെ പ്രതികരിച്ചവര്‍ യുദ്ധം തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ അവരുടെ അഭിപ്രായത്തില്‍ മാറ്റം വരുത്തുകയുണ്ടായി. തെല്‍ അവീവ് തുടങ്ങിയ ജനവാസപ്രദേശങ്ങളില്‍ രാവും പകലും ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ യുദ്ധം അവസാനിക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയാണ്. സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും നേരിടുന്ന നാശനഷ്ടങ്ങളുടെ വ്യാപ്തി കൂടി വരുമ്പോള്‍ ഏതൊരു സമൂഹവും ആഗ്രഹിക്കുന്നത് പോലെ ഇസ്റാഈലിലെ സാധാരണക്കാരും സമാധാനം ആഗ്രഹിക്കുകയാണ്.

ഗസ്സയുള്‍പ്പെടെ അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ രണ്ടര വര്‍ഷമായി തുടരുന്ന ക്രൂരമായ ആക്രമണങ്ങള്‍ ഇസ്റാഈലിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനുമായി അനിശ്ചിതമായി തുടരുന്ന യുദ്ധം സാമ്പത്തികമായി മാത്രമല്ല ഇസ്റാഈല്‍ ജനതയുടെ സൈ്വര്യ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ബഹുമുഖ ആക്രമണത്തിനായി പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമിതഭാരം ഏല്‍പ്പിക്കുന്നതായി സൈനികര്‍ക്ക് പരാതിയുണ്ട്. ഇസ്റാഈലില്‍ സൈനിക സേവനം നിര്‍ബന്ധമാണെങ്കിലും ജൂതരിലെ ഓര്‍ത്തഡോക്സ് വിഭാഗം സൈനിക സേവനം നിഷിദ്ധമായി കരുതുകയാണ്. അതുകൊണ്ട് എല്ലാ വിഭാഗത്തെയും യുദ്ധത്തില്‍ അണിനിരത്താന്‍ സാധിക്കുന്നില്ല എന്നാണ് സൈനിക മേധാവികള്‍ പരാതിപ്പെടുന്നത്.

2023 ഒക്ടോബര്‍ മുതല്‍ ഗസ്സക്കെതിരെ നടത്തിയ യുദ്ധത്തില്‍ 112 ബില്യണ്‍ ഏതാണ്ട് പത്ത് ലക്ഷം കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധവുമായി ബന്ധപ്പെട്ട പ്രതികൂലമായ വാര്‍ത്തകള്‍ പുറത്തുവരുന്നതില്‍ ഇസ്റാഈലില്‍ നിയന്ത്രണങ്ങളുണ്ട്. ഈ കണക്കുകള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ തപ്പിപ്പിടിച്ച് തയ്യാറാക്കിയതാണ്. ഇസ്റാഈലിന്റെ യഥാര്‍ഥ നഷ്ടം ഇതിലും കൂടുതലായിരിക്കും. ഇതിനു പുറമെ ഇറാനുമായുള്ള യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ കൂടി ചേരുമ്പോള്‍ ഇസ്റാഈല്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക ആഘാതം വളരെ കൂടുതലാണ്. ഇറാന്റെ സൈനിക ശേഷി കുറയ്ക്കുകയും ഭരണമാറ്റം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഇസ്റാഈലിന്റെയും അമേരിക്കയുടെയും ലക്ഷ്യം നിലവില്‍ വിദൂര സ്വപ്നമാണ്. യുദ്ധം ആറാഴ്ചയിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് സ്ഥാപനപരമായ തകര്‍ച്ചയോ പ്രത്യയശാസ്ത്രപരമായ മാറ്റമോ ഉണ്ടായിട്ടില്ല. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ, സേനാ നായകര്‍ തുടങ്ങിയവരുടെ മരണം ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ആഗോളതലത്തില്‍ വിജയം നേടാന്‍ ഇറാനെ സഹായിച്ചു. ആഗോള സമ്പദ് വ്യവസ്ഥയെ ബന്ധനത്തിലാക്കിയ ഇറാനെ ചോദ്യം ചെയ്യുന്നതിന് പകരം ലോകം കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്. ഇറാന്റെ രാഷ്ട്രീയ വിജയമാണിത്.

വകതിരിവില്ലാതെയുള്ള ട്രംപിന്റെ എടുത്തുചാട്ടം അമേരിക്കയുടെ സൈനിക നേതൃത്വത്തിലും വിള്ളല്‍ സൃഷ്ടിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറല്‍ സാന്‍ഡി ജോര്‍ജ്, ജനറല്‍ ഡേവിഡ് ഹോഡ്നെ, ജനറല്‍ വില്യം ഗ്രീന്‍ ജൂനിയര്‍, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിനോം, അറ്റോര്‍ണി ജനറല്‍ പാംബോണ്ടി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം രാജിവെക്കുകയോ പുറത്താക്കപ്പെടുകയോയുണ്ടായി. ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ പ്രതിരോധ സെക്രട്ടറി പീറ്റി ഹെഗ്സെയുമായുള്ള തര്‍ക്കമാണ് രാജിക്കും പുറത്താക്കലിനും കാരണം. യു എസ് ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവന്‍ ജോ കെന്റ് നേരത്തേ രാജിവെച്ചിരുന്നു. അദ്ദേഹം ട്രംപിനയച്ച രാജിക്കത്തില്‍ പറഞ്ഞത്, ഇറാനെതിരെ നടത്തുന്ന യുദ്ധത്തെ മനസ്സാക്ഷിയുള്ള ആര്‍ക്കും പിന്തുണക്കാന്‍ ആകില്ല എന്നായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്പോഴും എന്നതുപോലെ അന്ത്യശാസനം ആവര്‍ത്തിക്കുകയാണ്. ഇറാന്‍ സൈനികമായി തകര്‍ന്നു എന്ന് പറയുമ്പോഴും ഇറാന്‍ പ്രതിരോധം തുടരുകയാണ്.

ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോള്‍ യു എസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് റോയിട്ടര്‍ റിപോര്‍ട്ട് ചെയ്യുന്നത് ഇറാന്റെ കൈവശമുള്ള മിസൈലുകളില്‍ മൂന്നിലൊന്ന് പോലും നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഇറാന്റെ സൈനിക ശക്തി പൂര്‍ണമായും തകര്‍ത്തു എന്ന് ട്രംപ് വീരവാദം നടത്തിയതിന്റെ രണ്ടാം ദിവസം ഇറാന്‍ അമേരിക്കയുടെ രണ്ട് സൈനിക വിമാനങ്ങള്‍ വെടിവെച്ചിട്ടു. ഇറാന്റെ നാവിക, വ്യോമസേന, മിസൈല്‍ പദ്ധതി, ആണവ സമ്പുഷ്ടീകരണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൈനിക ശേഷികള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു യു എസ് പ്രസിഡന്റിന്റെ വീമ്പുപറച്ചില്‍. ട്രംപിന്റെ അവകാശവാദത്തിന് ശേഷം ഇറാന്റെ മിസൈല്‍ തകര്‍ത്ത വിമാനങ്ങളില്‍ ഒന്ന് ലോകത്തിലെ ഏറ്റവും മുന്തിയതും വില കൂടിയതുമായ യുദ്ധവിമാനങ്ങളില്‍ ഒന്നായ എഫ് 15 സ്ട്രൈക്ക് ഈഗിള്‍ ആണ്. ഇതിന്റെ വില 927 കോടി രൂപയാണ്. ഇറാന്‍ നേരത്തേ അമേരിക്കയുടെ ഇത്തരം മൂന്ന് വിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നു. ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന ട്രംപിന്റെ പ്രസ്താവന ഇറാന്‍ ജനതയില്‍ കൂടുതല്‍ ഐക്യം വളര്‍ത്താന്‍ ഇടവരുത്തും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ രോഷം ആളിക്കത്തിച്ചു. ട്രംപിനെ ഭരണമാറ്റത്തിന്റെ വക്താവായി കണ്ടിരുന്നു ഇറാനിലെ ചെറിയൊരു ന്യൂനപക്ഷം. ട്രംപിന്റെ ഈ പ്രസ്താവന അവരെ പോലും ഇസ്ലാമിക് റിപബ്ലിക് ഭരണകൂടത്തോട് അനുഭാവമുള്ളവരാക്കി മാറ്റും. രാജ്യം ഉപരോധത്തിലാണെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ്യത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തുകയാണെന്നുമുള്ള തോന്നല്‍ അവരുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ ട്രംപിന്റെ പ്രസ്താവന കാരണമാകും.

ഇറാന്‍ ഒരു ഭീഷണിയാണെന്ന് കരുതുന്ന അമേരിക്കന്‍ ജനതയില്‍ വലിയൊരു വിഭാഗം രാജ്യത്തെ നീണ്ട യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സമീപകാല വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത് അതാണ്. റോയിട്ടേഴ്സും ഇപ്‌സോസും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 66 ശതമാനം അമേരിക്കക്കാര്‍ ആവശ്യപ്പെട്ടു. യുദ്ധ വിജയത്തേക്കാള്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നത് ട്രംപ് സൃഷ്ടിച്ച കുരുക്കില്‍ നിന്നുള്ള മോചനമാണ്. യുദ്ധം അമേരിക്കന്‍ സാമ്പത്തിക മേഖലയിലും പിടിമുറുക്കിക്കഴിഞ്ഞു. ഇറാന്‍ യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഇന്ധന വില ഗാലന് നാല് ഡോളര്‍ വര്‍ധിച്ചു. ഒരു ലിറ്റര്‍ എണ്ണ പോലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാത്ത രാജ്യമാണ് അമേരിക്ക. വിലക്കയറ്റം മറ്റു മേഖലകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സൈനിക ചെലവിലേക്ക് കൂടുതല്‍ തുക ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ്സിന്റെ ഇരുസഭകളില്‍ ഭൂരിപക്ഷവും ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേടാനായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ നടക്കുന്ന യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന് തിരിച്ചടിയായേക്കാം.

2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ പ്രതിരോധ ആക്രമണം ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തങ്ങളുടെ ക്രൂരത താത്കാലികമായെങ്കിലും മറച്ചുവെക്കാന്‍ ഇസ്റാഈലിന് അവസരം ഒരുക്കിയിരുന്നു. ഹമാസ് ആക്രമണം ഇസ്റാഈല്‍ സമൂഹത്തെ വൈകാരികമായി ഒരുമിപ്പിച്ച സംഭവമായിരുന്നു. പ്രസ്തുത ആക്രമണം ഇസ്റാഈലിലെ ഇടതുപക്ഷക്കാരുടെ ശബ്ദത്തിന് വിലങ്ങിട്ടു. ഫലസ്തീനികളുമായി സമാധാന ചര്‍ച്ച നടത്തണമെന്ന് വാദിക്കുകയും വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ ലിബറലുകളെ അക്രമം നിശബ്ദരാക്കി. ഹമാസിന്റെ ചെയ്തിയെ ലോക രാഷ്ട്രങ്ങള്‍ ശക്തമായി വിമര്‍ശിച്ചപ്പോള്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്റാഈല്‍ നടത്തുന്ന പൈശാചികത താത്കാലികമായി വിസ്മരിക്കപ്പെട്ടു. എന്നാല്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കി മുന്നേറിയപ്പോള്‍ ഇസ്റാഈലിനോടുള്ള നിലപാടില്‍ ലോകരാജ്യങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടി വന്നു. ഫലസ്തീനിനെ അംഗീകരിക്കാതെ മാറിനിന്ന ചില രാജ്യങ്ങള്‍ക്ക് അഭിപ്രായം തിരുത്തേണ്ടി വന്നു. ലോക പോലീസായ അമേരിക്കയും ഇപ്പോള്‍ അത്തരം ഒറ്റപ്പെടല്‍ നേരിടുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നാറ്റോ സഖ്യകക്ഷികള്‍ ഇടപെടണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഖ്യകക്ഷികള്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. ആയുധങ്ങള്‍ കയറ്റിയ അമേരിക്കന്‍ വിമാനങ്ങള്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കു മുകളിലൂടെ പറക്കുന്നതിന് സ്പെയിന്‍, ഫ്രാന്‍സ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി. അമേരിക്കക്ക് ലോകരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഔന്നത്യം ട്രംപ് ഭരണകൂടം ഇല്ലാതാക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അമേരിക്കക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ അകലുകയാണ്. 10 വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ബ്രിട്ടന്‍ തീരുമാനം മാറ്റാന്‍ ഒരുങ്ങുകയാണ്. യുക്രൈന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ ട്രംപ് തുടരുന്ന നിലപാടില്‍ വിയോജിച്ചാണ് യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധത്തില്‍ ബ്രിട്ടന്‍ പുനരാലോചന നടത്തുന്നത്.

 

---- facebook comment plugin here -----

Latest