Connect with us

From the print

കിടിലൻ കൊൽക്കത്ത

കൊൽക്കത്ത ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ

Published

|

Last Updated

കൊൽക്കത്ത | റൺമഴ പിറന്ന ഐ പി എല്ലിലെ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. തുടർച്ചയായ അഞ്ച് ജയങ്ങളുടെ പകിട്ടിലെത്തിയ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിനാണ് കീഴടക്കിയത്. കൊൽക്കത്ത ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (49 പന്തിൽ 85), സായ് സുദർശനും (28 പന്തിൽ 52 നോട്ടൗട്ട്), ജോസ് ബട്‌ലറും (35 പന്തിൽ 57) ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് കൊൽക്കത്ത വിജയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ കൊൽക്കത്ത ഏഴാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 247 റൺസെടുത്തത്. ഓപണർ ഫിൻ അലന്റെയും (35 പന്തിൽ 93) അംക്രിഷ് രഘുവംശിയുടെയും (44 പന്തിൽ 82) വെടിക്കെട്ട് ബാറ്റിംഗാണ് കൊൽക്കത്തയെ വമ്പൻ ടോട്ടലിലെത്തിച്ചത്. പത്ത് സിക്‌സും നാല് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. അംക്രിഷ് ഏഴ് സിക്‌സും നാല് ബൗണ്ടറിയും നേടി. 28 പന്തിൽ 52 റൺസുമായി കാമറൂൺ ഗ്രീനും ബാറ്റിംഗിൽ മിന്നി. അഞ്ചാം ഓവറിൽ സ്‌കോർ 44ൽ നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ (14) നഷ്ടമായെങ്കിലും ആക്രമിച്ചു കളിക്കുകയെന്ന നയമാണ് കൊൽക്കത്ത സ്വീകരിച്ചത്. പവർപ്ലേയിൽ 56 റൺസ് നേടിയ ടീം 8.6 ഓവറിൽ നൂറിലെത്തി. രണ്ടാം വിക്കറ്റിൽ അലനും അംക്രിഷും ചേർന്ന് 41 പന്തിൽ 95 റൺസാണ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ അലനെ സായി കിഷോർ പുറത്താക്കി. റാശിദ് ഖാന് ക്യാച്ച്. ഈ ഘട്ടത്തിൽ കൊൽക്കത്ത സ്‌കോർ 11.2 ഓവറിൽ 139. പിന്നീടെത്തിയ കാമറൂൺ ഗ്രീൻ അംക്രിഷിന് പറ്റിയ കൂട്ടായി. ഇരുവരും ചേർന്ന് ഗുജറാത്ത് ബൗളർമാരെ നിലംപരിശാക്കി. 53 പന്തിൽ 108 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അവസാന അഞ്ച് ഓവറിൽ 68 റൺസാണ് അടിച്ചെടുത്തത്. ഗുജറാത്തിന്റെ പ്രധാന ബൗളറായ റാശിദ് ഖാനെപ്പോലും കൊൽക്കത്ത ബാറ്റർമാർ വെറുതെ വിട്ടില്ല. നാല് ഓവറിൽ 57 റൺസാണ് റാശിദ് വഴങ്ങിയത്.

200 മത്സരങ്ങൾ; നരെയ്ന് റെക്കോർഡ്
ഐ പി എല്ലിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ വിദേശ താരമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ സുനിൽ നരെയ്ൻ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് വിൻഡീസ് താരമായ നരെയ്ൻ നേട്ടം കൈവരിച്ചത്. ടൂർണമെന്റിൽ അരങ്ങേറിയ 2012 മുതൽ കൊൽക്കത്തയുടെ വിശ്വസ്തനായ താരമാണ് നരെയ്ൻ. ഒരേ ഫ്രാഞ്ചൈസിക്ക് വേണ്ടി ഇത്രയധികം മത്സരങ്ങൾ കളിച്ചുവെന്നത് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
200 മത്സരങ്ങളിൽ 205 വിക്കറ്റുകളാണ് സമ്പാദ്യം. 6.79 എന്ന മികച്ച ഇക്കണോമി നിരക്ക് നരെയ്‌നെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാക്കുന്നു. ഇത്തവണ 13 വിക്കറ്റുകൾ വീഴ്ത്തി.

Latest