Ongoing News
സഞ്ജുവിന്റെ താണ്ഡവം; ഡെൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ട് വിക്കറ്റ് ജയം
52 പന്തിൽ നിന്ന് 7 ഫോറും 6 സിക്സും അടക്കം 87 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു
ന്യൂഡൽഹി | ഐ പി എൽ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈക്ക് അനായാസ വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഡെൽഹിക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓപ്പണർ പതും നിസ്സങ്കയെ (19) മുകേഷ് ചൗധരി പുറത്താക്കി. പിന്നാലെ വന്ന നായകൻ കെ എൽ രാഹുൽ 12 റൺസെടുത്ത് അഖീൽ ഹൊസൈന് വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ കരുൺ നായർ (13), നിതീഷ് റാണ (15), അക്ഷർ പട്ടേൽ (6) എന്നിവർ പരാജയപ്പെട്ടതോടെ ഡെൽഹി 69 ന് 5 എന്ന നിലയിലേക്ക് തകർന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ട്രിസ്റ്റൻ സ്റ്റബ്സും (38) സമീർ റിസ്‌വിയും (40 നോട്ടൗട്ട്) ചേർന്നാണ് സ്കോർ 155 ൽ എത്തിച്ചത്. ചെന്നൈക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ റുതുരാജ് ഗെയ്ക്വാദ് 28 റൺസെടുത്ത് പുറത്തായെങ്കിലും വൺ ഡൗണായി എത്തിയ സഞ്ജു സാംസൺ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 52 പന്തിൽ നിന്ന് 7 ഫോറും 6 സിക്സും അടക്കം 87 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. കാർത്തിക് ശർമ്മ (41) സഞ്ജുവിന് മികച്ച പിന്തുണ നൽകി. ഡെൽഹി നിരയിൽ ലുങ്കി എൻഗിഡിയും കെ എൽ രാഹുലിന്റെ മികച്ചൊരു സ്റ്റംപിംഗിലൂടെ കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീഴ്ത്തി. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈ തങ്ങളുടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തി.
Summary
Chennai Super Kings secured a convincing 8-wicket victory over Delhi Capitals in their IPL 2026 clash at the Arun Jaitley Stadium. Chasing a target of 156, Sanju Samson played a brilliant unbeaten knock of 87 runs off 52 balls to anchor the innings. Earlier, Delhi Capitals were restricted to 155/7 despite late cameos from Sameer Rizvi and Tristan Stubbs. This win significantly boosts CSK’s net run-rate and keeps their playoff hopes alive.







