articles
യു ടൂ ബ്രിട്ടൻ?
യാഥാസ്ഥിതിക കക്ഷിയില്‍ നിന്ന് നഷ്ടമാകുന്ന വോട്ട് ലേബര്‍ പാര്‍ട്ടിയിലേക്കല്ല, വംശീയവാദി പാര്‍ട്ടിക്കാണ് ലഭിക്കുന്നത് എന്നതിന്റെ അര്‍ഥമെന്താണ്? ബ്രിട്ടീഷ് ജനതയിലും ഫാസിസ്റ്റ് ആശയഗതി പിടിമുറുക്കുന്നുവെന്നത് തന്നെ. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന വംശീയ വിഭജന തന്ത്രങ്ങളുടെ ഗുണഭോക്താക്കളായി മാറുകയാണ് തീവ്രവലതുപക്ഷ വാദികള്‍.
ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായി എന്നത് അവിടെ ദേശീയ സര്‍ക്കാര്‍ വീഴാന്‍ പോകുന്നതിന്റെയോ രാഷ്ട്രീയ മണ്ഡലത്തില്‍ സമൂലമാറ്റത്തിന്റെയോ നാന്ദിയായി കാണാനാകില്ല. എന്നാല്‍ പാശ്ചാത്യ, പൗരസ്ത്യ വ്യത്യാസമില്ലാതെ ദേശരാഷ്ട്രങ്ങളെയെല്ലാം വിഴുങ്ങുന്ന തീവ്രവലതുപക്ഷ തരംഗം ബ്രിട്ടനിലും ശക്തിയാര്‍ജിക്കുന്നുവെന്ന ഭീതിദമായ യാഥാര്‍ഥ്യം ഈ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കാണ് വലിയ നഷ്ടമുണ്ടായത്. പ്രതിപക്ഷ കണ്‍സര്‍വേറ്റുകള്‍ക്കും ഗണ്യമായ തിരിച്ചടിയുണ്ടായി. തീവ്രവലതുപക്ഷ കക്ഷിയായ റിഫോം യു കെയാണ് ഈ രണ്ട് പരമ്പരാഗത കക്ഷികളുടെയും വോട്ട് കവര്‍ന്നത്. 136 ഇംഗ്ലീഷ് കൗണ്‍സിലുകളിലേക്കും സ്‌കോട്ടിഷ്, വെല്‍ഷ് പാര്‍ലിമെന്റുകളിലേക്കുമായി ഏകദേശം 5,000 കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ലേബര്‍ പാര്‍ട്ടിക്ക് ഇംഗ്ലണ്ടിലെ 1,500ഓളം കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു. നിരവധി പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 40ഓളം തദ്ദേശ കൗണ്‍സിലുകളുടെ നിയന്ത്രണവും ലേബറുകളുടെ കൈയില്‍ നിന്ന് പോയി. കണ്‍സര്‍വേറ്റുകള്‍ക്ക് നഷ്ടപ്പെട്ടത് 500ലധികം കൗണ്‍സില്‍ സീറ്റുകളാണ്.
കടുത്ത കുടിയേറ്റവിരുദ്ധനും മുസ്‌ലിംവിരുദ്ധനുമായ നിഗല്‍ ഫറാഷിന്റെ റിഫോം യു കെ നടത്തിയ മുന്നേറ്റം പരമ്പരാഗത പാര്‍ട്ടികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന യു കെയുടെ രാഷ്ട്രീയക്രമം അതിന്റെ ഉദാര സമീപനങ്ങളെ മുഴുവന്‍ കൈയൊഴിഞ്ഞ് തീവ്രവലതുപക്ഷത്തേക്ക് ചായുകയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വിജയം. 1,400ലധികം കൗണ്‍സില്‍ സീറ്റുകള്‍ റിഫോം യു കെ നേടി. 14 ലോക്കല്‍ കൗണ്‍സിലുകളുടെ നിയന്ത്രണം കൈക്കലാക്കി. അവര്‍ നേടിയ സീറ്റുകള്‍ പലതും പരമ്പരാഗത ലേബര്‍ അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രങ്ങളിലാണ്. ലേബര്‍ പാര്‍ട്ടിയുടെ നഷ്ടം ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും ഗ്രീന്‍സിനും കൂടി നേട്ടമായിട്ടുണ്ടെന്നും ഫലം വ്യക്തമാക്കുന്നുണ്ട്. സ്‌കോട്ട്‌ലാന്‍ഡ് സ്വയംഭരണ മേഖലയിലെ 129 സീറ്റുകളുള്ള (പ്രവിശ്യാ) പാര്‍ലിമെന്റില്‍ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി 58 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
കണ്‍സര്‍വേറ്റീവുകള്‍ക്ക് 19 സീറ്റുകള്‍ നഷ്ടപ്പെട്ടു. അവിടെ റിഫോം യു കെ 17 സീറ്റുകള്‍ നേടി. 96 സീറ്റുകളുള്ള വെല്‍ഷ് പാര്‍ലിമെന്റില്‍ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലേബര്‍ പാര്‍ട്ടി നേടിയത്. അവിടെ പ്രാദേശിക നാഷനലിസ്റ്റ് പാര്‍ട്ടിയായ പ്ലെയ്ഡ് സിമ്രു 43 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി മാറി. 34 സീറ്റുകളുമായി റിഫോം യു കെയാണ് വെയില്‍സില്‍ രണ്ടാമതെത്തിയത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്ന പതിവ് പ്രതികരണമാണ് ലേബര്‍ പാര്‍ട്ടി മേധാവിയും പ്രധാനമന്ത്രിയുമായ കെയ്്ർ സ്റ്റാര്‍മെര്‍ നടത്തിയത്. “വോട്ടര്‍മാര്‍ നല്‍കുന്ന സന്ദേശം നമ്മെ ചിന്തിപ്പിക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മള്‍ മുന്നോട്ടുള്ള പാത ഒരുക്കണമെന്ന് ഞാന്‍ കരുതുന്നു. വരും ദിവസങ്ങളില്‍ അതാണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്’- സ്റ്റാര്‍മെര്‍ പറയുന്നു.
പ്രാദേശിക തിരഞ്ഞെടുപ്പിലെ ഫലം എതിരായെന്നുവെച്ച് പ്രധാനമന്ത്രിസ്ഥാനം ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാര്‍മെര്‍ പറയുന്ന മുന്നോട്ടുള്ള പാത എന്താണെന്ന് ഈയടുത്ത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എടുത്ത ചില തീരുമാനങ്ങള്‍ മാത്രം നോക്കിയാല്‍ മതി. ഫലസ്തീന്‍ ആക്ടിവിസ്റ്റുകളുടെ സംഘടനയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് അവയില്‍ ഏറ്റവും പ്രധാനം. സിവില്‍ സമൂഹത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായിട്ടും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇന്ത്യയില്‍ ഹിന്ദുത്വ മുന്നേറ്റം തടയാന്‍ മതേതര കക്ഷികള്‍ മൃദു ഹിന്ദുത്വ എടുത്തണിയുന്നതു പോലെയുള്ള പദ്ധതിയാണ് സ്റ്റാര്‍മെറുടെ കൈയിലുമുള്ളത്. കുടിയേറ്റം നിയന്ത്രിക്കുകയും മുസ്‌ലിംകള്‍ക്ക് മേല്‍ കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍മെറെയാകും വരും ദിവസങ്ങളില്‍ കാണുക. തീവ്രവലതുപക്ഷ ആശയഗതികളെ പ്രതിരോധിക്കേണ്ടത് അതിന് വിപരീതത്തില്‍ നില്‍ക്കുന്ന ജനാധിപത്യവും മാനവികതയും ഉയര്‍ത്തിയാകണമെന്ന പാഠം ഈ നേതാക്കള്‍ മറക്കുകയാണ്.
നിഗല്‍ ഫറാഷിന്റെ പാര്‍ട്ടി പ്രാദേശിക തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഒറ്റയടിക്ക് സംഭവിച്ചതല്ല. സ്റ്റാര്‍മെറെ അധികാരത്തിലേറ്റുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ (ടോറികളെ) തൂത്തെറിയുകയും ചെയ്ത 2024ലെ പാർലിമെന്റ് തിരഞ്ഞെടുപ്പില്‍ തന്നെ റിഫോം യു കെയുടെ മുന്നേറ്റം ദൃശ്യമായിരുന്നു. അന്ന് കണ്‍സര്‍വേറ്റുകള്‍ക്ക് 20 ശതമാനത്തിലേറെ വോട്ട് നഷ്ടപ്പെട്ടു. ഇതില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ലേബറുകള്‍ക്ക് കിട്ടിയുള്ളൂ. നേട്ടം കൊയ്തത് റിഫോം യു കെയായിരുന്നു. അന്ന് ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ഈ പാര്‍ട്ടി 14 ശതമാനം വോട്ട് നേടി. റിഫോം യു കെക്ക് അന്ന് അഞ്ച് സീറ്റേ നേടാനായുള്ളൂവെങ്കിലും മിക്ക മണ്ഡലങ്ങളിലും അവര്‍ സാന്നിധ്യമറിയിച്ചു. പക്കാ വര്‍ഗീയവാദി പാര്‍ട്ടിയാണിത്.
കുടിയേറ്റവിരുദ്ധതയെ മുസ്‌ലിംവിരുദ്ധതയാക്കി മാറ്റുകയാണ് ഇവര്‍ ചെയ്തത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം രാജ്യത്തെ കറുത്ത വര്‍ഗക്കാരും മുസ്‌ലിംകളുമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. സയണിസ്റ്റുകളെ ക്രൂരമായി ന്യായീകരിക്കുന്നവരുമാണിവര്‍. യൂറോപ്പിലാകെ ഇത്തരം കക്ഷികള്‍ നേടുന്ന മേല്‍ക്കൈ ഒരു പൊതുപ്രവണതയാണ്. ഈ പ്രതിഭാസം തന്നെയാണ് ബ്രിട്ടനിലും അരങ്ങേറിയിരിക്കുന്നത്. യാഥാസ്ഥിതിക കക്ഷിയില്‍ നിന്ന് നഷ്ടമാകുന്ന വോട്ട് ലേബര്‍ പാര്‍ട്ടിയിലേക്കല്ല, വംശീയവാദി പാര്‍ട്ടിക്കാണ് ലഭിക്കുന്നത് എന്നതിന്റെ അര്‍ഥമെന്താണ്? ബ്രിട്ടീഷ് ജനതയിലും ഫാസിസ്റ്റ് ആശയഗതി പിടിമുറുക്കുന്നുവെന്നത് തന്നെ. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന വംശീയ വിഭജന തന്ത്രങ്ങളുടെ ഗുണഭോക്താക്കളായി മാറുകയാണ് തീവ്രവലതുപക്ഷ വാദികള്‍.
ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ രാജ്യത്തിന്റെ സംവാദമണ്ഡലത്തില്‍ വാരിവിതറിയ വാദഗതികളില്‍ തീവ്ര വലതുപക്ഷയുക്തികള്‍ എമ്പാടുമുണ്ടായിരുന്നു. അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ബ്രിട്ടന്‍ ഇ യുവില്‍ നിന്ന് പുറത്ത് കടക്കണമെന്ന് വാദിച്ച “യെസ്’ പക്ഷത്ത് അടിയുറച്ച് നിന്നത്. രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കുടിയേറ്റവും ഇ യുവിനോട് സഹകരിക്കുന്നതുമാണെന്ന് ടോറികള്‍ പറഞ്ഞു പരത്തി. യൂറോപ്യന്‍ യൂനിയനില്‍ അംഗമായിരിക്കുവോളം കുടിയേറ്റക്കാരെ നിയന്ത്രിക്കാനാകില്ലെന്ന് അവര്‍ വിളിച്ചു കൂവി.
ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്ത് എത്തുന്ന അഭയാര്‍ഥികള്‍ അതിര്‍ത്തികള്‍ ഓരോന്നും കടന്ന് ബ്രിട്ടനില്‍ എത്തുമെന്നായിരുന്നു ലോജിക്. വികസിത രാജ്യമെന്ന മേല്‍വിലാസത്തില്‍ ജീവിക്കുന്നുവെങ്കിലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്ന ബ്രിട്ടീഷ് ജനതയില്‍ നല്ലൊരു ശതമാനം ഇത് വിശ്വസിച്ചു. അവരുടെ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ വര്‍ഗീയതയും മുസ്‌ലിംവിരുദ്ധതയും ഈ വിശ്വാസത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചു. അങ്ങനെയാണ് ബ്രക്‌സിറ്റ് സാധ്യമായത്.
കണ്‍സര്‍വേറ്റുകള്‍ (ടോറികള്‍) പ്രസരിപ്പിച്ച കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും കൂടുതല്‍ ശക്തിയോടെ പരത്തുകയാണ് റിഫോം യു കെ ചെയ്തത്. ലേബര്‍ പാര്‍ട്ടി പോലും ഇസ്‌റാഈലിനെ വ്യക്തമായി തള്ളിപ്പറയാന്‍ തയ്യാറായില്ല എന്ന് കാണണം. പരമ്പരാഗത പാര്‍ട്ടികള്‍ താത്കാലിക ലാഭത്തിനായി നടത്തുന്ന നയവ്യതിയാനങ്ങളുടെ നേട്ടം കൊയ്യുക തീവ്ര വലതുപക്ഷ പാര്‍ട്ടികളായിരിക്കും. ജോ ബൈഡന്‍ യുദ്ധോത്സുക നയം എടുത്തണിഞ്ഞപ്പോള്‍ യു എസില്‍ വഴിയൊരുങ്ങിയത് ട്രംപിന്റെ രണ്ടാമൂഴത്തിനാണ്. ഫ്രാന്‍സിലെ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്ന് വിശേഷിപ്പിക്കാവുന്ന മാരിനെ ലീപെന്നിനെ തോല്‍പ്പിക്കാന്‍ ഇമ്മാനുവേല്‍ മാക്രോണ്‍ മൃദു മാരിനെ ആകുകയാണല്ലോ ചെയ്തത്. ഇന്ത്യയിലേക്ക് വന്നാല്‍ ഇത് കൂടുതല്‍ തെളിച്ചത്തോടെ കാണാം. ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച വഞ്ചനാപരമായ നയം ബി ജെ പിക്ക് ശക്തിപകര്‍ന്നു. രണ്ട് സീറ്റില്‍ നിന്നിരുന്ന ബി ജെ പി രാജ്യത്താകെ വേരുകളുള്ള പാര്‍ട്ടിയായി മാറി. എല്ലാ മതേതര തുരുത്തുകളിലേക്കും അവര്‍ കടന്നു കയറുകയാണ്. ഈ തേരോട്ടത്തെ പ്രതിരോധിക്കേണ്ട മതേതര പാര്‍ട്ടികള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഹിന്ദുത്വക്ക് പകരം മൃദുഹിന്ദുത്വ പയറ്റാമെന്ന ലളിതയുക്തിയിലേക്കാണ് ഈ ആശയക്കുഴപ്പം അവരെ നയിക്കുന്നത്.







