Connect with us

Articles

മാവോയിസ്റ്റുകളുടെ കാലം കഴിയുന്നു?

അക്രമങ്ങളിലെ കുറവ് സ്ഥിതിവിവരക്കണക്കുകളില്‍ മാത്രമല്ല, സംഘര്‍ഷത്തിന്റെ സ്വഭാവത്തിലും പ്രകടമാണ്. ഒരുകാലത്ത് സ്ഥിരമായി നടന്നിരുന്ന അക്രമങ്ങള്‍ ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുന്നു. സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണസംഖ്യ കുത്തനെ കുറഞ്ഞു. 2026ലെ ആദ്യകാല സൂചനകള്‍ പ്രകാരം, ദീര്‍ഘകാലം പോരാട്ടം തുടരാന്‍ ശേഷിയുള്ള സംഘടിത രൂപം ഇന്ന് പ്രസ്ഥാനത്തിനില്ല. ചിതറിപ്പോയതും ഇടക്കിടെ മാത്രം സംഭവിക്കുന്നതുമായ ചില അക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

Published

|

Last Updated

ര്‍ഷങ്ങളോളം ഇന്ത്യയിലെ മാവോയിസ്റ്റ് കലാപം രാജ്യത്തെ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ അധികാരപരിധിക്കപ്പുറമുള്ള വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നു. ഇത് കേവലം ഒരു ക്രമസമാധാന പ്രശ്നം മാത്രമായിരുന്നില്ല; മറിച്ച് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഭരണപരമായ വിടവുകള്‍, പ്രാദേശിക ജനതക്കിടയിലെ അവഗണന എന്നിവയില്‍ നിന്ന് ശക്തി പ്രാപിച്ച ബഹുമുഖ സംഘര്‍ഷമായിരുന്നു.

ഇന്ന് ആ പോരാട്ടത്തിന്റെ സ്വഭാവം ക്രമാനുഗതവും എന്നാല്‍ നിർണായകവുമായ രീതിയില്‍ മാറിയിരിക്കുന്നു. നാമിന്ന് കാണുന്നത് മാവോയിസത്തിന്റെ പെട്ടെന്നുള്ള ഒരു അന്ത്യമല്ല, മറിച്ച് ഒരുകാലത്ത് മധ്യ- കിഴക്കന്‍ ഇന്ത്യയുടെ സുരക്ഷാ ഭൂപടത്തെ സ്വാധീനിച്ചിരുന്ന ഒരു പ്രസ്ഥാനത്തിന്റെ തകര്‍ച്ചയാണ്.15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇടതുപക്ഷ തീവ്രവാദത്തിന്റെ വ്യാപ്തി ഇന്നത്തേക്കാള്‍ വളരെ വലുതും തീവ്രവുമായിരുന്നു. ആക്രമണങ്ങള്‍ പതിവായിരുന്നു. നാശനഷ്ടങ്ങള്‍ വളരെ കൂടുതലായിരുന്നു. കൂടാതെ വിമത ഗ്രൂപ്പുകളുടെ സ്വാധീനം വലിയ പ്രദേശങ്ങളിലുടനീളം വ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ പലയിടത്തും ഭരണകൂടം പേരിന് മാത്രമാണ് നിലനിന്നിരുന്നത്. ഭരണസംവിധാനങ്ങള്‍ ദുര്‍ബലമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഭരണം പലപ്പോഴും ജില്ലാ ആസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് എത്തിയിരുന്നില്ല. ഭരണകൂടത്തിന്റെ ഈ അഭാവം മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് പ്രാദേശിക സമൂഹത്തില്‍ ആഴത്തില്‍ വേരോടാന്‍ അവസരമൊരുക്കി. അവര്‍ സ്വന്തം നിയമങ്ങള്‍ നടപ്പാക്കുകയും നികുതി പിരിക്കുകയും ചെയ്തു. ഭരണകൂടം ഇല്ലാതിരുന്നയിടങ്ങളില്‍ അവര്‍ ബദല്‍ അധികാര കേന്ദ്രമായി സ്വയം പ്രതിഷ്ഠിച്ചു.

ആ സാഹചര്യം ഇന്ന് ക്രമാനുഗതമായി മാറിമറിഞ്ഞിരിക്കുന്നു. അക്രമങ്ങളിലെ കുറവ് സ്ഥിതിവിവരക്കണക്കുകളില്‍ മാത്രമല്ല, സംഘര്‍ഷത്തിന്റെ സ്വഭാവത്തിലും പ്രകടമാണ്. ഒരുകാലത്ത് സ്ഥിരമായി നടന്നിരുന്ന അക്രമങ്ങള്‍ ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുന്നു. സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണസംഖ്യ കുത്തനെ കുറഞ്ഞു. 2026ലെ ആദ്യകാല സൂചനകള്‍ പ്രകാരം, ദീര്‍ഘകാലം പോരാട്ടം തുടരാന്‍ ശേഷിയുള്ള സംഘടിത രൂപം ഇന്ന് പ്രസ്ഥാനത്തിനില്ല. ചിതറിപ്പോയതും ഇടക്കിടെ മാത്രം സംഭവിക്കുന്നതുമായ ചില അക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പണ്ട് പ്രസ്ഥാനത്തിന്റെ കരുത്തായിരുന്ന ഏകോപനം ഇന്ന് അവര്‍ക്ക് നഷ്ടമായിരിക്കുന്നു.

ഈ മാറ്റം പോരാട്ടത്തിന്റെ നിയന്ത്രണം ആരുടെ കൈവശമാണെന്നതിലെ വലിയൊരു മാറ്റത്തെ സൂചിപ്പിക്കുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ സ്വന്തം ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുകയും പോരാട്ടത്തിന്റെ ഗതി നിശ്ചയിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് സുരക്ഷാ സേന പലപ്പോഴും ആക്രമണങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്തിരുന്നത്. ആ അവസ്ഥ ഇന്ന് പൂർണമായും മാറി. അപ്രാപ്യമെന്ന് കരുതിയ ഇടങ്ങളിലേക്ക് ഭരണകൂടം അതിന്റെ സാന്നിധ്യം വ്യാപിപ്പിച്ചു. മെച്ചപ്പെട്ട രഹസ്യാന്വേഷണ ശൃംഖലകളും നിരന്തരമായ സൈനിക സമ്മർദവും സുരക്ഷാ സേനയെ മുന്‍കൈയെടുക്കാന്‍ പ്രാപ്തരാക്കി. ഇന്ന് ഏറ്റുമുട്ടലുകള്‍ നടക്കുന്നത് വിമതരുടെ താത്പര്യപ്രകാരമല്ല, മറിച്ച് ഭരണകൂടം നിശ്ചയിക്കുന്ന സാഹചര്യങ്ങളിലാണ്.

വിമത നിരയിലെ തകര്‍ച്ചയും ഭരണകൂടത്തിന്റെ തിരിച്ചുവരവും

സൈനികമായ മാറ്റങ്ങള്‍ക്കൊപ്പം തന്നെ, കലാപകാരികളുടെ നിരക്കുള്ളിലും പ്രകടമായ ബലഹീനതകള്‍ ദൃശ്യമായിട്ടുണ്ട്. കീഴടങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രസ്ഥാനത്തിന്റെ ആഭ്യന്തര ആത്മവിശ്വാസത്തിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് കേവലം സൈനികമായ സമ്മർദം മൂലമുള്ള പ്രതികരണമല്ല, മറിച്ച് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഴിവിൽ വിശ്വാസം കുറഞ്ഞതിന്റെ പ്രതിഫലനമാണ്. സായുധ പോരാട്ടമാണ് ശരിയായ വഴിയെന്ന് ഒരുകാലത്ത് വിശ്വസിച്ചിരുന്ന പലര്‍ക്കും ഇന്ന് മുന്നോട്ടുള്ള പാത പരിമിതവും അനിശ്ചിതവുമായി അനുഭവപ്പെടുന്നു.

ഈ കലാപത്തിന്റെ ഭൂമിശാസ്ത്രപരമായ ചുരുങ്ങല്‍ അതിന്റെ തകര്‍ച്ചയുടെ മറ്റൊരു വ്യക്തമായ സൂചനയാണ്. ഛത്തീസ്ഗഢ്, പ്രത്യേകിച്ച് ബസ്തര്‍ മേഖല, ദീര്‍ഘകാലമായി മാവോയിസ്റ്റ് സ്വാധീനത്തിന്റെ കേന്ദ്രമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. അവിടെ ഇപ്പോഴുണ്ടാകുന്ന മാറ്റങ്ങളിൽ എല്ലാം വ്യക്തമാണ്. ഒരുകാലത്ത് ഭരണകൂടത്തിന്റെ ഫലപ്രദമായ പരിധിക്കുപുറത്തായിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ സുസ്ഥിരമായ സുരക്ഷാ പ്രവര്‍ത്തനങ്ങളും ഭരണപരമായ പുനഃസംയോജനവും നടക്കുന്നുണ്ട്.

തെലങ്കാനയുടെയും മഹാരാഷ്ട്രയുടെയും ഭാഗങ്ങളടക്കമുള്ള മറ്റു പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പരിമിതമായ നിലയിലേക്ക് കുറഞ്ഞു. ഇത് വെറും ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല, മറിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഈ പ്രസ്ഥാനത്തെ സഹായിച്ചിരുന്ന ശൃംഖലകള്‍ തകര്‍ക്കപ്പെട്ടതിനെ കൂടിയാണ് സൂചിപ്പിക്കുന്നത്.
അതിന്റെ ഉച്ചസ്ഥായിയില്‍, ഈ കലാപംഒരു വലിയ ജില്ലകളുടെ മേഖലയിലുടനീളം വ്യാപിച്ചു കിടന്നിരുന്നു. ഇതിനെ പലപ്പോഴും ഒരു “തുടര്‍ച്ചയായ സ്വാധീന മേഖല’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ തുടര്‍ച്ച തകര്‍ന്നിരിക്കുന്നു.

മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിധ്യം വളരെ കുറഞ്ഞ ഇടങ്ങളിലായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ പോലും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് തടയപ്പെട്ടിരിക്കുന്നു. ഭരണകൂടത്തിന്റെ അധികാരം തീരെ ഇല്ലാതിരുന്ന “വിമോചിത മേഖലകള്‍’ എന്ന സങ്കൽപ്പം ക്രമേണ ഇല്ലാതാകുകയും പകരം അവിടെ ഭരണസംവിധാനം തിരിച്ചുവരികയും ചെയ്യുന്നു. ഈ വലിയ മാറ്റത്തിന്റെ പ്രധാന കാരണം കഴിഞ്ഞ പതിറ്റാണ്ടില്‍ ഭരണകൂടം സ്വീകരിച്ച തന്ത്രങ്ങളിലെ മാറ്റമാണ്.

മാവോയിസ്റ്റ് തീവ്രവാദത്തോടുള്ള പ്രതികരണം കേവലം സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ, നിയമപാലനവും സുസ്ഥിരമായ ഭരണവും കൂടിച്ചേര്‍ന്ന വിശാലമായ സമീപനമായി മാറി. ഈ പ്രക്രിയയില്‍ അടിസ്ഥാന സൗകര്യവികസനം നിർണായക പങ്കുവഹിച്ചു. റോഡ് ശൃംഖലകളുടെ വിപുലീകരണം ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. ഇത് ഉള്‍നാടന്‍ പ്രദേശങ്ങളെ സുരക്ഷാ സേനക്ക് മാത്രമല്ല, സേവനങ്ങള്‍ക്കും വിപണികള്‍ക്കും കൂടി പ്രാപ്യമാക്കി. ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ മുമ്പ് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചു.

സാമ്പത്തികമായ കൂട്ടിച്ചേര്‍ക്കലുകളും സമാനമായ ഒരു പാതയാണ് പിന്തുടരുന്നത്. ബേങ്കിംഗ് സേവനങ്ങളുടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനം, ഒരുകാലത്ത് അനൗദ്യോഗിക സംവിധാനങ്ങളും വിമത നിയന്ത്രിത രീതികളും ആധിപത്യം പുലര്‍ത്തിയിരുന്ന ഇടങ്ങളിലേക്ക് ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയെ എത്തിച്ചു. വരുമാനത്തിനും മറ്റുമായി ഔദ്യോഗിക മാര്‍ഗങ്ങള്‍ ലഭ്യമായതോടെ, പ്രാദേശിക സമൂഹങ്ങള്‍ക്ക് മറ്റു സമാന്തര സംവിധാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞു. ഈ മാറ്റം, ദീര്‍ഘകാലം നിലനില്‍ക്കാന്‍ കലാപകാരികളെ സഹായിച്ചിരുന്ന പ്രധാന തൂണുകളില്‍ ഒന്നിനെ തകര്‍ത്തു.

സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഈ മാറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. ഗോത്രവര്‍ഗ മേഖലകളില്‍ സ്‌കൂളുകളും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടതോടെ ഭരണകൂടത്തിന്റെ സാന്നിധ്യം ദൃശ്യവും സ്ഥിരവുമായി മാറി. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ബോധവത്കരണ പരിപാടികളും ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രകടമായ പുരോഗതി കൊണ്ടുവന്നു. ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന ആവശ്യങ്ങള്‍ ഇതോടെ പരിഹരിക്കപ്പെട്ടു. ഈ ഇടപെടലുകളുടെ വ്യാപ്തി എല്ലായിടത്തും ഒരുപോലെയല്ലെങ്കിലും, വിശ്വാസം വീണ്ടെടുക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഭരണകൂടം എന്നത് വിദൂരമായ ഒന്നാണെന്ന ധാരണ മാറി. അത് തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന അനുഭവം ജനങ്ങള്‍ക്കുണ്ടായി. ഭരണകൂടത്തിന്റെ വളരുന്ന സാന്നിധ്യം രാഷ്ട്രീയ പങ്കാളിത്തത്തിന്റെ രീതികളെയും മാറ്റിമറിച്ചു. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ ചരിത്രപരമായി അക്രമങ്ങളാല്‍ തടസ്സപ്പെടാറുള്ളവയായിരുന്നു. ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാനായിരുന്നു വിമത ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചത് പൊതുജനങ്ങളുടെ താത്പര്യത്തിലുണ്ടായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഔദ്യോഗിക രാഷ്ട്രീയത്തിന്റെ അരികുകളില്‍ നിന്നിരുന്ന സമൂഹങ്ങള്‍ ഇപ്പോള്‍ സജീവമായി പങ്കുചേരാന്‍ തുടങ്ങിയിരിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായതോടെ, പരാതികള്‍ പരിഹരിക്കാന്‍ വ്യവസ്ഥക്ക് പുറത്തുള്ള വഴികള്‍ തേടുന്നതിന് പകരം വ്യവസ്ഥക്കുള്ളില്‍ തന്നെ അവസരങ്ങള്‍ കൈവന്നു.

ഭരണനിര്‍വഹണവും ജനപങ്കാളിത്തവും തമ്മിലുള്ള പരസ്പരബന്ധം ഇവിടെ നിർണായകമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ വിശ്വസനീയമാകുമ്പോള്‍ അവക്ക് ജനാംഗീകാരം ലഭിക്കുകയും അത് കൂടുതല്‍ പൊതുപങ്കാളിത്തത്തിന് വഴിതെളിക്കുകയും ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നു. കാലക്രമേണ ഈ പ്രക്രിയ ആ പ്രദേശങ്ങളിലെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാക്കി. ഭരണകൂടം എന്നത് കേവലം അധികാരം പ്രയോഗിക്കുന്ന ഒന്നല്ല, മറിച്ച് സേവനങ്ങള്‍ നല്‍കാനും ആവശ്യങ്ങളോട് പ്രതികരിക്കാനും കഴിയുന്ന സംവിധാനമാണെന്ന ധാരണ പടര്‍ന്നു.

എന്നിരുന്നാലും ഈ പോരാട്ടത്തിന്റെ അവസാന ഘട്ടം ഇനിയും പൂര്‍ത്തിയാകാനുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയുള്ള ചിലയിടങ്ങളില്‍ ഇപ്പോഴും വിമത സാന്നിധ്യമുണ്ട്. അവിടെ ഭരണനിര്‍വഹണം പൂർണതോതില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയത്തിന് കാരണമായ സാമ്പത്തിക അസമത്വവും പ്രാദേശിക പരാതികളും പൂർണമായും ഇല്ലാതായിട്ടില്ല. ഇവ പരിഹരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നത് വീണ്ടും ഒരു തിരിച്ചുവരവ് തടയാന്‍ അത്യാവശ്യമാണ്.

ഇന്ന് ഇന്ത്യയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരു സായുധ പ്രസ്ഥാനത്തിന്റെ തകര്‍ച്ച മാത്രമല്ല, മറിച്ച് ഒരു ഏകീകരണ പ്രക്രിയ കൂടിയാണ്. ഭരണനിര്‍വഹണത്തിന്റെ വ്യാപനം, ജനാധിപത്യ പങ്കാളിത്തത്തിന്റെ കരുത്ത്, സുരക്ഷാ നടപടികളുടെ കൃത്യമായ നടപ്പാക്കല്‍ എന്നിവ ചേര്‍ന്ന് ഒരുകാലത്ത് സംഘര്‍ഷഭരിതമായിരുന്ന പ്രദേശങ്ങളെ മാറ്റിമറിച്ചു. മാവോയിസ്റ്റ് തീവ്രവാദത്തിന്റെ അന്ത്യം എന്നത് ഒരു ഒറ്റപ്പെട്ട സംഭവമായിരിക്കില്ല, മറിച്ച് ഭരണകൂടത്തിന് അപ്രാപ്യമെന്ന് കരുതിയ ഇടങ്ങള്‍ നിശബ്ദമായി സാധാരണ നിലയിലേക്ക് മടങ്ങുന്ന ഒന്നായിരിക്കും അത്.

Content Highlights:
India is witnessing a decisive decline in Maoist insurgency as the movement loses its organized structure and coordination across the once-volatile Red Corridor. This shift is attributed to a combination of relentless military pressure from security forces and the strategic expansion of state governance into remote areas. Significant improvements in rural infrastructure, including roads, telecommunications, and healthcare, have successfully restored public trust and integrated marginalized communities into the democratic mainstream.

Latest