Kerala
മുഖ്യമന്ത്രി നാളെ; പാര്‍ലിമെന്ററി പാര്‍ട്ടി യോഗം കെ പി സി സി ആസ്ഥാനത്ത്
മുഴുവന്‍ എം എല്‍ എമാരോടും യോഗത്തിനെത്താന്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം
തിരുവനന്തപുരം | കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എ ഐ സി സി അറിയിച്ചിരിക്കെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് കെ പി സി സി ആസ്ഥാനത്തു ചേരും. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍ ഉണ്ടായേക്കാവുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് യോഗം.
മുഴുവന്‍ എം എല്‍ എമാരോടും യോഗത്തിനെത്താന്‍ കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ചുനില്‍ക്കുകയാണ്. പാണക്കാട് നടന്ന നിര്‍ണായകമായ ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്.
കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മുമ്പൊരു കാലത്തും മുസ്്‌ലിം ലീഗ് അഭിപ്രായം പറയാറില്ല. മുസ്്‌ലിം ലീഗ് സ്വീകരിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണ്. എന്നാല്‍ മുഖ്യമന്ത്രി യു ഡി എഫിന്റെ മുഖ്യമന്ത്രിയാണെന്ന അധികാരമാണ് തങ്ങള്‍ വിനിയോഗിക്കുന്നത് എന്ന നിലപാടിലാണ് ലീഗ്.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവും നാളെ ഉണ്ടാവുമെന്നു ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം യാത്ര മാറ്റി. കേരളത്തതില്‍ നിന്ന് വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ നിന്നെത്തിയ നേതാക്കളില്‍ ഭൂരിപക്ഷവും കെ സി വേണുഗോപാലിന്റെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ചിട്ടത് പോലെ നിന്നത് അതിന്റെ തെളിവാണെന്നും നേതാക്കള്‍ രാഹുലിനെ അറിയിച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ അണികളെ തെരുവിലിറക്കാന്‍ ചരടുവലിക്കുന്ന കേന്ദ്രങ്ങള്‍ ഏതാണെന്നു കണ്ടെത്താന്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുമാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇത്തം നീക്കങ്ങള്‍ നിയന്ത്രിക്കാനാണ് എം എല്‍ എ മാരെ വിളിച്ചു ചേര്‍ക്കുന്നത് എന്നാണ് വിവരം.







