Kerala
കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
ഈ മാസം 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു
കാസര്‍കോട് | കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു. നാല് തൊഴിലാളികള്‍ക്കും കുത്തേറ്റു. പനത്തടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ബളാംന്തോട് ചാമുണ്ഡിക്കുന്നിലെ സി വിജയകുമാര്‍ (56) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്കും കുത്തേറ്റുവെങ്കിലും ഇവര്‍ക്ക് അപകടമില്ല.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ചാമുണ്ഡിക്കുന്ന് കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തില്‍ കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികള്‍ക്കടുത്തേക്ക് പോയതായിരുന്നു വിജയകുമാര്‍. ഇതിനിടെ പെരുന്തേനീച്ചക്കൂട്ടം ഇളകിയെത്തി വിജയകുമാറിനെയും തൊഴിലാളികളെയും അക്രമിക്കുകയായിരുന്നു.സമീപത്തെ കൃഷിയിടത്തിലെ തെങ്ങിന്‍ ചുവട്ടില്‍ ബോധരഹിതനായി കണ്ടെത്തിയ വിജയകുമാറിനെ ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസം 31ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു







