Connect with us

Ongoing News

ലോകകപ്പ് 2026: പ്രൈസ് മണി വര്‍ധിപ്പിക്കാനൊരുങ്ങി ഫിഫ

വിഷയത്തില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി ഫിഫ ചര്‍ച്ച നടത്തിവരികയാണ്.

Published

|

Last Updated

സൂറിച്ച് | ലോകകപ്പ്-2026ലെ പ്രൈസ് മണി വര്‍ധിപ്പിക്കുന്നത് ഫിഫയുടെ പരിഗണനയില്‍. വിഷയത്തില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകളുമായി ഫിഫ ചര്‍ച്ച നടത്തിവരികയാണ്.

വരുന്ന ലോകകപ്പിലെ പ്രൈസ് മണി വര്‍ധിപ്പിക്കണമെന്ന യൂറോപ്യന്‍ ടീമുകളുടെ അഭ്യര്‍ഥനകള്‍ പരിഗണിച്ചാണ് നീക്കം. കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന 76-ാമത് ഫിഫ കോണ്‍ഗ്രസ്സിനു മുന്നോടിയായി നാളെ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം അംഗീകരിച്ചേക്കും.

2026 ലോകകപ്പ് പ്രൈസ് ഫണ്ടായി റെക്കോര്‍ഡ് തുകയാണ് കഴിഞ്ഞ ഡിസംബറില്‍ ഫിഫ പ്രഖ്യാപിച്ചത്-727 ദശലക്ഷം ഡോളര്‍. ചാമ്പ്യന്മാരാകുന്ന ടീമിന് 50 ദശലക്ഷം ഡോളര്‍ ലഭിക്കും. മത്സരിക്കുന്ന ഓരോ ടീമിനും 10.5 ദശലക്ഷം ഡോളറാണ് ലഭിക്കുക.

ലോകകപ്പിന് ആതിഥേയത്വമരുളുന്ന രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യു എസിലേക്കുള്ള യാത്ര, പ്രവര്‍ത്തനങ്ങള്‍, നികുതി, എന്നീ ഇനത്തിലെ ചെലവ് കണക്കിലെടുത്ത് ടീമുകള്‍ക്കുള്ള തുക വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് തങ്ങളുടെ നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടതായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി (UEFA) ഫിഫയെ അറിയിച്ചിരുന്നു. കാനഡയും മെക്‌സിക്കോയുമാണ് ലോകകപ്പ്-2026ന് ആതിഥേയത്വം വഹിക്കുന്ന മറ്റ് രണ്ട് രാഷ്ട്രങ്ങള്‍.

2023 മുതല്‍ 26 വരെയുള്ള നാലുവര്‍ഷ ചക്രത്തില്‍ ഫിഫയുടെ റവന്യൂ വരുമാനം 1,100 കോടി ഡോളര്‍ കടന്നിട്ടുണ്ട്.

Latest