Kerala
യു ഡി എഫിലെ മുഖ്യമന്ത്രി ചര്‍ച്ച: നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും
സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തി പ്രഖ്യാപനം.
കോഴിക്കോട് | യു ഡി എഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് യു ഡി എഫിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളുടെ സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ചെമ്മാട് നടന്ന സമ്മേളനത്തില്‍ എസ് എം എഫ് നേതാവ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍ നടത്തിയ പരാമര്‍ശമാണ് പുതിയ ചര്‍ച്ചക്ക് ആധാരം. ‘നാലാം തീയതി പെട്ടി പൊളിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയാവു’മെന്നായിരുന്നു പ്രസംഗം. പി കെ കുഞ്ഞാലിക്കുട്ടിയേയും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളേയും വേദിയിലിരുത്തിക്കൊണ്ട് മശ്ഹൂര്‍ തങ്ങള്‍ നടത്തിയ പ്രസംഗത്തോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന നേതൃയോഗത്തില്‍ വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാനാണ് മുസ്‌ലിം ലീഗ് തീരുമാനം. ലീഗ് സതീശനെ പിന്തുണക്കുന്നുവെന്ന കാര്യം പുറത്തു വന്നതോടെ കോണ്‍ഗ്രസ്സിലെ കെ സി, ചെന്നിത്തല വിഭാഗങ്ങള്‍ ലീഗിനെതിരെ തിരിയുന്ന സാഹചര്യമുണ്ട്. കോണ്‍ഗ്രസ്സിന്റെ അധികാരത്തില്‍ ലീഗ് ഇടപെടുന്നുവെന്ന ആക്ഷേപമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുന്നത്. ഇതിനെല്ലാം പുറമെ, ജമാഅത്തെ ഇസ്‌ലാമിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാമര്‍ശവും ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്നുണ്ട്.
കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിക്കണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശന താക്കീത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ചിത്രത്തിലേക്ക് മുസ്‌ലിം ലീഗ് കൂടി കടന്നുവന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി തന്നെ യാഥാര്‍ഥ്യമാവുമെങ്കിലും യു ഡി എഫിലെ പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവ് എന്ന നിലക്ക് കുഞ്ഞാലിക്കുട്ടിയെ കൂടി മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് നിലവില്‍ മുസ്‌ലിം ലീഗ്.

