Connect with us

Kerala

'നിപ ഫലം വന്നിട്ടും അറിയിച്ചില്ല; അരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് തുരപ്പന്‍ പണി കാണിച്ചതിനാല്‍'

രാജ്യത്ത് തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിര്‍ മരുന്ന് ഇന്നലെ രാത്രി എത്തിക്കുകയും ആദ്യ ഡോസ് നല്‍കുകയും ചെയ്‌തെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരവെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിപ സ്ഥിരീകരിച്ച രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിന്‍ മരുന്ന് നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് തന്നെ ലഭ്യമല്ലാതിരുന്ന റെംഡിവിര്‍ മരുന്ന് ഇന്നലെ രാത്രി എത്തിക്കുകയും ആദ്യ ഡോസ് നല്‍കുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ചയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആരോഗ്യവകുപ്പ് ഡയറക്ടര്‍ (ഡി എച്ച് എസ്) ആയിരുന്ന ഡോ. റീനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. താന്‍ അന്ന് വൈകിട്ട് 5.30 ന് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ എനിക്ക് ഫലം ലഭിച്ചിരുന്നില്ല. എന്നാല്‍ തന്നോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡി എച്ച് എിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസള്‍ട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നും, പിന്നീട് ആറ് മണിയോടെയാണ് അവര്‍ വിവരം പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡി എച്ച് എസ് സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്നും വകുപ്പില്‍ ചിലര്‍ തുരപ്പന്‍ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ തുരപ്പന്‍ പണി കാണിച്ചതുകൊണ്ടാണ് ഡി എച്ച് എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി പറഞ്ഞു

 

നിപയുടെ സെന്‍ട്രലൈസ്ഡ് സ്റ്റഡിക്കായാണ് താന്‍ തിരുവനന്തപുരത്ത് തന്നെ തുടര്‍ന്നതെന്നും എല്ലാവരെയും ഒന്നിച്ച് കോര്‍ഡിനേറ്റ് ചെയ്യാന്‍ എളുപ്പം തിരുവനന്തപുരത്താണെന്നും അദ്ദേഹം പറഞ്ഞു. നിപ പ്രതിരോധ സ്ഥലത്ത് എത്തിയില്ലെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയമായി തന്നെ ആക്രമിച്ചാല്‍ പേടിക്കില്ലെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest