Articles
അനിവാര്യമാണ് മെന്റര്‍ അധ്യാപികമാര്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ ഏപ്രില്‍ മാസം ആദ്യത്തിലും മെന്റര്‍ അധ്യാപികമാരുടെ കരാര്‍ പുതുക്കുന്ന രീതിയാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്. പക്ഷേ, ഇത്തവണ പ്രവേശനോത്സവ ദിനത്തില്‍ വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട മെന്റര്‍ അധ്യാപികമാര്‍ വന്നില്ല. 308 മെന്റര്‍ അധ്യാപികമാരെ പിരിച്ചുവിടുകയായിരുന്നു. ഒമ്പത് വര്‍ഷത്തോളം മെന്റര്‍ അധ്യാപകരായി ജോലി ചെയ്യുന്ന വയനാട്ടിലെ 241 പേര്‍ക്കും പാലക്കാട് 50 പേര്‍ക്കും മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും ജോലി നഷ്ടമായി.
തുല്യതയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഇന്ത്യന്‍ ഭരണഘടന പ്രോത്സാഹിപ്പിക്കുന്നത്. ഒരു സമൂഹത്തിന്റെ നാനാര്‍ഥത്തിലുള്ള വിപുലീകരണത്തിന് വിദ്യാഭ്യാസമുള്ള യുവത്വത്തിന്റെ പങ്ക് ചെറുതല്ല എന്ന അനിവാര്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസം പ്രാഥമികതലത്തില്‍ ഭരണഘടന ഒരുക്കുന്നത്. കേരളത്തിന്റെ പരിതസ്ഥിതിയിലേക്ക് വന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം മുതല്‍ 1.5 ശതമാനം വരെ ആദിവാസി ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവരാണ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് പലപ്പോഴും ആദിവാസി ഗോത്ര വിഭാഗ വിദ്യാര്‍ഥികള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് പത്ത് വര്‍ഷം മുമ്പ് വരെ കേരളത്തില്‍ നിലനിന്നിരുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ഗോത്ര വിഭാഗങ്ങള്‍ കേരളത്തിന്റെ മുഖ്യധാരാ വിദ്യാഭ്യാസ ഇടങ്ങളില്‍ നിന്ന് പിന്‍വലിയുന്ന അവസ്ഥയുണ്ടായിരുന്നു. ഈ അവസ്ഥയില്‍ നിന്ന് മുക്തി പ്രതീക്ഷിച്ചായിരുന്നു 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഗോത്ര ബന്ധു, ഗോത്ര സാരഥി, ഊരു വിദ്യാ കേന്ദ്രങ്ങള്‍ തുടങ്ങിയവ അതില്‍ പ്രധാനമാണ്.
പ്രൈമറി ക്ലാസ്സുകളില്‍ ആദിവാസി വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകാനോ വിദ്യാലയങ്ങളില്‍ വരാതിരിക്കാനോ ഉള്ള കാരണങ്ങളില്‍ ഒന്ന് ഭാഷാ പ്രശ്‌നമായിരുന്നു. വിദ്യാലയങ്ങളിലെ മലയാളഭാഷ എളുപ്പം കൈകാര്യം ചെയ്യാന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സാധിച്ചില്ല. ഒപ്പം തന്നെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും കൊഴിഞ്ഞുപോക്കിന് കാരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിന് ശാശ്വതമായ പ്രതിവിധിയെന്നോണമാണ് ഗോത്ര ബന്ധു പദ്ധതി ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് ഗോത്ര ബന്ധു പദ്ധതിയിലൂടെ ആദിവാസി ഗോത്ര വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ കൃത്യമായി വിദ്യാലയങ്ങളില്‍ എത്തിക്കുക, ഇതര സമുദായങ്ങളിലെ കുട്ടികളുമായി സാമൂഹിക സമ്പര്‍ക്കം നടത്തുക, ഭാഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിദ്യ പകരുക തുടങ്ങിയ അനേകം സംഗതികളാണ് ലക്ഷ്യമിട്ടത്. അതിനു വേണ്ടി മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുകയും ചെയ്തു. ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി വസിക്കുന്ന വയനാട് തന്നെയായിരുന്നു പദ്ധതിയുടെ പരീക്ഷണ കേന്ദ്രം. 214 മെന്റര്‍ അധ്യാപികമാരെ വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലായി നിയമിച്ചു. പരീക്ഷണം വിജയകരമായതോടെ പാലക്കാട് 56ഉം മലപ്പുറം നിലമ്പൂരില്‍ 29ഉം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുകയുണ്ടായി. 2016 മുതല്‍ ഇങ്ങോട്ട് 326 മെന്റര്‍ ടീച്ചര്‍മാര്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലായി നിയമിക്കപ്പെട്ടു എന്നാണ് കണക്കുകള്‍. പ്രധാനമായും പിന്നാക്ക വിഭാഗങ്ങളായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളില്‍പ്പെട്ടവരാണ് അധ്യാപകരില്‍ സിംഹഭാഗവും. ഇതുവഴി സാധ്യമായത് ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനവും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നല്‍കിയുള്ള സാമ്പത്തികമായ ഉന്നമനവുമാണ്. രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് ഇത്തരമൊരു വേറിട്ട പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയത് എന്ന് പറയപ്പെടുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ ഏപ്രില്‍ മാസം ആദ്യത്തിലും മെന്റര്‍ അധ്യാപികമാരുടെ കരാര്‍ പുതുക്കുന്ന രീതിയാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്. പക്ഷേ, ഇത്തവണ പ്രവേശനോത്സവ ദിനത്തില്‍ വിദ്യാലയങ്ങളില്‍ നിയമിക്കപ്പെട്ട മെന്റര്‍ അധ്യാപികമാര്‍ വന്നില്ല. 308 മെന്റര്‍ അധ്യാപികമാരെ പിരിച്ചുവിടുകയായിരുന്നു. ഒമ്പത് വര്‍ഷത്തോളം മെന്റര്‍ അധ്യാപകരായി ജോലി ചെയ്യുന്ന വയനാട്ടിലെ 241 പേര്‍ക്കും പാലക്കാട് 50 പേര്‍ക്കും മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും ജോലി നഷ്ടമായി.
ആദിവാസി ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം കേരളത്തിന് അനിവാര്യമാണ്. ഒരുവിധം പച്ചപിടിച്ച് വരുന്ന കേരളത്തിലെ ഗോത്ര വിദ്യാര്‍ഥികളുടെ പഠനമാണ് പിരിച്ചുവിടല്‍ വഴി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടേണ്ടി വരിക. വിവേചനരഹിതമായ വിദ്യാഭ്യാസ അവസരം എന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് സമാനമായ നടപടിയാണിത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് കണക്കുകള്‍ പ്രകാരം ആയിരത്തോളം ആദിവാസി വിദ്യാര്‍ഥികള്‍ പഠന കാലയളവിനിടയില്‍ കൊഴിഞ്ഞുപോയിരുന്നുവത്രെ. പദ്ധതി മൂലം കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. പദ്ധതി മുടങ്ങിയാല്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വീണ്ടും തുടങ്ങും. കേരളത്തിന് അതൊട്ടും ഭൂഷണമല്ല.
21,900 രൂപ വേതനത്തിലാണ് മെന്റര്‍ അധ്യാപികമാര്‍ ജോലി ചെയ്യുന്നത്. ഇത് തൊഴിലവസരവും സാമ്പത്തിക പിന്തുണയുമാണ് ഉറപ്പ് വരുത്തുന്നത്. ഗോത്ര ബന്ധു പദ്ധതി നിര്‍ത്തലാക്കുന്നത് മൂലം ഗോത്ര വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ തോതിലെങ്കിലും ഉള്ള സാമ്പത്തിക പിന്തുണ ഇല്ലാതാകും. വിദ്യാഭ്യാസ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണ് കേരളത്തിന് ആവശ്യം. അതിനുള്ള നടപടികളാണ് ഭരണകൂടത്തില്‍ നിന്നും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും ഉണ്ടാകേണ്ടത്. ഈ പദ്ധതിയെ വഴിയില്‍ ഉപേക്ഷിക്കുന്നതിന് പകരം പദ്ധതിയില്‍ അനിവാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി വിപുലീകരിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. കൂടുതല്‍ ഗോത്രവര്‍ഗ വിഭാഗക്കാരെ വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള ആലോചനകള്‍ സര്‍ക്കാറില്‍ നിന്നും ഉണ്ടായേ തീരൂ.







