FIFA worldcup 2026
ഗോ ഗോ മെക്‌സിക്കോ
പച്ചക്കുപ്പായമണിഞ്ഞെത്തിയ തങ്ങളുടെ 80,000ത്തിലധികം വരുന്ന കാണിക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു മെക്‌സിക്കോയുടെ വിജയാഘോഷം.
മെക്‌സിക്കോ സിറ്റി | ലോകകപ്പിൽ വിജയത്തോടെ അരങ്ങേറാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സഹ ആതിഥേയരായ മെക്‌സിക്കോ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 2-0നാണ് പരാജയപ്പെടുത്തിയത്.
പച്ചക്കുപ്പായമണിഞ്ഞെത്തിയ തങ്ങളുടെ 80,000ത്തിലധികം വരുന്ന കാണിക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു മെക്‌സിക്കോയുടെ വിജയാഘോഷം. ഇതാദ്യമായാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോ ജയിക്കുന്നത്. ഇതിനു മുമ്പ് കളിച്ച ഏഴ് ഉദ്ഘാടന മത്സരങ്ങളിൽ അഞ്ചണ്ണം അവർ പരാജയപ്പെട്ടപ്പോൾ രണ്ടെണ്ണം സമനിലയാകുകയായിരുന്നു. 2010 ലോകകപ്പിൽ അന്നത്തെ ആതിഥേയരായിരുന്ന ദക്ഷിണാഫ്രിക്കക്കെതിരായ സമനിലയും ഇതിൽ ഉൾപ്പെടും. ഒമ്പതാം മിനുട്ടിൽ സ്റ്റേഡിയത്തെ ആവേശം കൊളിച്ച് യൂലിയൻ ക്വിനോനസാണ് ആദ്യ ഗോൾ നേടിയത്. 67ാം മിനുട്ടിൽ റൗൾ ഹിമിനെസ് ലീഡുയർത്തി.
പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ ബ്രസീലിയൻ റഫറി വിൽറ്റൻ സംപായോ മൂന്ന് ചുവപ്പ് കാർഡുകളാണുയർത്തിയത്. ദക്ഷിണാഫ്രിക്കയുടെ യായ സിത്തോളും തെംബ സ്വാനെയും മെക്‌സിക്കോയുടെ സീസർ മോണ്ടസുമാണ് ചുവപ്പ് കാർഡ് കണ്ടത്. ഒരു ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇത്രയധികം ചുവപ്പ് കാർഡുകൾ ഉയരുന്നത് ഇതാദ്യം.
നാല് വർഷം മുമ്പ് ഖത്വറിൽ നടന്ന ലോകകപ്പിലെ ആകെ ചുവപ്പ് കാർഡുകളുടെ എണ്ണം നാലായിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഷക്കീറ, മാന, ആൻഡ്രിയ ബോസെല്ലി എന്നിവരുടെയും സാൽമ ഹായെക്കിന്റെ സർപ്രൈസ് എൻട്രിയുടെയും സാന്നിധ്യത്താൽ വർണാഭമായിരുന്നു. ബർണ ബോയ്ക്കൊപ്പം ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ “ദായ് ദായ്’ ആലപിച്ചുകൊണ്ട് ഷക്കീറ തന്റെ നാലാമത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കി.







