Kerala
എം ആര്‍ അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
ന്യൂഡല്‍ഹി | സസ്പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹരജി സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു.ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
മന്ത്രിസഭായോഗം പുതിയ ഡിജിപിയെ തീരുമാനിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡിജിപിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത് കുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണല്‍ വാദം കേട്ടു. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എഡിജിപി അജിത് കുമാര്‍ വാദിച്ചു. അതിനാല്‍ സസ്പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എം ആര്‍ അജിത് കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് അജിത് കുമാര്‍ ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്പെന്റ് ചെയ്യാന്‍ മതിയായ കാരണമാണ്. എംആര്‍ അജിത് കുമാര്‍ ഡിജിപിയാകാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. അജിത് കുമാര്‍ ചെയ്ത കുറ്റത്തിന്റെ വ്യാപ്തിയും സര്‍ക്കാര്‍ വാദവും പരിഗണിച്ച് ട്രൈബ്യൂണല്‍ ഹരജി തള്ളുകയായിരുന്നു
Content Highlights: ADGP MR Ajit Kumar has filed an urgent petition before the Central Administrative Tribunal. The legal move comes right ahead of the upcoming cabinet meeting on Wednesday. The petition addresses issues related to the ongoing vigilance probe report.



