From the print
വെള്ളിവെളിച്ചം
ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് രണ്ട് വെള്ളിയും ഒരു വെങ്കലവും. മുരളീ ശ്രീശങ്കറും സജന്‍ പ്രകാശും ഫൈനലില്‍.
ഗ്ലാസ്‌കോ (സ്‌കോട്ട്‌ലന്‍ഡ്) | കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. ഈ ഇനത്തില്‍ തിങ്കളാഴ്ച ഇന്ത്യ രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ രാജ മുത്തുപാണ്ടിയും വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ ജ്ഞാനേശ്വരി യാദവുമാണ് വെള്ളി നേടിയത്. വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ ബിന്ദ്യാറാണി വെങ്കലമണിഞ്ഞു. ഇതോടെ, ഒരു സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ആറ് മെഡലുകള്‍ ലഭിച്ച ഇന്ത്യ എട്ടാം സ്ഥാനത്താണ്.
സ്‌നാച്ചില്‍ 126 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 286 കിലോഗ്രാം ഉയര്‍ത്തിയാണ് രാജ മുത്തുപാണ്ടിയുടെ മെഡല്‍ നേട്ടം. ആകെ 299 കിലോഗ്രാം ഭാരം ഉയര്‍ത്തി മലേഷ്യയുടെ അസ്നില്‍ ബിന്‍ ബിദിന്‍ മുഹമ്മദ് സ്വര്‍ണം നേടി. പാപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരു (282 കിലോഗ്രാം) വെങ്കലം സ്വന്തമാക്കി.
2025ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 26കാരനായ രാജ മുത്തുപ്പാണ്ടി വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡലാണിത്. 2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
വാശിയേറിയ മത്സരത്തില്‍ സ്‌നാച്ചില്‍ 88 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 199 കിലോ ഉയര്‍ത്തിയാണ് ജ്ഞാനേശ്വരി വെള്ളി നേടിയത്. ആകെ 206 കിലോ ഉയര്‍ത്തി നൈജീരിയയുടെ ഒനോമെ ദിദി സ്വര്‍ണം നേടി. കാനഡയുടെ റെബേക്ക ഗ്രൗള്‍ക്‌സിനാണ് വെങ്കലം.
എല്ലാ ശ്രമങ്ങളും മികച്ച ഏകാഗ്രതയോടെയും കൃത്യതയോടെയും വിജയകരമായി പൂര്‍ത്തിയാക്കി ജ്ഞാനേശ്വരി കുറ്റമറ്റ പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഒടുവില്‍ സ്വര്‍ണം നൈജീരിയന്‍ താരത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു.
സ്‌നാച്ചില്‍ 87 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 112 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 199 കിലോ ഗ്രാം ഉയര്‍ത്തിയാണ് ബിന്ദ്യാറാണി വെങ്കല മേഡല്‍ നേടിയത്. 2022ലെ ബര്‍മിംഗ്ഹാം ഗെയിംസില്‍ വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. മണിപ്പൂര്‍ സ്വദേശിയായ ബിന്ദ്യാറാണി, 2019ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും 2021ലെ പതിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2023ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായി ചാനൂ സ്വര്‍ണവും പുരുഷ 60 കിലോ ഭാരോദ്വഹനത്തില്‍ ഋഷികാന്ത സിംഗ് വെള്ളിയും നേടിയിരുന്നു.
അത്‌ലറ്റിക്‌സ്
8.01 മീറ്റര്‍ ചാടി മലയാളി താരം മുരളീ ശ്രീശങ്കര്‍ പുരുഷ ലോംഗ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടി. 7.77 മീറ്റര്‍ ചാടി ലോകേഷ് സത്യനാഥനും ഫൈനലില്‍ ഇടംനേടി.
പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ 10.39 സെക്കന്‍ഡ് സമയം കുറിച്ച ഗുരിന്ദര്‍വീര്‍ സിംഗ് സെമിഫൈനലില്‍ പ്രവേശിക്കാനാകാതെ പുറത്തായി. 13.76 സെക്കന്‍ഡില്‍ ഓടിയ തേജസ് ഷിര്‍സെ, ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരനായി പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിലേക്ക് യോഗ്യത നേടി.
നീന്തല്‍
1:59.58 സമയത്തില്‍ മലയാളി താരം സാജന്‍ പ്രകാശ് പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഫൈനലിലേക്ക് യോഗ്യത നേടി.
Content Highlights:
India achieved significant success in weightlifting at the Commonwealth Games by winning two silver medals and one bronze medal. The weightlifters delivered outstanding performances to elevate the national profile. Celebrations erupted across the sporting community following these accomplishments.



