Kerala
പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ്; കെ എസ് ആര്‍ ടി സി ബസുകളില്‍ പരിശോധന കര്‍ശനമാക്കി
പരമാവധി ടിക്കറ്റ് പരിശോധനകരെ നിയോഗിക്കാനാണ് തീരുമാനം. ഇന്‍സ്‌പെക്ടര്‍മാരുടെ കുറവാണ് പരിശോധനക്ക് തടസ്സം. സ്വകാര്യ ബസുകളുടെ പ്രശ്‌നം പരിഹരിക്കും.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസുകളില്‍ ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതായി ഗതാഗത മന്ത്രി സി പി ജോണ്‍. പരമാവധി ടിക്കറ്റ് പരിശോധനകരെ ഓര്‍ഡിനറി ബസുകളില്‍ നിയോഗിക്കാനാണ് തീരുമാനം. ഇന്‍സ്‌പെക്ടര്‍മാരുടെ കുറവാണ് പരിശോധനക്ക് തടസ്സം. 789 ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് 311 പേരാണുള്ളത്. സ്‌റ്റേഷന്‍ മാസ്റ്റര്‍മാരില്ലാത്ത സ്ഥലങ്ങളില്‍ ഇവര്‍ക്ക് ആ ചുമതലയും നല്‍കിയിട്ടുണ്ട്. സീറോ ടിക്കറ്റ് പുരുഷന്മാര്‍ക്ക് നല്‍കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ്. സര്‍ക്കാര്‍ പണം അങ്ങോട്ട് നല്‍കിയാണ് പ്രിയദര്‍ശിനി ബസ് സര്‍വീസ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. അര്‍ഹതയില്ലാത്തവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
വിജിലന്‍സ് പരിശോധനയില്‍ ടിക്കറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കണ്ടെത്തിയതോടെയാണ് സാധാരണ സര്‍വീസുകളിലും വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതുവരെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളിലായിരുന്നു പ്രധാനമായും പരിശോധന നടന്നിരുന്നത്. ഈ മാസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഗുരുതരമായ ഒരു ക്രമക്കേട് പുറത്തുവന്നത്. ഒറ്റക്ക് യാത്ര ചെയ്തിരുന്ന ഒരു വനിതക്ക് ഒരു കണ്ടക്ടര്‍ ഒമ്പത് ഗ്രൂപ്പ് ടിക്കറ്റുകള്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. യാത്രക്കാരുടെ എണ്ണം കൃത്രിമമായി വര്‍ധിപ്പിച്ച് രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും സമാന രീതിയിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന പരാതികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യം തിരക്ക് മൂലമുള്ള പിഴവുകളായി ചില സംഭവങ്ങളെ കണക്കാക്കിയിരുന്നെങ്കിലും, പല സ്ഥലങ്ങളിലും ആവര്‍ത്തിച്ച് സമാന ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ മനപ്പൂര്‍വമായ തട്ടിപ്പാണെന്ന് തിരിച്ചറിയുകയായിരുന്നു. പദ്ധതി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് കെ എസ് ആര്‍ ടി സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സമാന രീതിയിലുള്ള ക്രമക്കേടുകള്‍ മറ്റ് ഡിപ്പോകളിലും നടന്നിട്ടുണ്ടോയെന്നും ഇതുമൂലം കോര്‍പറേഷന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ വ്യാപ്തി എത്രയാണെന്നും വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്.
അതേസമയം, പ്രിയദര്‍ശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ തടയുന്നതും കൈയേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നിയമനടപടി ഉണ്ടാകും. സ്വകാര്യ ബസുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള പദ്മകുമാര്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആര്‍ ടി സിക്കും സ്വകാര്യ ബസ് മേഖലക്കും പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് കമ്മിറ്റിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സി പി ജോണ്‍ വിശദീകരിച്ചു.
Content Highlights:
Authorities have intensified inspections on KSRTC buses regarding zero ticket issuance. Checking teams are strictly verifying passengers to curb illegal practices and misuse. Strict action and fines will be imposed on violators found traveling without valid tickets.


