Articles
അവരുടെ ശബ്ദം കേള്‍ക്കൂ
ജനങ്ങളുടെ ശബ്ദത്തെ ലാത്തി കൊണ്ടും ഭീഷണി കൊണ്ടും ജയിലറകളിലൊതുക്കിയും എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ഭരണകൂടം തിരിച്ചറിയണം. അടിച്ചമര്‍ത്തലുകള്‍ ഒരിക്കലും ആശയങ്ങളുടെ അന്ത്യം കുറിച്ചിട്ടില്ല; പ്രതിഷേധിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളല്ല; അവര്‍ സമൂഹത്തിന്റെ മനസ്സാക്ഷിയും നാളെയുടെ പ്രതീക്ഷയുമാണ്. അവരുടെ ശബ്ദം കേള്‍ക്കുകയും സംവാദത്തിലൂടെ മറുപടി നല്‍കുകയും ചെയ്യുന്നതാണ് ജനകീയ ഭരണത്തിന്റെ യഥാര്‍ഥ ശക്തി.
പരീക്ഷാ സംവിധാനത്തെ തകര്‍ത്ത ചോദ്യപേപ്പര്‍ ചോര്‍ച്ചക്കും മറ്റു തിരിമറികള്‍ക്കുമെതിരെ ഉയര്‍ന്ന വിദ്യാര്‍ഥി- യുവജന പ്രതിഷേധത്തിന് നിയമാനുസൃതമായ മറുപടി നല്‍കുന്നതിനുപകരം ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും അറസ്റ്റുകളും കൊണ്ട് നേരിടുന്നത് മനുഷ്യാവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ പരസ്യ പ്രഖ്യാപനമാണ്. ജൂണ്‍ 20 മുതല്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂണ്‍ 28 മുതല്‍ ജന്തര്‍ മന്തറില്‍ സോനം വാംഗ്ചുക് നടത്തിയ അനിശ്ചിതകാല നിരാഹാര സമരം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന പ്രതിഷേധമായിരുന്നു. പൗരാവകാശങ്ങള്‍ക്കും അറിവിന്റെ ലോകത്തിന്റെ അന്തസ്സിനും വേണ്ടി ഉയര്‍ത്തുന്ന ഈ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടുള്ള അവഗണനയായിരിക്കും.
ഇന്ത്യയിലെ പരീക്ഷാ സംവിധാനത്തെ ഇന്ന് അലട്ടുന്നത് ഒറ്റപ്പെട്ട ചില ഭരണപരമായ പിഴവുകളല്ല. ഏറ്റവും ഒടുവില്‍ പുറത്തു വന്ന നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും സി ബി എസ് ഇയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വ്യാപക പരാതികളുമെല്ലാം തന്നെ കാണിക്കുന്നത് പ്രസ്തുത സംവിധാനത്തിന്റെ ഗുരുതരമായ സ്ഥാപനപരമായ തകര്‍ച്ചയാണ്. കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന സംവിധാനത്തെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഭരണകൂടം രാജ്യത്തിന്റെ ഭാവിയെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വിദ്യാഭ്യാസരംഗത്തെ ഈ പ്രതിസന്ധിയെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വ പ്രതിസന്ധിയില്‍ നിന്ന് വേര്‍തിരിച്ചു കാണാനാകില്ല.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ മാത്രമല്ല, മൂല്യനിര്‍ണയ സംവിധാനവും ഗുരുതര പ്രതിസന്ധിയിലാണ്. സി ബി എസ് ഇ പരീക്ഷകളില്‍ ഒരേ നിലവാരത്തിലുള്ള ഉത്തരങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ക്ക് ലഭിക്കുന്നതായി വ്യാപക പരാതികളുണ്ട്. പുനര്‍മൂല്യനിര്‍ണയ സംവിധാനത്തിന്റെ പരിമിതികളും നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകളും വിദ്യാര്‍ഥികളുടെ വിശ്വാസം തകര്‍ക്കുന്നു. ഒരു വിദ്യാര്‍ഥിയുടെ ജീവിതം നിര്‍ണയിക്കുന്ന സംവിധാനത്തില്‍ അനിശ്ചിതത്വത്തിന് ഇടമുണ്ടാകരുത്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസത്തെ ഏറ്റവും കൂടുതല്‍ നിര്‍വചിക്കുന്ന വാക്ക് അനിശ്ചിതത്വം തന്നെയാണ്.
സുതാര്യവും സമയബന്ധിതവുമായ പരീക്ഷകള്‍ ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെ രൂപവത്കരിച്ച ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഇന്ന് തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളും പരീക്ഷാ റദ്ദാക്കലുകളും ഭരണപരമായ വീഴ്ചകളും മൂലം രാജ്യത്തെ പ്രവേശന പരീക്ഷകളോടുള്ള ജനവിശ്വാസം ഗുരുതരമായി തകര്‍ത്തിരിക്കുകയാണ്. തുടര്‍ച്ചയായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച് പൊതുജനവിശ്വാസത്തെയും വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തെയും വെല്ലുവിളിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഫെഡറല്‍ തത്ത്വങ്ങളെ അവഗണിച്ച് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ ക്രമേണ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുകയും വിദ്യാഭ്യാസത്തെ ഏകീകൃത നിയന്ത്രണത്തിന് കീഴിലാക്കുകയും ചെയ്യുന്ന സമീപനം ജനാധിപത്യത്തിന്റെ ആത്മാവിന് തന്നെ വിരുദ്ധമാണ്. സംസ്ഥാനതല പ്രവേശന സംവിധാനങ്ങളെ അപ്രസക്തമാക്കി ദേശീയ പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാറിന് ആ പരീക്ഷയുടെ നിഷ്പക്ഷതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസത്തെ പൊതുനന്മയില്‍ നിന്ന് സ്വകാര്യ ലാഭത്തിന്റെ വിപണിയിലേക്ക് തള്ളിവിടുന്ന നയങ്ങളും ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. കോച്ചിംഗ് മാഫിയകള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ വ്യാപാരികള്‍ക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ സാധാരണ വിദ്യാര്‍ഥിയുടെ അധ്വാനത്തിന് വില കുറയുന്നു. കഴിവിനേക്കാള്‍ പണത്തിനും സ്വാധീനത്തിനും മുന്‍ഗണന ലഭിക്കുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഏറ്റവും വലിയ അപകടമാണ്. വിദ്യാര്‍ഥികളുടെ അധ്വാനത്തെയും മാതാപിതാക്കളുടെ ത്യാഗത്തെയും ചൂഷണം ചെയ്യുന്ന പരീക്ഷാ മാഫിയകള്‍ വളരാന്‍ അവസരം ഒരുക്കിയതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ല. ദേശീയ സുരക്ഷയുടെ പേരില്‍ പൗരന്മാരെ നിരീക്ഷിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്ന ഭരണകൂടത്തിന് കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ചോദ്യപേപ്പറുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭരണപരമായ കഴിവില്ലായ്മ മാത്രമല്ല, ഭരണത്തിന്റെ മുന്‍ഗണനകളുടെ പരാജയവുമാണ്.
വിദ്യാഭ്യാസത്തിലെ വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍ പ്രയത്നമാണ് വിജയത്തിലേക്കുള്ള വഴിയെന്ന വിശ്വാസം തകരുകയും അഴിമതിയും സ്വാധീനവും പണവുമാണ് വിജയത്തിന്റെ ഉപാധികളെന്ന ധാരണ യുവതലമുറയില്‍ വളരുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ദുര്‍ബലപ്പെടുത്തും. ജനങ്ങളുടെ ശബ്ദത്തെ ലാത്തി കൊണ്ടും ഭീഷണി കൊണ്ടും ജയിലറകളിലൊതുക്കിയും എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ഭരണകൂടം തിരിച്ചറിയണം. ചരിത്രം സാക്ഷിയാണ്, അടിച്ചമര്‍ത്തലുകള്‍ ഒരിക്കലും ആശയങ്ങളുടെ അന്ത്യം കുറിച്ചിട്ടില്ല; മറിച്ച് അവയെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. പ്രതിഷേധിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളല്ല; അവര്‍ സമൂഹത്തിന്റെ മനസ്സാക്ഷിയും നാളെയുടെ പ്രതീക്ഷയുമാണ്. അവരുടെ ശബ്ദം കേള്‍ക്കുകയും സംവാദത്തിലൂടെ മറുപടി നല്‍കുകയും ചെയ്യുന്നതാണ് ജനകീയ ഭരണത്തിന്റെ യഥാര്‍ഥ ശക്തി. ബലപ്രയോഗത്തിലൂടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും മുറിവേല്‍പ്പിക്കുന്ന നടപടിയാണ്.
പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പോലീസിന്റെയും കേന്ദ്ര സേനയുടെയും ക്രൂര മര്‍ദനത്തിന് ഇരയായത്. യൂനിഫോമും നെയിം പ്ലേറ്റും ഇല്ലാതെ പോലീസുകാരാണെന്ന് അവകാശപ്പെട്ട ഒരു സംഘം പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ മര്‍ദിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച വിദ്യാര്‍ഥികളോട് ഇത്തരത്തില്‍ പെരുമാറിയത് ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുന്ന നടപടിയാണ്.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം സഹിക്കാനാകാതെ 21 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്ന റിപോര്‍ട്ടുകള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കുന്നതാണ്. ഒരു പരീക്ഷയുടെ അനിശ്ചിതത്വം തന്നെ വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈകഴുകാനാകില്ല. നഷ്ടപ്പെട്ട ഓരോ ജീവനെയും ആ സംവിധാനത്തിന്റെ മനസ്സാക്ഷിയിലേറ്റ മുറിവായി ചരിത്രം രേഖപ്പെടുത്തും.
പരീക്ഷാ സംവിധാനത്തോടുള്ള ജനവിശ്വാസം പുനഃസ്ഥാപിക്കാനും ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും പരീക്ഷാ മാഫിയകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും തയ്യാറാകാതെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തി ജനാധിപത്യ പ്രക്രിയകളെ വെല്ലുവിളിക്കുന്ന കേന്ദ്ര സമീപനം തിരുത്തണം. വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാനും കേന്ദ്രീകൃത നിയന്ത്രണത്തിലൂടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരായ ഈ നിര്‍ണായക പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.




