Connect with us

Articles

സമരം കത്തിപ്പടരുന്നു; എന്നിട്ടും പ്രതിപക്ഷമെവിടെ?

തലസ്ഥാന നഗരത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി തെരുവിലിറങ്ങിയ യുവാക്കള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ചിത്രം കണ്ടിട്ടും പ്രതിപക്ഷ നേതാക്കള്‍ക്കോ കോണ്‍ഗ്രസ്സിനോ കാര്യമായ ഒരു ഇടപെടലിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കൂടി തടസ്സപ്പെടുത്തി ഭരണകൂടം ഇന്നലെ നടത്തിയ നരനായാട്ട് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പൗരാവകാശങ്ങളുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നു.

Published

|

Last Updated

രാജ്യത്ത് പ്രതിപക്ഷം ഏറെക്കുറെ ദുര്‍ബലപ്പെട്ടു എന്ന അവസ്ഥ തുറന്നു കാണിക്കപ്പെട്ട സംഭവമായിരുന്നു നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വിവാദ സാഹചര്യം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാണിക്കപ്പെട്ടിട്ടും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ തലസ്ഥാന നഗരം ഇളക്കിമറിക്കാന്‍ പാകത്തിലുള്ള ഒരു പ്രതിഷേധ സമരം പോലും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥി സംഘടനകളുടെ ഒറ്റപ്പെട്ട പ്രതിഷേധ പരിപാടികള്‍ മാറ്റിനിര്‍ത്തിയാല്‍ ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് മുന്നില്‍ കേവലമായ പ്രസ്താവനകളിലും പ്രസ്സ് കോണ്‍ഫറന്‍സുകളിലും മാത്രം ഒതുങ്ങുന്നതായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സി ബി എസ് ഇ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളും യു ജി സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും അടക്കം ഒന്നിന് പിറകെ ഒന്നായി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ ഒരു നടപടി പോലും എടുത്തിട്ടില്ല. സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനെങ്കിലും ബി ജെ പിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യമാണെന്ന് തോന്നാത്ത വിധം ഇന്ത്യയില്‍ ജനകീയ പ്രതിഷേധങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂടം അത്രമാത്രം നിസ്സാരവത്കരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കപ്പെട്ട കോക്രോച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജൂണ്‍ ആറിന് വലിയ പ്രക്ഷോഭം ആരംഭിച്ചത്. ലഡാക്കിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാംഗ്ചുക് സമരത്തിന്റെ മുന്‍നിരയിലെത്തി നിരാഹാര സമരം ആരംഭിച്ചതോടെ ഈ പ്രതിഷേധങ്ങള്‍ക്ക് വലിയ ദേശീയ ശ്രദ്ധയും ലഭിച്ചിരുന്നു. ഭരണകൂടത്തിന്റെ മടിയിലിരിക്കുന്ന ഗോദി മീഡിയ പ്രതിഷേധ സമരത്തെയും നിരാഹാര സമരങ്ങളെയും പരമാവധി അവരുടെ വാര്‍ത്താ പരിസരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ സമരം കത്തിപ്പടര്‍ന്നു. 20 ദിവസത്തിലേറെയായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച സോനം വാംഗ്ചുകിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇതോടെ കൂടുതല്‍ യുവാക്കള്‍ സമരത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവന്നു. പ്രതിഷേധം കനത്തതോടെ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് മോദി ഭരണകൂടം ഇതിനെ കായികമായി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. കര്‍ഷക പ്രക്ഷോഭത്തിലും പൗരത്വ ഭേദഗതി നിയമത്തിലും ജനകീയ സമരങ്ങളോടുള്ള സര്‍ക്കാറിന്റെ അതേ നിലപാട് തന്നെ ഇവിടെയും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. തലസ്ഥാന നഗരത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യപരമായി തെരുവിലിറങ്ങിയ യുവാക്കള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ചിത്രം കണ്ടിട്ടും പ്രതിപക്ഷ നേതാക്കള്‍ക്കോ കോണ്‍ഗ്രസ്സിനോ കാര്യമായ ഒരു ഇടപെടലിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ കൂടി തടസ്സപ്പെടുത്തി ഭരണകൂടം ഇന്നലെ നടത്തിയ നരനായാട്ട് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പൗരാവകാശങ്ങളുടെ മേലുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ഭരണകക്ഷിയുടെ ഏകാധിപത്യ പ്രവണതകളില്‍ മാത്രം സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യവും അതിനെ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കുകയാണ്. ശക്തമായ ഭരണകക്ഷിയും ദുര്‍ബലമായ പ്രതിപക്ഷവും ചേര്‍ന്നാല്‍ ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥ തകരും. അധികാരത്തെ നിയന്ത്രിക്കാനും ബദല്‍ നയങ്ങള്‍ അവതരിപ്പിക്കാനും ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയദിശ നല്‍കാനും കഴിയാത്ത പ്രതിപക്ഷം ക്രമേണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പോലും തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തും എന്ന വലിയ അപായ സൂചനയാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പാഠമായി സാധ്യതയുള്ളത്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്, പ്രശാന്ത് ഭൂഷണ്‍, പ്രകാശ് രാജ് ഇങ്ങനെ തുടങ്ങി വിരലിലെണ്ണാവുന്ന ആക്ടിവിസ്റ്റുകളും ഇടതുപക്ഷ പാര്‍ട്ടികളുടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ഒക്കെ ചുരുക്കം ചില നേതാക്കളും മാത്രമാണ് സമരവേദിയില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തെ ചൂടുപിടിപ്പിച്ച സമരവേദിയിലെ തലമുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ അസാന്നിധ്യം ദുര്‍ബലപ്പെടുന്ന ഒരു ജനാധിപത്യ സംവിധാനത്തിന്റെ തകര്‍ച്ചയുടെ ഭീകരമായ അടയാളമാണ്.

ജനാധിപത്യത്തില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും പ്രതിപക്ഷം യോജിക്കണമെന്നില്ല. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളെ അവഗണിക്കുകയോ രാഷ്ട്രീയമായി ഏറ്റെടുക്കാതിരിക്കുകയോ ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ സംഘടനാപരവും ആശയപരവുമായ ദൗര്‍ബല്യത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെടും. പ്രതിപക്ഷം മൗനത്തിലാകുമ്പോള്‍ ഭരണകക്ഷിക്ക് എതിരായ പൊതുവികാരം പോലും ഫലപ്രദമായ രാഷ്ട്രീയ ബദലായി മാറാതെ പോകും. ജനകീയ സമരങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ തകര്‍ന്നു വീണിട്ടുള്ളത്. അടിയന്തരാവസ്ഥ കാലത്തും അഴിമതികളുടെ കൂട്ടപ്രളയം കണ്ട രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്തും ചരിത്രം ഒരു പാഠപുസ്തകം പോലെ നമ്മുടെ മുന്നിലുണ്ട്. 2011-12 കാലഘട്ടത്തില്‍ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന പേരില്‍ അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയപ്പോള്‍ അന്നത്തെ പ്രതിപക്ഷമായ ബി ജെ പി ആ പ്രക്ഷോഭങ്ങളില്‍ നിന്നുയര്‍ന്ന പൊതുവികാരത്തെ രാഷ്ട്രീയമായി ഏറ്റെടുത്തു. ഭരണവിരുദ്ധ മനോഭാവത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. അതിന്റെ തുടര്‍ച്ചയായാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നയിച്ച യു പി എ സര്‍ക്കാറിന്റെ പരാജയവും ബി ജെ പിയുടെ നിര്‍ണായക വിജയവും ഉണ്ടായത്. ഒരു സാമൂഹിക പ്രക്ഷോഭത്തെ രാഷ്ട്രീയ ബദലാക്കി മാറ്റാന്‍ കഴിയുന്ന പ്രതിപക്ഷത്തിന്റെ ശേഷി എത്ര നിര്‍ണായകമാണെന്ന് ആ അനുഭവം തെളിയിച്ചിട്ടുണ്ട്. എന്നിട്ടും ഇന്ന് ആ വലിയ പാഠം മനസ്സിലാക്കാനോ ഭരണകക്ഷിക്കെതിരെ പട നയിക്കാനോ അതേ അനുഭവത്തിന്റെ നഷ്ടക്കണക്ക് കൈമുതലുള്ള കോണ്‍ഗ്രസ്സിന് ആവുന്നില്ല എന്നത് പാര്‍ട്ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രതിസന്ധികളെ വെളിപ്പെടുത്തുന്നതാണ്.
ഭരണകൂടത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രതിഷേധ സമരങ്ങളെയും ഭരണകൂടം അതിനെ കൈകാര്യം ചെയ്യുന്ന ഫാസിസ്റ്റ് ശൈലിയെയും പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തെ മുഴുവന്‍ ഏകോപിപ്പിച്ച് ദേശീയ രാഷ്ട്രീയ അജന്‍ഡയാക്കി മാറ്റാനുള്ള ദിശാബോധം കോണ്‍ഗ്രസ്സ് നയിക്കുന്ന പ്രതിപക്ഷത്തില്‍ പ്രകടമല്ലെന്ന വിമര്‍ശനം വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ പൊതുസാന്നിധ്യവും രാഷ്ട്രീയ ഇടപെടലുകളും കൂടുതല്‍ പ്രസക്തവുമാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പോലുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് സമരവേദിയിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നിരയിലെ ഈ നേതാക്കളുടെ രാഷ്ട്രീയ വ്യക്തത പോലും രാഹുല്‍ ഗാന്ധിക്കോ മല്ലികാര്‍ജുന്‍ ഖാര്‍ഗെകോ ഇല്ലേ എന്ന് സംശയിക്കേണ്ടിവരും. രാജ്യത്തിനകത്ത് പ്രധാന രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ പലപ്പോഴും വലിയ ചോദ്യങ്ങളും വിവാദങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതേ പതിവ് തന്നെയാണ് രാഹുല്‍ ഗാന്ധി ഇപ്പോഴും ആവര്‍ത്തിച്ചത്. ഏകദേശം ജൂണ്‍ 22 മുതല്‍ ജൂലൈ പകുതി വരെ ഏകദേശം മൂന്നാഴ്ച യൂറോപ്പില്‍ വിദേശ സന്ദര്‍ശനത്തിലായിരുന്നു. കാര്യമായ രാഷ്ട്രീയ അജന്‍ഡകള്‍ ഒന്നും തന്നെ നിശ്ചയിക്കാതെ നടത്തിയ യാത്രയെക്കുറിച്ച് വിശദീകരണങ്ങള്‍ തരാന്‍ പോലും കോണ്‍ഗ്രസ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അടുത്ത പൊതുതിരഞ്ഞെടുപ്പിലും ഭരണവിരുദ്ധ വികാരം ഉണ്ടാകാം. എന്നാല്‍ ആ വികാരത്തെ ഏകോപിതമായ രാഷ്ട്രീയ ബദലാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നതാണ് നിര്‍ണായക ചോദ്യം. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ ഭരണകക്ഷിയുടെ ശക്തിയേക്കാള്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമാണ് വീണ്ടും തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള പ്രധാന ഘടകം. ഇന്ത്യയില്‍ ഇനി അധികാരമാറ്റം സംഭവിക്കണമെങ്കില്‍ ഭരണകക്ഷിക്കെതിരായ അസംതൃപ്തി മാത്രം മതിയാകില്ല, അതിന് വിശ്വാസ്യതയുള്ളതും സജീവവുമായ ഒരു പ്രതിപക്ഷവും അനിവാര്യമാണ്. ആ രാഷ്ട്രീയ ശൂന്യത തുടരുന്നിടത്തോളം അധികാരമാറ്റത്തിന്റെ സാധ്യതയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സ്വാഭാവികമായും ക്ഷയിച്ചുകൊണ്ടിരിക്കും.

---- facebook comment plugin here -----

Latest