Connect with us

articles

വഖ്ഫ്: ഈ കീഴടങ്ങൽ ആർക്കുവേണ്ടി?

വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കാമെന്ന് ഹൈക്കോടതിയിലും നിയമം ശരിയല്ലെന്ന് സുപ്രീം കോടതിയിലും ഒരേ സര്‍ക്കാറിന് എങ്ങനെ പറയാനാകും? കേസില്‍ കക്ഷി ചേരുന്നതിന്റെ ഭാഗമായി കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫലത്തില്‍ റദ്ദുചെയ്യുന്നതാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ബോര്‍ഡ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും.

Published

|

Last Updated

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കുന്ന കേന്ദ്ര വഖ്ഫ് നിയമ ഭേദഗതിയെ ഹൈക്കോടതിയില്‍ പിന്തുണച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടി കടുത്ത അനീതിയാണ്. 2025ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം തികച്ചും വിവേചനപരവും മുസ്‌ലിം അപരവത്കരണം ലക്ഷ്യമിട്ടുള്ളതുമായിരുന്നു. വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ തിരുകിക്കയറ്റുന്നതുള്‍പ്പെടെ കടുത്ത വര്‍ഗീയ ലക്ഷ്യങ്ങളുള്ള വ്യവസ്ഥകളാണ് ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഈ നിയമഭേദഗതിയിലുള്ളത്. മറ്റ് മതസ്ഥാപനങ്ങളുടെ ഭരണ സമിതികളില്‍ കാണാത്ത ഈ ഇടപെടല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ മാത്രം ഉന്നം വെച്ചുള്ളതാണ്. മതവിശ്വാസ സ്വാതന്ത്ര്യവും മതസ്ഥാപനങ്ങള്‍ക്കുള്ള സ്വതന്ത്രാധികാരവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14, 25, 26 എന്നീ അനുഛേദങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. ബി ജെ പി ഇതര സര്‍ക്കാറുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത ഈ ഭരണഘടനാവിരുദ്ധ നിയമത്തിനാണ് ഇപ്പോള്‍ കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ സംരക്ഷണം തീര്‍ക്കുന്നത്. ബി ജെ പി സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ ഭേദഗതി നടപ്പാക്കാന്‍ തയ്യാറായിട്ടുള്ളത്.

വഖ്ഫ് ഭേദഗതിക്കെതിരെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. 2024 ആഗസ്റ്റില്‍ പാര്‍ലിമെന്റില്‍ ഭേദഗതി ബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 14ന് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി. സുപ്രീം കോടതിയില്‍ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസില്‍ കക്ഷി ചേരാനും എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറായി. മുസ്‌ലിം ലീഗും ഈ നിയമത്തിനെതിരെ കേസിന് പോയിരുന്നു. നിയമസഭയിലെ സര്‍ക്കാര്‍ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് അതിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ എഴ് നിര്‍ദേശങ്ങള്‍ നല്‍കിയ മുസ്‌ലിം ലീഗ് എം എല്‍ എ. എന്‍ ഷംസുദ്ദീനാണ് ഇന്ന് വഖ്ഫ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അന്ന് അദ്ദേഹത്തിന്റെ അഞ്ച് നിര്‍ദേശങ്ങളും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

വഖ്ഫ് ഭേദഗതി നിയമം “വഖ്ഫ് എന്ന ആശയം തന്നെയില്ലാതെയാക്കും’ എന്നായിരുന്നു എന്‍ ഷംസുദ്ദീന്‍ അന്ന് ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച സമീപനം കാരണം സുപ്രീം കോടതിയിലെ കേസില്‍ കേരളത്തിന്റെ ന്യായമായ വാദങ്ങള്‍ ദുര്‍ബലപ്പെടുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. അധികാരത്തിലെത്തിയപ്പോള്‍, മുന്‍ നിലപാട് മറന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ പുതിയ ഭേദഗതി പ്രകാരം വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ തിരുകിക്കയറ്റാന്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാറും തയ്യാറാകുകയാണ്. നിയമസഭയില്‍ കേന്ദ്ര നിയമത്തിനെതിരെ വീറോടെ സംസാരിച്ച എന്‍ ഷംസുദ്ദീന്‍ തന്നെയാണ് ഇന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ ന്യായീകരിച്ച് രംഗത്തുവന്നത്.

അമുസ്‌ലിംകളെ ബോര്‍ഡില്‍ അംഗങ്ങളാക്കി ഉള്‍പ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നല്‍കിയ ഹരജികളിലാണ് യു ഡി എഫ് സര്‍ക്കാര്‍ ഈ ഒത്തുകളി നടത്തിയത്. 2026 ജൂലൈ 14 ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖാമൂലം പറഞ്ഞിരിക്കുന്നത്, പുതിയ ഭേദഗതി നിയമത്തിലെ 14ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ്. മുസ്‌ലിം ലീഗിന്റെ നോമിനിയായ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി എം സനീര്‍ മുഖാന്തിരമാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലീഗിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചു.

പുതിയ ഭേദഗതി പ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിര്‍ദേശം ചെയ്താണ് വഖ്ഫ് ബോര്‍ഡ് രൂപവത്കരിക്കേണ്ടത്. ഒമ്പത് പേരെയാണ് 2026ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കി രണ്ട്് പേരെ പിന്നീട് നിയമിക്കുമെന്ന് പ്രസ്തുത ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറായില്ല. വഖ്ഫ് ബോര്‍ഡ് യോഗം ചേരാന്‍ ആകെ 11ല്‍ അഞ്ച് പേരുടെ ക്വാറം മതി. അതുകൊണ്ട് തന്നെ നിലവില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യാതൊരു നിയമ തടസ്സവുമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയില്‍ യു ഡി എഫ് സര്‍ക്കാറും അഡ്വക്കറ്റ് ജനറലും കടുംപിടിത്തം നടത്തുന്നത് എന്തിനാണ്? ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതുവരെ, നയപരമായ തീരുമാനങ്ങളോ വലിയ സാമ്പത്തിക ചെലവുകള്‍ വരുന്ന നടപടികളോ എടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശവും ഒരെതിര്‍പ്പും പറയാതെ തന്നെ സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ അംഗീകരിക്കുകയുണ്ടായി.

വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടയിലാണ് മുസ്‌ലിം ലീഗിന്റെ മന്ത്രി വഖ്ഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തില്‍ അതേ നിയമം യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കാമെന്ന് ഹൈക്കോടതിയിലും നിയമം ശരിയല്ലെന്ന് സുപ്രീം കോടതിയിലും ഒരേ സര്‍ക്കാറിന് എങ്ങനെ പറയാനാകും? കേസില്‍ കക്ഷി ചേരുന്നതിന്റെ ഭാഗമായി കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫലത്തില്‍ റദ്ദുചെയ്യുന്നതാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും അതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ബോര്‍ഡ് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും.

വഖ്ഫ് ഭേദഗതി നിയമത്തിലെ 14ാം വകുപ്പ് എഫിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് കടകവിരുദ്ധവും മതവിശ്വാസത്തിന് എതിരുമാണെന്ന നിലപാടാണ് കേരളം സുപ്രീം കോടതിയില്‍ ഉയര്‍ത്തിപ്പിടിച്ചത്. ജുഡീഷ്യല്‍ സ്‌ക്രൂട്ടിനിയില്‍ ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് തെളിയുമെന്ന പ്രതീക്ഷയാണ് കേരളത്തിനുണ്ടായിരുന്നത്. മാത്രമല്ല, 14ാം വകുപ്പിനനുസൃതമായി വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചാല്‍ അതില്‍ മുസ്‌ലിം മതവിശ്വാസികള്‍ ന്യൂനപക്ഷമാകാനുള്ള സാധ്യത നിലനില്‍ക്കുന്ന കാര്യവും കേരളം ചൂണ്ടിക്കാട്ടി. മുസ്‌ലിം മതസ്ഥാപനങ്ങളുടെ മാനേജ്‌മെന്റും മേല്‍നോട്ടവും വഹിക്കുന്ന സമിതികളില്‍ ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രമേ ഉണ്ടാകാവൂ എന്ന വ്യക്തമായ നിലപാടാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം സുപ്രീം കോടതിയിലെ നിയമപോരാട്ടം തന്നെ അസാധ്യമാക്കുകയാണ്. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ വഖ്ഫ് നിയമത്തിലെ ഭേദഗതികള്‍ക്കെതിരെ ന്യായമായ എതിര്‍വാദങ്ങളുയര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് യു ഡി എഫ് സര്‍ക്കാര്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

വഖ്ഫ് കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ കൃത്യമായി പഠിക്കാനോ ഹൈക്കോടതിയില്‍ നിന്ന് ആവശ്യമായ സാവകാശം തേടാനോ തയ്യാറാകാതെ യു ഡി എഫ് സര്‍ക്കാര്‍ അങ്ങേയറ്റത്തെ തിടുക്കത്തില്‍ കീഴടങ്ങലിന് മുതിര്‍ന്നത് എന്തിനാണെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. സുപ്രീം കോടതിയില്‍ വഖ്ഫ് ഭേദഗതി നിയമത്തെ സംബന്ധിച്ച ഹരജികളില്‍ തീര്‍പ്പ് വരുന്നതുവരെ സര്‍ക്കാറിന് സാവകാശം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ 14ാം വകുപ്പിനനുസൃതമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ വെമ്പല്‍കാട്ടി. ഇത് കേവലം ഒരു രഹസ്യധാരണ അല്ല, മറിച്ച് ആര്‍ക്കോ വേണ്ടിയുള്ള സമ്പൂര്‍ണമായ കീഴടങ്ങലും പാദസേവയുമാണ്. ഈ കീഴടങ്ങല്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് പിന്നീട് മുസ്‌ലിം ലീഗിനു വേണ്ടി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് കണ്ടത്.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാല് ഹരജികളില്‍ ഒന്ന്, ശിയാ വിഭാഗത്തിന് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ഹരജിയാണെന്നു ചൂണ്ടിക്കാട്ടി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹൈക്കോടതിയില്‍ വന്ന യഥാര്‍ഥ വിഷയം ശിയാ പ്രാതിനിധ്യമല്ല. മറിച്ച് വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്യപ്പെട്ടത്. ഈ ഹരജിക്ക് മറുപടിയായി, ഹരജിക്കാരോട് യോജിപ്പ് രേഖപ്പെടുത്തിയും 14ാം വകുപ്പ് പൂര്‍ണമായി ഉള്‍ക്കൊണ്ടും ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഈ സമുദായവഞ്ചന, വിതണ്ഡവാദങ്ങളിലൂടെ മറയ്ക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് മനസ്സിലാക്കണം.

പൗരത്വ നിയമം, എസ് ഐ ആര്‍, ജനസംഖ്യാവ്യതിയാനം പഠിക്കല്‍ തുടങ്ങിയ സംഘ്പരിവാര്‍ അജന്‍ഡകളുടെ തുടര്‍ച്ചയാണ് പുതിയ കേന്ദ്ര വഖ്ഫ് ഭേദഗതി നിയമം. ഈ വിഷയങ്ങളിലെല്ലാം കേരളം ഉയര്‍ത്തിയ പോരാട്ടങ്ങള്‍ നിഷ്ഫലമാകുകയാണോ? ഭരണഘടനയുടെ 14, 25, 26 അനുഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ മുന്‍നിര്‍ത്തി വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു സര്‍ക്കാര്‍, കോടതിയില്‍ നടത്തിയ ഈ ഒത്തുകളി കേരളത്തിലെ പ്രബുദ്ധ സമൂഹം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.

 

Content Highlights:
The UDF government in Kerala faces intense criticism for submitting an affidavit in the High Court supporting the controversial Central Waqf Amendment Act. The opposition alleges that this move directly contradicts the state previous unanimous assembly resolution and weakens the legal battle in the Supreme Court. The government committed to reorganizing the Waqf Board in accordance with Section 14 of the new central law.

---- facebook comment plugin here -----

Latest