Business
കയറ്റുമതി വിപണിയില്‍ 20 ശതമാനം വളര്‍ച്ച ലക്ഷ്യം; ദേരയില്‍ പുതിയ ബി2ബി ഷോറൂം തുറന്ന് മിലാനോ ബൈ ഡാന്യൂബ്
ദേരയില്‍ മിലാനോയുടെ സാന്നിധ്യം ശക്തമാക്കുന്ന നാലാമത്തെ ഷോറൂമാണിത്. ഷാര്‍ജ മലേഹയിലെ റീട്ടെയില്‍ ഷോറൂമിന് പിന്നാലെയാണ് ദേരയിലെ പുതിയ വിപുലീകരണം.
ദുബൈ | ആഗോള വ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ്പായ ഡാന്യൂബിന്റെ പ്രശസ്ത ബ്രാന്‍ഡ് ‘മിലാനോ ബൈ ഡാന്യൂബ്’ ദുബൈയിലെ പരമ്പരാഗത വാണിജ്യ കേന്ദ്രമായ ദേരയില്‍ പുതിയ ഹോള്‍സെയില്‍ (ബി2ബി) ഷോറൂം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിലെയും യു എ ഇയിലെയും കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികള്‍, പുനര്‍വില്‍പനക്കാര്‍ എന്നിവര്‍ക്ക് വിപുലമായ ഉത്പന്ന ശേഖരണ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പുതിയ കേന്ദ്രം. ദേരയില്‍ മിലാനോയുടെ സാന്നിധ്യം ശക്തമാക്കുന്ന നാലാമത്തെ ഷോറൂമാണിത്. ഷാര്‍ജ മലേഹയിലെ റീട്ടെയില്‍ ഷോറൂമിന് പിന്നാലെയാണ് ദേരയിലെ പുതിയ വിപുലീകരണം.
സി ഐ എസ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ നിന്നുള്ള വ്യാപാരികളുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദേരയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പുതിയ ചുവടുവെപ്പ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ബിസിനസ്സില്‍ 20 ശതമാനം അധിക വളര്‍ച്ചയാണ് മിലാനോ ലക്ഷ്യമിടുന്നത്.
ദേര എന്റെ ബിസിനസ്സ് യാത്രയുടെ തുടക്കം: അനിസ് സാജന്‍
തന്റെ ബിസിനസ്സ് ജീവിതം ആരംഭിച്ച മണ്ണിലേക്ക് പുതിയൊരു സംരംഭവുമായി തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അനിസ് സാജന്‍ പറഞ്ഞു. വിശ്വാസം, ബന്ധങ്ങള്‍, കഠിനാധ്വാനം എന്നിവയുടെ പാഠങ്ങള്‍ പഠിച്ച ദേരയില്‍ നിന്ന് തന്നെയാണ് മിലാനോയ്ക്കും തുടക്കമിട്ടത്. വരാനിരിക്കുന്ന മാസങ്ങളില്‍ കയറ്റുമതി വിപണിയില്‍ ദൃശ്യമാകാന്‍ പോകുന്ന വലിയ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ ഈ തന്ത്രപ്രധാനമായ നിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരൊറ്റ മേല്‍ക്കൂരക്ക് കീഴില്‍ എല്ലാ ഉത്പന്നങ്ങളും: സാഹില്‍ സാജന്‍
വ്യാപാരികള്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ആവശ്യമായ സാനിറ്ററിവെയര്‍, ഹാര്‍ഡ്വെയര്‍, ഇലക്ട്രിക്കല്‍സ്, അലങ്കാര വിളക്കുകള്‍ (ചാന്‍ഡിലിയേഴ്‌സ്), ടൈലുകള്‍ എന്നിവയെല്ലാം ഒരൊറ്റ മേല്‍ക്കൂരക്ക് കീഴില്‍ ലഭ്യമാകുന്ന രീതിയിലാണ് ഷോറൂം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മിലാനോ ഡയറക്ടര്‍ സാഹില്‍ സാജന്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ നേരിട്ട ചരക്കുകൂലി വര്‍ധനയും മറ്റ് പ്രതിസന്ധികളും വകവെക്കാതെ വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ മിലാനോക്ക് സാധിച്ചിട്ടുണ്ട്. ജെബല്‍ അലിയിലുള്ള സംഭരണശാല (വെയര്‍ഹൗസ്) വഴി ഉത്പന്നങ്ങളുടെ വേഗത്തിലുള്ള ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയുടെ ആഗോള വ്യാപാര പദവിക്ക് കരുത്തുപകരുന്നതാണ് പുതിയ വിപുലീകരണം.
Content Highlights: Milano by Danube has launched its fourth B2B showroom in Deira, Dubai. The new facility aims to boost export-led growth by 20 percent over six months. It serves wholesalers and international buyers across sanitaryware and building materials.




