National
സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ മിഥേന്‍ വാതക സ്‌ഫോടനവും മണ്ണിടിച്ചിലും; 27ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ക്ഷാപ്രവര്‍ത്തനം വൈകിയും തുടരുകയാണെങ്കിലും, തുരങ്കത്തിനുള്ളിലെ മാരകമായ വാതകത്തിന്റെ സാന്നിധ്യം, വെളിച്ചക്കുറവ്, കുറഞ്ഞ ഓക്‌സിജന്റെ അളവ് എന്നിവ രക്ഷാദൗത്യത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
നാംചി | സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളില്‍ മിഥേന്‍ വാതക സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 27ലധികം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് .മിഥേന്‍ വാതക സ്‌ഫോടനമെന്ന് സംശയിക്കുന്ന അപകടത്തെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് പ്രവേശന കവാടം അടഞ്ഞുപോവുകയായിരുന്നു. വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വൈകിയും തുടരുകയാണെങ്കിലും, തുരങ്കത്തിനുള്ളിലെ മാരകമായ വാതകത്തിന്റെ സാന്നിധ്യം, വെളിച്ചക്കുറവ്, കുറഞ്ഞ ഓക്‌സിജന്റെ അളവ് എന്നിവ രക്ഷാദൗത്യത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
പട്ടേല്‍ എന്‍ജിനീയറിങ് നിര്‍മ്മിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിനുള്ളില്‍ ഏകദേശം 1.5 കിലോമീറ്റര്‍ ഉള്ളിലായി മിഥേന്‍ വാതകം അടിഞ്ഞുകൂടിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതകം പുറന്തള്ളാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഇതേത്തുടര്‍ന്ന് തുരങ്കത്തിന്റെ ഒരു ഭാഗം ഇടിയുകയും തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ചില തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 3.40 ഓടെയാണ് ജില്ലാ ഭരണകൂടത്തിന് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തൊട്ടുപിന്നാലെ ദേശീയ ദുരന്ത പ്രതികരണ സേന , സംസ്ഥാന ദുരന്ത പ്രതികരണ സേന , ജില്ലാ പോലീസ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്നിവരുടെ സംഘങ്ങള്‍ സ്ഥലത്തെത്തി.
രംഗ്‌പോ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് നടത്തിയ ആദ്യ രക്ഷാപ്രവര്‍ത്തനം പരാജയപ്പെടുകയായിരുന്നു. ഓക്‌സിജന്റെ കുറവും വാതകത്തിന്റെ സാന്നിധ്യവും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. പിന്നീട് എന്‍ഡിആര്‍എഫ് സംഘം നടത്തിയ ശ്രമവും പ്രതികൂല സാഹചര്യങ്ങള്‍ കാരണം വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനായി, വാതകങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്രത്യേക ഉപകരണങ്ങളുമായി അയല്‍സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
27ലധികം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സിക്കിം ജില്ലാ കലക്ടര്‍ അനുപ താംലിങ് സ്ഥിരീകരിച്ചു. മിഥേന്‍ വാതകത്തിന്റെ സാന്നിധ്യം, ഇടുങ്ങിയ വഴി, മങ്ങിയ കാഴ്ച എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി മാറുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ കാരണം സ്വാഭാവികമായി വാതകം അടിഞ്ഞുകൂടിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. എങ്കിലും യഥാര്‍ത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പദ്ധതി പ്രദേശത്തിന് സമീപം ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാതക മാസ്‌കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ ഉള്ളില്‍ കുടുങ്ങിയവരിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Content Highlights: Over 27 workers are trapped inside an under-construction hydroelectric project tunnel in Namchi, Sikkim, following a suspected methane gas explosion and landslide. Toxic gas, lack of oxygen, and poor visibility hinder rescue efforts by NDRF and special teams from West Bengal.



