vazhivilakku
ആ സംവാദത്തില്‍ ആരാണ് തോറ്റത്?
എതിരാളികളോട് സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളും സ്വീകരിക്കേണ്ട ശൈലിയും ഖുര്‍ആന്‍ വളരെ വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്. എതിരാളി എത്ര കൊടിയ ശത്രുവാണെങ്കിലും സംസാരത്തില്‍ സൗമ്യത കൈവിടരുത് എന്നതാണ് ഖുര്‍ആന്റെ അടിസ്ഥാന പാഠം. 'യുക്തിയോടും സദുപദേശത്തോടും കൂടി നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക.' (സൂറത്തുന്നഹ്ല്‍: 125).
നാം ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ആശയ വൈവിധ്യങ്ങളെ അഭിസംബോധനം ചെയ്യേണ്ടിവരും. നിലപാടുകളില്‍ സത്യസന്ധതയുള്ളവര്‍ക്ക് തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറുവാദങ്ങള്‍ ഉള്ളവരോട് സംവാദിക്കാനും പ്രേരണയുണ്ടാകും. ഈ സംവാദങ്ങളും അന്വേഷണങ്ങളും ഒരു സമൂഹത്തെ നിരന്തരമായി നവീകരിച്ചുകൊണ്ടിരിക്കും. അതിനാല്‍ അത്തരം സംവാദങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതോ അനാവശ്യ ബഹളങ്ങളെന്ന് അവഹേളിക്കേണ്ടതോ ഇല്ല. എന്നാല്‍, ഇസ്‌ലാമിക കാഴ്ചപ്പാടില്‍ സംവാദം എന്നത് എതിരാളിയെ പരാജയപ്പെടുത്താനോ അപമാനിക്കാനോ ഉള്ളതല്ല; മറിച്ച്, സത്യം കണ്ടെത്താനും അത് സ്‌നേഹത്തോടെയും യുക്തിയോടെയും പങ്കുവെക്കാനുമുള്ള ഉപാധിയാണ്. അതിനാല്‍ ആശയവിനിമയങ്ങളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഇസ്്‌ലാമിന് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകളെ ഉപന്യസിച്ചു വേണം നാം സംവാദങ്ങളുടെ ഭാഗമാകാന്‍.
എതിരാളികളോട് സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളും സ്വീകരിക്കേണ്ട ശൈലിയും ഖുര്‍ആന്‍ വളരെ വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്. എതിരാളി എത്ര കൊടിയ ശത്രുവാണെങ്കിലും സംസാരത്തില്‍ സൗമ്യത കൈവിടരുത് എന്നതാണ് ഖുര്‍ആന്റെ അടിസ്ഥാന പാഠം. ലോകത്തെ ഏറ്റവും വലിയ അഹങ്കാരിയായ ഫിര്‍ഔനിന്റെ അടുത്തേക്ക് നിയോഗിതരാകുന്ന മൂസാ നബി(അ)നോടും ഹാറൂന്‍ നബി(അ)നോടും ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളിരുവരും ഫിര്‍ഔനിനോട് സൗമ്യമായി സംസാരിക്കുക. ഒരുപക്ഷേ, അവന്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ അവനില്‍ ഭയം രൂപപ്പെട്ടേക്കാം.’ (സൂറത്ത് ത്വാഹ- 44). യുക്തിയും സദുപദേശവുമായിരിക്കണം സംവാദങ്ങളുടെ അടിത്തറ. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: ‘യുക്തിയോടും സദുപദേശത്തോടും കൂടി നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിക്കുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവദിക്കുകയും ചെയ്യുക.’ (സൂറത്തുന്നഹ്ല്‍: 125).
സംവാദങ്ങളുടെ ഭാഗമാകുന്നു എന്ന് കരുതി ഒരാളുടെ വിശ്വാസങ്ങളെയോ അവരുടെ ആരാധനാമൂര്‍ത്തികളെയോ പരിഹസിക്കാനോ അസഭ്യം പറയാനോ പാടില്ല. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരെ നിങ്ങള്‍ അസഭ്യം പറയരുത് (സൂറത്ത് അല്‍അന്‍ആം: 108) എന്ന് ഖുര്‍ആന്‍ വ്യക്തമായി തന്നെ ഓര്‍മിപ്പിക്കുന്നുണ്ട്.
സംവാദങ്ങളാകാം, എന്നാല്‍ അത് സ്വന്തം വാദം ജയിക്കാന്‍ വേണ്ടി മാത്രമുള്ള അനാവശ്യ തര്‍ക്കങ്ങളായിത്തീരരുത്. നബി(സ) പറഞ്ഞു: ‘താന്‍ സത്യത്തിലാണെങ്കില്‍ പോലും, തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തില്‍ ഒരു ഭവനം ഞാന്‍ വാഗ്ദാനം ചെയ്യുന്നു’ (അബൂദാവൂദ്). സംവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും അസഭ്യവര്‍ഷങ്ങളിലേക്കും വഴിമാറുന്നത് സ്വാഭാവികമാണ്. എന്നാല്‍ യഥാര്‍ഥ വിശ്വാസിക്ക് അത് ഭൂഷണമല്ല. അവന്‍ ജാഗ്രത പാലിച്ചേ മതിയാകൂ. അനസ് (റ) പറയുന്നു: ‘നബി (സ) അസഭ്യം പറയുന്നവരോ ശാപവാക്കുകള്‍ ഉപയോഗിക്കുന്നവരോ ആയിരുന്നില്ല’ (ബുഖാരി). എതിരാളി പ്രകോപിപ്പിച്ചാലും സംയമനം പാലിക്കാന്‍ കഴിയണം എന്നതാണ് നബിചര്യ. ഗുസ്തിയില്‍ എതിരാളിയെ വീഴ്ത്തുന്നവനല്ല, മറിച്ച് കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ ശക്തന്‍ എന്ന ഹദീസും ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ സംവാദങ്ങളില്‍ പണ്ഡിതന്മാര്‍ ഈ മര്യാദകള്‍ എത്രത്തോളം സൂക്ഷ്മതയോടെയാണ് പാലിച്ചിരുന്നത് എന്ന് കാണാന്‍ കഴിയും. അലി(റ)വിനെതിരെ തിരിഞ്ഞ ഖവാരിജുകളുമായി സംവാദം നടത്താന്‍ ഇബ്‌നു അബ്ബാസ്(റ) പോയ സംഭവം പ്രസിദ്ധമാണ്. അദ്ദേഹം അവിടെച്ചെന്ന് ആദ്യം ചെയ്തത് അവരുടെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാന്‍ തയ്യാറായി എന്നതാണ്. ഇടയില്‍ കയറി തടസ്സപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്തില്ല. പിന്നീട് അവരുടെ ഓരോ ചോദ്യങ്ങള്‍ക്കും വളരെ സൗമ്യമായും യുക്തിഭദ്രമായും ഖുര്‍ആനില്‍ നിന്ന് മറുപടി നല്‍കി. അദ്ദേഹത്തിന്റെ ഈ സഹിഷ്ണുതയും ശ്രവിക്കാനുള്ള സന്നദ്ധതയും കാരണം ആയിരക്കണക്കിന് ആളുകളാണ് അന്ന് സത്യം മനസ്സിലാക്കി തീവ്രനിലപാടുകള്‍ ഉപേക്ഷിച്ച് മടങ്ങിയത്. ഇമാം ശാഫി (റ) സംവാദങ്ങളെക്കുറിച്ച് പറഞ്ഞ പ്രസിദ്ധമായ വാക്കുകള്‍ ഓരോരുത്തര്‍ക്കും വഴികാട്ടിയാണ്: ‘ഞാന്‍ ആരോടെങ്കിലും സംവാദം നടത്തുമ്പോള്‍, സത്യം അയാളുടെ നാവിലൂടെ പുറത്തുവരണമേ എന്നാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്.’ തനിക്ക് ജയിക്കണം എന്ന അഹംഭാവമല്ല, മറിച്ച് സത്യം വെളിപ്പെടണം എന്ന ആത്മാര്‍ഥതയാണ് ഇവിടെ പ്രകടമാകുന്നത്.
ഒരു സംവാദം വിജയകരമാകുന്നത് ആരെയെങ്കിലും പരാജയപ്പെടുത്തുമ്പോഴല്ല, സത്യം കണ്ടെത്തുമ്പോഴാണ്. നാമെല്ലാം സംവദിച്ചുകൊണ്ടിരിക്കുകയാണ്, തെരുവിലും സോഷ്യല്‍ മീഡിയയിലും. തനിക്കൊപ്പം സഹസംവാദകനും ജയിക്കണമെന്ന് നമുക്ക് എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ? അവരെ ഇരട്ടപ്പേരിലല്ലാതെ അഭിസംബോധന ചെയ്യാന്‍ നാം പ്രയാസപ്പെടുന്നുണ്ടോ? അവര്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ നമുക്ക് സന്തോഷം വരുന്നുണ്ടോ? എങ്കില്‍ ഈ സംവാദത്തെ പ്രബോധനത്തിന്റെ പരിധിയില്‍ വരവ് വെക്കാനാകുന്നതെങ്ങനെയാണ്? ‘അവര’ങ്ങനെ ആയതിനാലല്ലേ എന്ന ന്യായമുണ്ടാകും. എന്നാല്‍ അബൂജഹ്്‌ലിനെ വരെ അഭിസംബോധന ചെയ്തിട്ടും തിരുനബി(സ)യുടെ ഒരു പദപ്രയോഗവും മ്യൂട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി സംവദിച്ചു തുടങ്ങിയാലോ?



