Connect with us

From the print

ഐ എസ് ആര്‍ ഒയില്‍ അസാധാരണ പ്രതിസന്ധി; കൊഴിഞ്ഞുപോക്ക് തടയാന്‍ നിയന്ത്രണവുമായി കേന്ദ്രം

എത്രപേര്‍ പോകുന്നുവോ, അത്രയും പേര്‍ വരും. പദ്ധതികള്‍ക്ക് തടസ്സമുണ്ടാകരുത്. കൂടുതല്‍ പക്വമായ തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് മെമ്മോ പുറപ്പെടുവിച്ചത്. വിരമിച്ച ഉദ്യോഗസ്ഥരെപ്പോലും പദ്ധതികളില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തന സംസ്‌കാരമാണ് ഐ എസ് ആര്‍ ഒക്കുള്ളത്- ജിതേന്ദ്ര സിംഗ്, കേന്ദ്ര സഹമന്ത്രി

Published

|

Last Updated

ബെംഗളൂരു | ഗഗന്‍യാന്‍ ഉള്‍പ്പെടെ ഐ എസ് ആര്‍ ഒയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. മാസങ്ങള്‍ക്കിടെ ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (യു ആര്‍ എസ് സി), തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വി എസ് എസ് സി) എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരാണ് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ (വി ആര്‍ എസ്) ചെയ്തത്. ഇതേത്തുടര്‍ന്ന് ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സ്വയം വിരമിക്കലിനും രാജിവെക്കലിനുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ബഹിരാകാശ വകുപ്പ് ഐ എസ് ആര്‍ ഒയുടെ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യത്തിന്റെ അഭിമാനദൗത്യമായ ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെട്ട ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും രാജിയും സ്വമേധയാ വിരമിക്കല്‍ അപേക്ഷകളും ഇനി സാധാരണ നടപടിയെന്ന രീതിയില്‍ അംഗീകരിക്കരുതെന്ന് ഈ മാസം 14ന് യു ആര്‍ എസ് സി, വി എസ് എസ് സി കേന്ദ്രങ്ങള്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കരുതെന്നും അവ സെന്റര്‍ ഡയറക്ടര്‍മാരുടെ ശിപാര്‍ശയോടെ അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിന് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ശാസ്ത്ര, സാങ്കേതിക വിഭാഗത്തിന് താഴെയുള്ള തസ്തികകളില്‍ നിന്നുള്ളവരാണെങ്കിലും ഇത് ബാധകമായിരിക്കും. എസ് ജി തസ്തിക വരെയുള്ള ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും രാജി, വി ആര്‍ എസ് അപേക്ഷകള്‍ അംഗീകരിക്കാന്‍ ഐ എസ് ആര്‍ ഒ സെന്റര്‍ ഡയറക്ടര്‍മാര്‍ക്കും മേധാവിമാര്‍ക്കും അനുമതി നല്‍കുന്ന 2020ലെ സുപ്രധാന ഭരണപരമായ തീരുമാനമാണ് പുതിയ ഉത്തരവിലൂടെ അസാധുവായത്.

സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ (എസ് ഡി എസ് സി), ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍ പി എസ് സി), ദി സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (എസ് എ സി), നാഷനല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ ആര്‍ എസ് സി), ഐ എസ് ആര്‍ ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക്, മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി (എം സി എഫ്) തുടങ്ങിയ കേന്ദ്രങ്ങളും പുതിയ നിര്‍ദേശത്തിന്റെ പരിധിയില്‍ വരും.

പുറത്തുപോയത് 120 ഓളം പേര്‍
രാജിവെച്ചവരുടെയും വി ആര്‍ എസ് എടുത്തവരുടെയും കൃത്യമായ കണക്ക് ബഹിരാകാശ വകുപ്പ് പുറത്തുവിട്ടിട്ടില്ലെങ്കിലും 120 ഓളം പേര്‍ ഇത്തരത്തില്‍ പുറത്തുപോയതാണ് വിവരം. യു ആര്‍ എസ് സിയില്‍ നിന്ന് മാത്രം 80ഓളം പേരും വി എസ് എസ് സിയില്‍ നിന്ന് 20ഓളം പേരും പുറത്തുപോയി. വി എസ് എസ് സിയില്‍ ജി എസ് എല്‍ വി- മാര്‍ക്ക് 3യുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച വിക്ടര്‍ ജോസഫ് ടിയും ഇത്തരത്തില്‍ പുറത്തുപോയവരില്‍ ഉള്‍പ്പെടും. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന എല്‍ വി എം- 3 വിക്ഷേപണ വാഹന പദ്ധതിയുടെ തലവനായി ഏകദേശം 13 മാസത്തോളം പ്രവര്‍ത്തിച്ചശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോസഫ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞതെന്നാണ് വിവരം.

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള 2020ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനും 2023ലെ ബഹിരാകാശ നയ രൂപവത്കരണത്തിനും പിന്നാലെ വലിയ വിജയമായി മാറിയ മുന്‍നിര ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് രാജിവെച്ച ശാസ്ത്രജ്ഞരില്‍ ചിലര്‍ ചേക്കേറിയതെന്നാണ് സൂചന. ഐ എസ് ആര്‍ ഒയില്‍ ശാസ്ത്ര, സാങ്കേതിക, അഡ്മിനിസ്ട്രേഷന്‍ മേഖലകളിലായി 18,142 തസ്തികകളാണുള്ളതെന്നും ഇതില്‍ 2,613 ഒഴിവുകളുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. ശാസ്ത്ര- സാങ്കേതിക വിഭാഗത്തില്‍ മാത്രം 2,613 ഒഴിവുകളാണുണ്ടായിരുന്നത്.

Content Highlights: The Central Government has implemented strict restrictions to control the sudden rise in resignations and voluntary retirements among crucial ISRO scientists. The Department of Space issued a new directive requiring all such applications from Group A staff to be sent directly to them for final approval. This measure aims to prevent any disruption to key national missions like the landmark Gaganyaan.

 

 

Latest