Articles
ജ്ഞാനവഴിയിലെ നിത്യവെളിച്ചം
ഇന്ന് മുഹര്‍റം 27. ശിഹാബുദ്ദീന്‍ അഹ്്മദ് കോയ ശാലിയാത്തിയുടെ വഫാത്ത് ദിനം. 72 വർഷങ്ങള്‍ക്കപ്പുറം വിടവാങ്ങിയ, നാല് മദ്ഹബിലും ഫത്്വ നല്‍കാന്‍ അകക്കാമ്പുണ്ടായിരുന്ന മലയാള മണ്ണില്‍ ജനിച്ച ഒരു പണ്ഡിത കേസരി. 1884(ഹിജ്‌റ 1302)ല്‍ ഇമാമുദ്ദീന്‍ അലിയ്യു ശാലിയാത്തിയുടെയും ഫരീദയുടെയും മകനായി ചാലിയത്തെ പൂതാറമ്പത്ത് തറവാട്ടിലാണ് ശാലിയാത്തിയുടെ ജനനം. നവയുഗത്തിലെ ഇമാം നവവിയെന്നും ഇമാം ഗസ്സാലിയെന്നും പണ്ഡിത പ്രമുഖര്‍ വിശേഷിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അല്ലാമാ അഹ്്മദ് കോയ ശാലിയാത്തി. പ്രാഥമിക പഠനം പിതാവില്‍ നിന്ന്. തുടര്‍ന്ന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, നെല്ലിക്കുത്ത് ആലി മുസ്്ലിയാര്‍, അല്ലാമാ ശൈഖ് ഹുസൈന്‍ അഹ്്മദുല്‍ ഖാദിരി, ശൈഖ് അഹ്്മദ് റസാഖാന്‍, സയ്യിദ് മുഹിയിദ്ദീന്‍ അബ്ദു ലത്വീഫുല്‍ ഖാദിരി, മൗലാനാ മുഫ്തി മഹ്‌മൂദ് സാഹിബ് തുടങ്ങിയവരില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നു. വെല്ലൂര്‍ ലത്വീഫിയ്യ കോളജ്, തിരുനല്‍വേലി, ബട്കല്‍, നാഗൂര്‍ , തിരൂരങ്ങാടി, കൊടിയത്തൂര്‍, വട്ടക്കുളം ഇവിടങ്ങളില്‍ മുദർരിസായിരുന്നു. നൂറോളം അമൂല്യഗ്രന്ഥങ്ങളുടെ രചയിതാവാണ്. പൂതാ റമ്പത്ത് വീട്ടില്‍ വലിയ ലൈബ്രറി തന്നെ സ്ഥാപിച്ചിരുന്നു. നാല് മദ്ഹബുകളിലുമുള്ള അവഗാഹം ബോധ്യപ്പെട്ട ഹൈദരാബാദ് നൈസാം രാജാവ് ഉസ്മാന്‍ അലി ഖാന്‍, ഇന്ത്യയുടെ നാനാഭാഗത്തുമുള്ള പണ്ഡിതന്മാര്‍ക്ക് നല്‍കിയിരുന്ന പ്രതിമാസ വേതനം ലഭിച്ചു കൊണ്ടിരുന്ന മലബാറിലെ പണ്ഡിതന്‍ കൂടിയായിരുന്നു അഹ്്മദ് കോയ ശാലിയാത്തി. ഇന്ത്യയില്‍ ഫത്്വ നല്‍കുന്ന മുഫ്തിമാരിലൊരാളായി ഹൈദരാബാദ് രാജാവ് ശാലിയാത്തിയെ അവരോധിച്ചു. അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഫാരിസി, തമിഴ്, കന്നട തുടങ്ങി ധാരാളം ഭാഷകള്‍ വശമുണ്ടായിരുന്നു. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്.
ബിദ്അത്തിലേക്കും വ്യാജ ത്വരീഖത്തിലേക്കുമുള്ള സാധാരണക്കാരുടെ ഒഴുക്കിനെതിരെ തന്റെ തൂലികകളിലൂടെയും ഫത്്വകളിലൂടെയും അതിശക്തമായ പ്രതിരോധം സൃഷ്ടിച്ച് മുസ്്ലിം ഉമ്മത്തിനെ സംരക്ഷിച്ച കരുത്തുറ്റ കാവലാളായിരുന്നു അഹ്്മദ് കോയ ശാലിയാത്തി.
സമസ്തയുടെ ഒരു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന അദ്ദേഹം അവതരിപ്പിച്ച, പുത്തനാശയക്കാരോടുള്ള തര്‍ക്കുല്‍ മുവാലാത്ത് എന്ന പ്രമേയത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഇന്നും പണ്ഡിത ലോകം അനുസ്മരിക്കുന്നു.
കവിതാ രചന, ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, എന്‍ജിനീയറിംഗ്, ത്വല്‍സമാത്ത്, തര്‍ക്കശാസ്ത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും അവഗാഹം നേടിയ മഹാനവര്‍കള്‍ അജ്മീര്‍ ഖ്വാജ തങ്ങളടക്കം ഒട്ടേറെ മഹത്തുക്കളുടെ മൗലിദുകളും മര്‍സിയകളും രചിച്ചിട്ടുണ്ട്. ഇന്ന് മഹ്‌ളറത്തുല്‍ ബദ്്രിയ്യയില്‍ ചൊല്ലുന്ന ഖസ്വീദത്തുല്‍ ബദ്്രിയ രചിച്ചത് അഹ്്മദ് കോയ ശാലിയാത്തിയാണ്. ഖാദിരിയ്യാ ത്വരീഖത്തിന്റെ മുരീദായ മഹാന്‍, മക്കാ മുഫ്തിയായിരുന്ന ശൈഖ് ഹിസ്ബുല്ലാഹിബ്‌നു സുലൈമാനുല്‍ മക്കിയ്യിയില്‍ നിന്നാണ് ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്ത് സ്വീകരിച്ചത്.
ഹിജ്‌റ 1374 മുഹർറം 27ന് (1954 സെപ്തംബര്‍ 24) പതിറ്റാണ്ടുകള്‍ സമൂഹത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞ ആ മഹാന്‍ നാഥനിലേക്ക് യാത്രയായി. താന്‍ സ്ഥാപിച്ച ചാലിയത്തെ അസ്ഹരിയ്യ ഖുതുബ് ഖാനയുടെ മുറ്റത്ത് വിശ്രമിക്കുന്നു.





