Connect with us

Kerala

ശ്രീനാദേവിയെ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; യൂട്യൂബര്‍ അറസ്റ്റില്‍

ശ്രീനാദേവിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു

Published

|

Last Updated

അടൂര്‍ \  വനിതാ യുവ നേതാവിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി കൂമന്‍കുളം തൃക്കാലങ്ങോട് കോഴിത്തല പുള്ളൂര്‍ ഹൗസില്‍ രാജന്‍ ജോസഫ്(48)നെയാണ് അടൂര്‍ പോലീസ് എറണാകുളം കാക്കനാട് നിന്നും അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

2026 ജനുവരി 20 മുതല്‍ 27 വരെയുള്ള തീയതികളിലാണ് ഇയാള്‍ വൈറ്റ് സ്വാന്‍ ടി വി ന്യൂസ്, രാജന്‍ ജോസഫ് പേരുകളില്‍ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകള്‍ വഴിയും യൂട്യൂബ് ചാനല്‍ വഴിയും ശ്രീനാദേവിക്കെതിരേ അപവാദ പ്രചരണങ്ങള്‍ നടത്തിയത്. ശ്രീനാദേവിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അടൂര്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2025 സെപ്റ്റംബര്‍ മാസത്തിലും ഇയാള്‍ ഇതേ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പ്രചരണം നടത്തിയിരുന്നു.

എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത് ഇയാളെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അടൂര്‍ എസ് എച്ച് ഒ അജയന്‍ ജെ, എസ് ഐമാരായ ദീപു ജി എസ്, രാധാകൃഷ്ണപിള്ള, എസ് സി പി ഒ ശ്രീജിത്ത്, സി പി ഒമാരായ നിതിന്‍, ബൈജു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: Adoor police arrested YouTuber Rajan Joseph from Kakkanad for defaming Pathanamthitta district panchayat member Sreenadevi via social media. He circulated abusive content through White Swan TV News and Facebook. Following a complaint, police tracked him down and produced him before the magistrate court.

 

Latest