Connect with us

From the print

തീ പാറും: നാളെ ഇംഗ്ലണ്ട്- നോർവേ, അർജന്റീന- സ്വിറ്റ്‌സർലാൻഡ്

നാളെ പുലർച്ചെ 2.30നാണ് ഇംഗ്ലണ്ട്- നോർവേ മത്സരം. നാളെ പുലർച്ചെ 6.30ന് ലയണൽ മെസ്സിയുടെ അർജന്റീന സ്വിറ്റ്‌സർലാൻഡിനെ എതിരിടും.

Published

|

Last Updated

മയാമി | ഫുട്ബോൾ പ്രേമികളിൽ ആവേശം വിതറുന്ന ഇംഗ്ലണ്ട്- നോർവേ, അർജന്റീന- സ്വിറ്റ്‌സർലാൻഡ് ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി. നാളെ പുലർച്ചെ 2.30നാണ് ഇംഗ്ലണ്ട്- നോർവേ മത്സരം. നാളെ പുലർച്ചെ 6.30ന് ലയണൽ മെസ്സിയുടെ അർജന്റീന സ്വിറ്റ്‌സർലാൻഡിനെ എതിരിടും.

ആരുടെ വേ
മയാമിയിലെ ഹാർഡ്‌റോക്ക് സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും നോർവേയും എതിരിടുക. ആവേശപ്പോരാട്ടത്തിൽ സഹ ആതിഥേയരായ മെക്‌സിക്കോയെ 3-2ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് മുന്നേറിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും വീറോടെ പോരാടിയാണ് ഇംഗ്ലീഷുകാർ വിജയം കുറിച്ചത്.

തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഈ വിജയങ്ങളിലെല്ലാം അവർ കുറഞ്ഞത് രണ്ട് ഗോളുകളെങ്കിലും നേടിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും വിജയം കണ്ടപ്പോൾ, ഘാനയുമായുള്ള ഗോൾരഹിത സമനില മാത്രമാണ് ചെറിയ തിരിച്ചടിയായത്. മിന്നുന്ന ഫോമിൽ കളിക്കുന്ന ഹാരി കെയ്‌നും ജൂഡ് ബെല്ലിംഗ്്ഹാമും ഇംഗ്ലീഷുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇരുവരും യഥാക്രമം 6, 4 ഗോളുകൾ വീതം നേടിക്കഴിഞ്ഞു.

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ 2-1ന് വീഴ്ത്തിയാണ് നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ അവസാന എട്ടിലെത്തിയത്. ലോക റാങ്കിംഗിൽ 31ാം സ്ഥാനത്തുള്ള നോർവേ ഏറ്റവും കഠിനമായ ഐ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. റൗണ്ട് ഓഫ് 32ൽ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി. പിന്നീടാണ് ബ്രസീലിനെ അട്ടിമറിച്ച് ടൂർണമെന്റിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് സൃഷ്ടിച്ചത്. ഈ മത്സരത്തിലെ രണ്ട് ഗോൾ ഉൾപ്പെടെ ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടിയ എർലിംഗ് ഹാലൻഡാണ് ടീമിന്റെ കുന്തമുന.

നേർക്കുനേർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനാണ് മുൻതൂക്കം. 12 മത്സരങ്ങൾ പരസ്പരം കളിച്ചപ്പോൾ ഇംഗ്ലണ്ട് ഏഴും നോർവേ രണ്ടും കളികൾ ജയിച്ചു. മൂന്ന് കളി സമനിലയായി.

ജയം തുടരാൻ അർജന്റീന
രണ്ട് വലിയ പ്രതിസന്ധികളെ അതിജീവിച്ചതിനു ശേഷമാണ് അർജന്റീന സെമി ഫൈനൽ തേടി ഇറങ്ങുന്നത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ കബോ വെർദെയുടെ കനത്ത വെല്ലുവിളി മറികടന്ന (3-2) അർജന്റീന ആവേശപ്പോരിൽ ഈജിപ്തിനെ മറികടന്നാണ് (3-2) ക്വാർട്ടറിലെത്തിയത്.

കളിയവസാനിക്കാൻ 11 മിനുട്ട് മാത്രം ബാക്കിനിൽക്കെ 2-0ന് പിന്നിലായിരുന്ന മെസ്സിപ്പട പിന്നീട് മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മിന്നും ജയം സ്വന്തമാക്കിയത്. മത്സരത്തിൽ റഫറിയുടെ പല തീരുമാനങ്ങളും അർജന്റീനക്ക് അനുകൂലമായെന്ന വാദം ശക്തമായതിനാൽ അതിനും കൂടി മറുപടി നൽകിക്കൊണ്ട് സ്വിറ്റ്സർലാൻഡിനെതിരെ വലിയൊരു ജയമാകും അർജന്റീനക്കാർ ലക്ഷ്യമിടുക. മിന്നുന്ന ഫോമിലുള്ള ലയണൽ മെസ്സി സ്വിസ്സ് പ്രതിരോധത്തിന് കനത്ത വെല്ലുവിളിയുയർത്തും. 2022 ഖത്വർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സഊദി അറേബ്യയോട് തോറ്റതിനു ശേഷം, ലോകകപ്പിലെ കഴിഞ്ഞ 11 മത്സരങ്ങളിൽ അർജന്റീന തോൽവി അറിഞ്ഞിട്ടില്ല. ചരിത്രവും ലാറ്റിനമേരിക്കൻ ടീമിന് അനുകൂലമാണ്. സ്വിറ്റ്‌സർലാൻഡുമായി പ്രധാന ടൂർണമെന്റുകളിൽ ഏറ്റുമുട്ടിയ രണ്ട് തവണയും അർജന്റീനക്കായിരുന്നു വിജയം.

ചരിത്രത്തിലെ ആദ്യ സെമി ഫൈനൽ ലക്ഷ്യമിട്ടാണ് സ്വിറ്റ്‌സർലാൻഡുകാർ ഇറങ്ങുക. 1954ൽ തങ്ങളുടെ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിനു ശേഷം ടീമിന്റെ ആദ്യ ക്വാർട്ടർ പ്രവേശനമാണിത്. ടൂർണമെന്റിൽ കൺകുളിർപ്പിക്കുന്നതായിരുന്നില്ലെങ്കിലും കരുത്തുറ്റ പോരാട്ടമാണ് ടീം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ ഖത്വറിനോട് സമനില വഴങ്ങിയ (1-1) ടീം പിന്നീട് ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ 4-1നും കാനഡയെ 2-1നും പരാജയപ്പെടുത്തി ശക്തമായി തിരിച്ചുവന്നു. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അൾജീരിയയെ (2-0) വീഴ്ത്തി. പ്രീ ക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) തോൽപ്പിച്ചു. യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 2026 ലോകകപ്പ് യാത്രയിലുടനീളം ഒരു ഘട്ടത്തിൽ പോലും പിന്നിലായിട്ടില്ല എന്നത് ടീമിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

Latest