Connect with us

Kerala

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്; അനസ്‌തേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചു

പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികള്‍ക്ക് ആറുവര്‍ഷത്തിനു ശേഷം ജനിച്ച ഏക മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ദമ്പതികള്‍ക്ക് ആറ് വര്‍ഷത്തിന് ശേഷം ജനിച്ച ഏക മകനാണിത്.

നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷനല്‍കിയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റിയതോടെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ രക്തസമ്മര്‍ദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യം കുഞ്ഞിനെ പയ്യന്നൂര്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത്. അതിനുശേഷം പ്ലാസ്റ്റിക്ക് സര്‍ജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാല്‍ സര്‍ജന്‍ അനസ്‌തേഷ്യ നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിരുന്നു.

 

Content Highlights:
A toddler died after losing consciousness due to anesthesia given for a wound stitch at Payyannur Baby Memorial Hospital. The child suffered a cardiac arrest and was later declared brain dead at a Kannur hospital. Police registered a case against the anesthesia doctor following negligence complaints.

Latest