Connect with us

Articles

പദ്ധതിയുടെ മൂല്യം സാമ്പത്തികം മാത്രമല്ല

യാത്രാ ഇളവുമായി ബന്ധപ്പെട്ട് 600 കോടി രൂപ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാകും എന്ന് പറയുമ്പോള്‍ അതിന്റെ മറ്റൊരര്‍ഥം 600 കോടി രൂപ കേരളത്തിലെ കുടുംബങ്ങളിലേക്ക് എത്തുന്നു എന്നാണ്. മലയാളി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം യാത്രാ ചെലവ് ഇനത്തില്‍ 600 കോടി രൂപ ലാഭം കിട്ടും. ഈ തുക അവര്‍ മറ്റ് തരത്തില്‍ ചെലവഴിക്കാന്‍ തുടങ്ങും. അത് തീര്‍ച്ചയായും ആ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

Published

|

Last Updated

കേരളത്തില്‍ വനിതകള്‍ക്ക് ഓര്‍ഡിനറി സര്‍ക്കാര്‍ ബസുകളില്‍ സ്ഥല- സമയ- തവണ പരിമിതിയില്ലാതെ സൗജന്യ യാത്ര അനുവദിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പൊതുജനാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇത് കെ എസ് ആര്‍ ടി സിയെ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് ഒരു വാദം. കെ എസ് ആര്‍ ടി സി ഈ സ്‌കീമില്‍ നല്‍കുന്ന ടിക്കറ്റുകളുടെ ചാര്‍ജ് സര്‍ക്കാര്‍ അവര്‍ക്ക് തിരിച്ചുകൊടുത്താല്‍ പിന്നെ നഷ്ടമെന്ന വാദത്തിന് സാംഗത്യമില്ല. സ്ത്രീകള്‍ക്ക് മാത്രമായി ഇളവ് കൊടുക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയെന്ന ആശയത്തിന് വിരുദ്ധമാണ് എന്നതാണ് മറ്റൊരു വാദം. തുല്യതയെന്ന ആശയത്തില്‍ തന്നെ തുല്യരാക്കുക, ആളുകളെ ശാക്തീകരിക്കുക എന്നൊരാശയം കൂടിയുണ്ട് എന്നത് തിരിച്ചറിഞ്ഞാല്‍ ഈ ഇളവ് പുരുഷവിരുദ്ധമല്ലെന്ന് കാണാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതിനേക്കാളുപരി സ്ത്രീകള്‍ ഒറ്റക്കല്ലല്ലോ ജീവിക്കുന്നത്. അവര്‍ കുടുംബങ്ങളുടെ ഭാഗമാണ്. ടിക്കറ്റ് ഇനത്തില്‍ വനിതകള്‍ക്ക് ലഭിക്കുന്ന ഇളവ് അവരുടെ കുടുംബ ബജറ്റിനെ ശക്തിപ്പെടുത്തും. മിക്കപ്പോഴും പരോക്ഷമായി കുടുംബനാഥന്റെ സാമ്പത്തിക ബാധ്യതകളെ കുറയ്ക്കും. ഈ നിലയില്‍ നോക്കുമ്പോള്‍ വനിതകള്‍ക്കുള്ള ടിക്കറ്റ് ഇളവ് മലയാളി പുരുഷന്മാര്‍ക്കും മലയാളി കുടുംബങ്ങള്‍ക്കും ഒരുപോലെ സഹായകരമാണ്. വനിതകള്‍ക്കുള്ള യാത്രാ ഇളവ് കുടുംബ സൗഹൃദമായ ഒന്നാണ്. അതില്‍ പുരുഷവിരുദ്ധമായ യാതൊന്നുമില്ല.

യാത്രാ ഇളവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക ചെലവിലേക്ക് സര്‍ക്കാര്‍ പുതിയ ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതായത് 600 കോടി രൂപ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാകും എന്ന് പറയുമ്പോള്‍ അതിന്റെ മറ്റൊരര്‍ഥം 600 കോടി രൂപ കേരളത്തിലെ കുടുംബങ്ങളിലേക്ക് എത്തുന്നു എന്നാണ്. മലയാളി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം യാത്രാ ചെലവ് ഇനത്തില്‍ 600 കോടി രൂപ ലാഭം കിട്ടും. ഈ തുക അവര്‍ മറ്റ് തരത്തില്‍ ചെലവഴിക്കാന്‍ തുടങ്ങും. അത് തീര്‍ച്ചയായും ആ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പ്രതിമാസം 1,000 രൂപയെങ്കിലും യാത്രാ ചെലവ് ഇനത്തില്‍ ഇളവ് കിട്ടുന്ന കുടുംബങ്ങള്‍ക്ക് ആ പണം കൊണ്ട് ഭക്ഷണമോ വസ്ത്രമോ വാങ്ങാം. ചികിത്സാ ചെലവിലേക്ക് മാറ്റിവെക്കാം. അല്ലെങ്കില്‍ ചെറിയ ഒരു ചിട്ടിയോ സമ്പാദ്യമോ ആക്കി മാറ്റാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ടിക്കറ്റില്‍ ഉള്ള ഇളവ് ക്ഷേമം ഉയര്‍ത്തുകയേ ഉള്ളൂ. നിലവില്‍ സര്‍ക്കാര്‍ ബസില്‍ ഇളവ് കൊടുക്കുമ്പോള്‍ അത് സ്വകാര്യ ബസുകളെ ബാധിക്കും എന്നത് പരിഹരിക്കാനുള്ള മാര്‍ഗം വനിതകള്‍ക്കുള്ള ഇളവ് സ്വകാര്യ ബസുകളിലും നടപ്പാക്കുക എന്നതാണ്. സ്വകാര്യ ബസുകള്‍ക്കുള്ള നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കുക എന്നതാണ്. അഴിമതിയില്ലാതെ എങ്ങനെ ഇക്കാര്യം ഡിജിറ്റല്‍ ടിക്കറ്റിംഗിലൂടെ ചെയ്യാന്‍ കഴിയും എന്നാലോചിക്കുകയാണ് വേണ്ടത്.

കേരളത്തില്‍ പലതരത്തില്‍ ആളുകളിലേക്ക് പണം എത്തിക്കുന്ന ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ടല്ലോ. എന്നാല്‍ അവക്കൊന്നും കൊടുക്കാന്‍ കഴിയാത്ത വലിയൊരു പോപ്പുലാരിറ്റി ഇപ്പോഴത്തെ യാത്രായിളവ് പദ്ധതിക്കുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും അടിസ്ഥാന സിദ്ധാന്തങ്ങളില്‍ ഒന്നായ ഉപയുക്തത(ഡശേഹശ്യേ)യെന്ന ആശയത്തിന്മേലാണ് ഈ പോപ്പുലാരിറ്റി കിടക്കുന്നത്. ഉപയുക്തതാ സിദ്ധാന്തമനുസരിച്ച് നമുക്ക് പൈസ കിട്ടുമ്പോള്‍ നമ്മള്‍ സന്തോഷിക്കുകയും അത് ചെലവഴിക്കുമ്പോള്‍ ദുഃഖം തോന്നുകയും ചെയ്യുന്നു. മിക്കപ്പോഴും നമ്മുടെ കൈയില്‍ നിന്ന് പൈസ പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് കൂടുതല്‍ ദുഃഖമാണ് തോന്നുക. പെന്‍ഷന്‍ വരുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ കൂടുതലായിരിക്കും അത് ചെലവഴിക്കുമ്പോള്‍ തോന്നുന്ന ദുഃഖം. പൈസ വരുമ്പോഴുള്ള സന്തോഷവും അത് ചെലവഴിക്കുമ്പോഴുള്ള സങ്കടവും തുല്യതപ്പെടുത്തുന്ന രീതിയില്‍ നമ്മള്‍ പണം ചെലവഴിക്കുന്നു. അതായത് പണം കൊടുത്ത് വാങ്ങുന്ന സാധനം നമുക്ക് തരുന്ന സന്തോഷം കൊണ്ട് പണം പോകുമ്പോള്‍ ഉണ്ടാകുന്ന വിഷമത്തെ നമ്മള്‍ മറികടക്കുന്നു. എന്നാല്‍ മിക്കപ്പോഴും നമ്മുടെ ആവശ്യങ്ങള്‍ കൂടുതലും കൈയിലുള്ള പണം കുറവുമായതിനാല്‍ എപ്പോള്‍ പണം ചെലവഴിച്ചാലും മധ്യവര്‍ഗ മനുഷ്യര്‍ക്ക് ദുഃഖമായിരിക്കും മുന്നിട്ടു നില്‍ക്കുക. ഓരോ തവണ കൈയില്‍ നിന്ന് പണം പോകുമ്പോഴും അത് അവരെ കൂടുതല്‍ ദുഃഖിതരാക്കും. പാവപ്പെട്ട ആളുകളുടെ പോക്കറ്റ് കാലിയാകുമ്പോള്‍ അവര്‍ കൂടുതല്‍ മാനസികമായി തളരും എന്ന് ചുരുക്കം. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന മിക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്കും ഇത് ബാധകമാണ്.

എന്നാല്‍ വനിതകള്‍ക്ക് ടിക്കറ്റ് ഇളവ് കൊടുക്കുമ്പോള്‍ അത് ഉപയുക്തതാ സിദ്ധാന്തത്തിന്റെ സന്തോഷ- ദുഃഖ സാധ്യതകളെ മറികടക്കുന്നു. അതെങ്ങനെയാണെന്ന് നോക്കാം. വനിതകളുടെ യാത്രാ ഇളവ് പദ്ധതിയില്‍ സ്ത്രീകളുടെ കൈയില്‍ നിന്ന് ഒരു പൈസ പോലും പുറത്തേക്ക് പോകുന്നില്ല. അവര്‍ക്ക് ഓര്‍ഡിനറി ബസില്‍ ഇഷ്ടംപോലെ യാത്ര ചെയ്യാം. അതായത് വിലകൊടുക്കാതെ അവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ തങ്ങളുടെ യാത്രകളെ അവര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. അതുവഴി അവര്‍ക്ക് അപരിമിതമായ സന്തോഷമാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് വനിതാ യാത്രക്കാര്‍ ഈ ഇളവ് ഉപയോഗിച്ച് യാത്ര ചെയ്യുന്നു എന്നത് സൂചിപ്പിക്കുന്നത് ഈ പദ്ധതി വനിതകള്‍ക്ക് നല്‍കുന്ന ക്ഷേമത്തെ, സന്തോഷത്തെ, സംതൃപ്തിയെ ആണല്ലോ. ഇതിനു പകരം അവര്‍ക്കൊരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. അതായത് സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ പോകുമ്പോള്‍ ഉണ്ടാകുന്ന വേദനയൊട്ടുമില്ലാതെയാണ് വനിതകള്‍ യാത്ര ചെയ്യുന്നത്. സന്തോഷം മാത്രം തരുന്ന ഒരു പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വനിതാ യാത്രാ ഇളവ് പദ്ധതിയായ ഇന്ദിര പ്രിയദര്‍ശിനി പദ്ധതി. സാമ്പത്തികമായി മാത്രമുള്ള ക്ഷേമമല്ല മറിച്ച് അപരിമിതമായ മാനസിക സൗഖ്യം കൂടി മലയാളികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. ഭരണകൂടം ലാഭമുണ്ടാക്കുന്ന, ലാഭമുണ്ടാക്കാനുള്ള ഒന്നാണെന്ന തലതിരിഞ്ഞ മുതലാളിത്ത യുക്തിയില്‍ മാത്രമാണ് ഇന്ദിര പ്രിയദര്‍ശിനി പദ്ധതി നഷ്ടമോ ലാഭമോ എന്ന ചര്‍ച്ച വരുന്നത്. ആളുകള്‍ ജോലി ചെയ്യുന്നു, പണം സമ്പാദിക്കുന്നു, അത് ചെലവഴിക്കുന്നു, അതിലൊരു വീതം നികുതിയായും ലാഭമായും ഫീസ് ആയുമൊക്കെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നു. അതേ പണം മറ്റ് രീതിയില്‍ ജനങ്ങളിലേക്ക് തന്നെ എത്തുന്നു. ഭരണവും മനുഷ്യ ജീവിതവും ഒരേ കാര്യത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണ്. പരസ്പരപൂരിതമായവയാണ് മനുഷ്യജീവിതങ്ങളും ഭരണകൂട പ്രവര്‍ത്തനങ്ങളും. ഒന്ന് മറ്റൊന്നിനെ സഹായിക്കുന്നു. ഈ പരസ്പര സഹകരണത്തെ അര്‍ഥപൂര്‍ണമാക്കുന്ന സാര്‍ഥകമായ ഒരു പദ്ധതിയാണ് ഇന്ദിര പ്രിയദര്‍ശിനി യാത്രാ പദ്ധതി. അതില്‍ നഷ്ടമില്ല, ലാഭവും സന്തോഷവും സാമൂഹിക ക്ഷേമവും മാത്രമേയുള്ളൂ.

 

Latest