From the print
അടിച്ചും തിരിച്ചടിച്ചും യു എസ്- ഇറാന്‍
രണ്ട് ദിവസമായി യു എസ് നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍.
തെഹ്‌റാന്‍/ദോഹ | യു എസ് തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇറാന്‍ നഗരങ്ങളില്‍ നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി ബഹ്‌റൈന്‍, കുവൈത്ത്, ഖത്വര്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടെന്ന് ഇറാന്‍. രണ്ട് ദിവസമായി യു എസ് നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ബുശെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക് തുടങ്ങിയ നഗരങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായി. സിറിക് നഗരത്തിലെ മത്സ്യബന്ധന തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു. ബുശെഹര്‍ ആണവ വൈദ്യുത നിലയത്തിന് സമീപം അമേരിക്ക വ്യോമാക്രമണം നടത്തിയെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ഇറാനിലെ തെക്കുകിഴക്കന്‍ നഗരമായ ഇറാന്‍ശഹര്‍ വ്യോമതാവളത്തിനു നേരെ നടത്തിയ ആക്രമണത്തിന്റെ ചിത്രവും വീഡിയോയും യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) ഭാഗികമായി ഉപയോഗിച്ചിരുന്ന വ്യോമതാവളമാണിതെന്നാണ് റിപോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുനേരെ ഇറാന്‍ നടത്തുന്ന ഓരോ ആക്രമണത്തിനും മറുപടിയായി, ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ യു എസ് സൈന്യം 20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളെ യു എസ് ആക്രമണം ഗുരുതരമായി ബാധിച്ചെന്ന് ഇറാന്‍ സൈന്യമായ ഐ ആര്‍ ജി സി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യു എസ് സൈനിക ആക്രമണങ്ങള്‍ ഇറാന്റെ ശക്തമായ തിരിച്ചടിക്ക് കാരണമാകുക മാത്രമല്ല, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തെയും തടസ്സപ്പെടുത്തും. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം 50 ശതമാനം വരെ മാത്രമാണ് പുനഃസ്ഥാപിക്കപ്പെട്ടത്. ഇറാനിലും ഹോര്‍മുസ് കടലിടുക്കിലും വിദേശികള്‍ക്ക് ഒരു അവകാശവുമില്ലെന്നും ഐ ആര്‍ ജി സി കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തിനിടെ, ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ തീരപ്രദേശങ്ങളിലെ 170ലധികം സൈനിക ലക്ഷ്യങ്ങളെ യു എസ് സേന ആക്രമിച്ചതായി യു എസിന്റെ സെന്‍ട്രല്‍ കമ്മാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണ്‍- മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, അതിവേഗ സൈനിക ബോട്ടുകള്‍, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ഗതാഗതം തകര്‍ക്കാന്‍ ഇറാന്‍ നടത്തുന്ന നീക്കം ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം ഒടുവില്‍ നടന്ന രണ്ട് ദിവസത്തെ സൈനിക നീക്കത്തില്‍ ലക്ഷ്യമിട്ടതിന്റെ 14 മടങ്ങ് ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും സെന്റ്‌കോമിനെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
Content Highlights:
The United States and Iran have engaged in retaliatory military strikes, significantly escalating tensions in the Middle East. Both nations exchanged heavy fire, raising global concerns over a potential full-scale regional war. International observers are calling for immediate de-escalation.



