Connect with us

articles

റിവേഴ്സ് റെമിറ്റന്‍സ് ഒരു അബദ്ധ വാദമാണ്

ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്ന് മറ്റൊരു സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് പണം ഒഴുകുന്ന റിവേഴ്സ് റെമിറ്റന്‍സ് എന്ന സങ്കല്‍പ്പത്തെ ശരിയായി മനസ്സിലാക്കുന്നിടത്ത് ഗുരുതരമായ പിഴവ് വന്നിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കെതിരെ ഇപ്പോള്‍ സൃഷ്ടിച്ച റിവേഴ്‌സ് റെമിറ്റന്‍സ് എന്ന സാമ്പത്തിക ഫോബിയ അനാവശ്യമാണ്. അത് നമ്മുടെ നാടിന്റെ അന്തസ്സിനെ മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥിതിയെത്തന്നെ തകര്‍ക്കും. തീര്‍ത്തും അക്കാദമികമായ വിചിന്തനത്തിലൂടെ ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ.

Published

|

Last Updated

സാമ്പത്തിക ശാസ്ത്രത്തിലെ “റിവേഴ്സ് റെമിറ്റന്‍സ്’ എന്ന സാങ്കേതിക പ്രയോഗം കടമെടുത്ത്, അതിഥി തൊഴിലാളികള്‍ നിലവില്‍ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് ശക്തമായ ആഘാതമേല്‍പ്പിക്കുന്നുവെന്നും ഈ ആഘാതം പഠന വിധേയമാക്കേണ്ടതുണ്ടെന്നുമാണ് കേരള മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. മുമ്പും അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നുവെങ്കിലും അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇവ്വിഷയത്തില്‍ കേരളത്തിനകത്തും പുറത്തും രൂപപ്പെട്ടുവന്നിട്ടുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് ഒരു നാടിന്റെ മൊത്തം അഭിപ്രായമായി വ്യാഖ്യാനിക്കാനും പൊതുസ്വീകാര്യമായ പ്രസ്താവനയായി വിലയിരുത്താനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു. മാനുഷികവും സാംസ്‌കാരികവുമായ തലങ്ങളിലുള്ള എതിര്‍പ്പുകളും വിയോജിപ്പുകളും ധാരാളമായി ഉയര്‍ന്ന ഈ പശ്ചാത്തലത്തില്‍ ഈ നിര്‍മിത ആശങ്ക സാമ്പത്തിക ശാസ്ത്രമായി എത്രമാത്രം ശരിയാണെന്ന് വിലയിരുത്തേണ്ടതുണ്ട്.

ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്ന് മറ്റൊരു സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് പണം ഒഴുകുന്ന റിവേഴ്സ് റെമിറ്റന്‍സ് എന്ന സങ്കല്‍പ്പത്തെ ശരിയായി മനസ്സിലാക്കുന്നിടത്ത് ഗുരുതരമായ പിഴവ് വന്നിട്ടുണ്ട്. ഇന്ത്യാ രാജ്യം നൂറുകൂട്ടം കാര്യങ്ങള്‍ ചേര്‍ത്തുവെച്ച് ഒരൊറ്റ സാമ്പത്തിക വ്യവസ്ഥിതിയായി തുടരുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ മറ്റൊരു സാമ്പത്തിക വ്യവസ്ഥിതിയായി കാണാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്. വില്ലേജ്, പഞ്ചായത്ത്, ജില്ല, സംസ്ഥാനം ഇവയൊക്കെ പലകാര്യങ്ങളിലും വേറിട്ടാണ് നില്‍ക്കുന്നത്. പക്ഷേ അതുകൊണ്ട് മാത്രം ഇവയെയെല്ലാം വേറിട്ടൊരു സാമ്പത്തിക സംവിധാനമാക്കി മാറ്റി പരസ്പരം പണമൊഴുകാനുള്ള വാതിലുകള്‍ അടച്ചാല്‍ ആര്‍ക്കായിരിക്കും നഷ്ടമെന്ന് അളക്കാവുന്നതേയുള്ളൂ. ലോകത്തെ മൊത്തം ഒരൊറ്റ സാമ്പത്തിക വ്യവസ്ഥിതിയായി കാണേണ്ട സാഹചര്യത്തിലാണ് ഇപ്പോള്‍ നാമുള്ളത്. ഒരു രാഷ്ട്രവും സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വ്യവസ്ഥിതി ആഗ്രഹിക്കുന്നില്ല. പരസ്പരം വെട്ടിമുറിച്ച് അളന്ന് വിനിമയം നടത്തുന്ന രീതി ഏതായാലും മന്‍മോഹന്‍ സിംഗിന്റെ അനന്തരാവകാശികളില്‍ നിന്നുണ്ടായി എന്നത് ഖേദകരമാണ്. കാരണം ഫ്രീമാര്‍ക്കറ്റ് എന്ന ആശയത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച വ്യക്തിയാണല്ലോ അദ്ദേഹം.

ഫ്രീമാര്‍ക്കറ്റ് എന്ന ആശയത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ് ഫ്രീലേബര്‍ മാര്‍ക്കറ്റ് അല്ലെങ്കില്‍ ഓപണ്‍ ലേബര്‍ മാര്‍ക്കറ്റ്. സാമ്പത്തിക ശാസ്ത്രമനുസരിച്ച് ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ സ്വാഭാവികമായും ലഭ്യത അഥവാ സപ്ലൈ സൃഷ്ടിക്കപ്പെടുന്നു. ഈ ഡിമാന്‍ഡും സപ്ലൈയും തൊഴിലാളികളുടെ വേതനവും കാര്യക്ഷമതയും മറ്റും തീരുമാനിക്കുന്നു. നമ്മുടെ നാട്ടില്‍ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. എല്ലാവരും പഠനം നടത്തുന്നത്, യുവാക്കള്‍ അന്യനാടുകളിലേക്ക് ജോലിക്ക് പോകുന്നത്, പ്രായമായവരുടെ എണ്ണം കൂടി വരുന്നത്… ഇങ്ങനെ നൂറുകൂട്ടം കാരണങ്ങളാല്‍ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികള്‍ക്ക് സ്വന്തം നാട്ടുകാരെ കിട്ടാത്ത അവസ്ഥയുണ്ട്. സ്വാഭാവികമായും ഇവിടെ തൊഴിലാളികള്‍ വന്നേ പറ്റൂ. വരികയും ചെയ്യും. മുഖ്യമന്ത്രിയുടെ പ്രസ്താവന മനസ്സിലാക്കിത്തരുന്നതുപോലെ തൊഴിലാളികളുടെ ഈ ലഭ്യത കുറച്ചാലുണ്ടാകുന്ന വിനാശം അളക്കാനാകാത്തതായിരിക്കും. ഓപണ്‍ മാര്‍ക്കറ്റ് എന്ന പുരോഗമനാശയത്തിലൂടെ നമ്മുടെ നാടിനു ലഭിച്ച ഈ അനുഗ്രഹം തല്ലിക്കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ഡിമാന്‍ഡും സപ്ലൈയും വേതനം നിര്‍ണയിക്കുന്ന ഈ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞാല്‍ വേതനം കുതിച്ചുയരും. ഇത് വീണ്ടും നമ്മെ തകര്‍ക്കും. അടിസ്ഥാനപരമായി സാമ്പത്തിക മേഖല തകര്‍ന്നുപോകും.

സാമ്പത്തിക വിദഗ്ധര്‍ക്കെല്ലാം അറിയാം, അസംസ്‌കൃത വസ്തുക്കളും തൊഴിലാളികളുമാണ് ഉത്പാദന വ്യവസ്ഥിതിയുടെ നട്ടെല്ല്. കേരളത്തിലുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ എത്ര ശതമാനം നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്നതാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? സിമന്റ്, കമ്പി തുടങ്ങിയവക്കെല്ലാം ഇതര സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അരി മുതല്‍ പച്ചക്കറി വരെ ഇതരസംസ്ഥാനങ്ങള്‍ക്ക് പണം നല്‍കി വാങ്ങുന്ന നമുക്ക് അവിടെയൊന്നും റിവേഴ്സ് റെമിറ്റന്‍സ് എന്ന സാമ്പത്തിക ആശയം പ്രതിസന്ധിയാകാതെ അതിഥി തൊഴിലാളികള്‍ക്ക് മാത്രം പ്രശ്‌നമാകുന്നത് എങ്ങനെയാണ്. നമ്മുടെ നാട്ടില്‍ എല്ലാ അസംസ്‌കൃത വസ്തുക്കളും ഉപഭോഗ വസ്തുക്കളും ഉണ്ടാകണമെന്ന വാശിയായിരുന്നു ഒരു സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്.

ഒരു തൊഴിലാളിയുടെ തൊഴില്‍ അഥവാ ലേബര്‍ പൂര്‍ണാര്‍ഥത്തില്‍ പാഴ് ചെലവാണ് എന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ വിവാദത്തിലിരിക്കുന്ന റിവേഴ്സ് റെമിറ്റന്‍സ് എന്ന ആശയം പ്രസക്തമാകുന്നുള്ളൂ. ഒരു ലേബര്‍ ഇവിടെ സൃഷ്ടിക്കുന്ന ഹ്രസ്വകാല- ദീര്‍ഘകാല ആസ്തിയും ലാഭവും മറ്റും അളന്നുതിട്ടപ്പെടുത്തുമ്പോള്‍ നല്‍കിയ വേതനത്തേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും നമുക്ക് ലഭിച്ചിട്ടുണ്ടാകുക. സാമ്പത്തിക ശാസ്ത്രം ഇത് വളരെയേറെ വിശദീകരിച്ചതാണ്. ഇവിടെ മുഖ്യമന്ത്രിക്ക് കാലിടറി എന്ന് പറയാതിരിക്കാന്‍ വയ്യ. തൊഴിലാളികള്‍ തൊഴില്‍ ദായകര്‍ക്ക് സൃഷ്ടിച്ച ലാഭം എത്രയാണെന്നും അത് നമ്മുടെ നാട്ടില്‍ പണമായുണ്ടെന്നും മുഖ്യമന്ത്രി മറന്നു. ദീര്‍ഘകാല ആസ്തികള്‍ നല്‍കുന്ന വരുമാനവും കണക്കാക്കിയിട്ടില്ല. ആയിരം കോടിയുടെ നിര്‍മാണം നടക്കുമ്പോള്‍ പകുതിയും അതിഥി തൊഴിലാളികള്‍ക്ക് പോകുന്നുവെന്ന് പറഞ്ഞ് പുതിയൊരു ആഖ്യാന രീതി സൃഷ്ടിച്ചത് സാമ്പത്തിക ശാസ്ത്രമനുസരിച്ച് വലിയൊരു അബദ്ധമാണ്. ആ നിര്‍മാണത്തിന് വന്ന ചെലവ് ആയിരം കോടിയാണെങ്കിലും ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ ഈ ചെലവ് മാത്രമായിരുന്നില്ല കൂട്ടേണ്ടത്. പകുതി ആ തൊഴിലാളികള്‍ക്ക് പോയെങ്കിലും അതിന്റെ എത്രയോ ഇരട്ടിയാണ് അവര്‍ ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ലോകത്തെ എല്ലാ സമ്പന്ന രാഷ്ട്രങ്ങളും ഓപണ്‍ ലേബര്‍ മാര്‍ക്കറ്റിലൂടെ തൊഴിലാളികളെ സ്വീകരിക്കുന്നത്.

ഒരു കാര്യവും കൂടി തിരുത്തിയേ പറ്റൂ. ഗോതമ്പും പരിപ്പും പിന്നെ മദ്യവും മാത്രമല്ല അവര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് ബാക്കിവെച്ചത്. അവരുടെ അധ്വാനവും മുതലാളിക്ക് ലാഭവും മാത്രമല്ല. 40 ലക്ഷം തൊഴിലാളികള്‍ അന്തിയുറങ്ങുന്ന വാടക, അവരുടെ ഗതാഗതം, അവരുടെ നിത്യജീവിത സാധനങ്ങള്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്നത്, അവരുടെ ഡിജിറ്റല്‍ ചെലവുകള്‍, മറ്റു സര്‍വീസുകള്‍ എല്ലാം ഓര്‍ക്കണം. ഈ അര്‍ഥത്തില്‍ പരോക്ഷ നികുതിയും നല്‍കുന്നവരാണ് അവര്‍. എല്ലാത്തിനും പുറമെ, ഔദ്യോഗിക സംവിധാനം വഴി അഥവാ ബേങ്ക് യു പി ഐ വഴി പണമടച്ചാല്‍ ബേങ്കിംഗ് മേഖലക്ക് ഉണ്ടാകുന്ന ഉണര്‍വും ചെറുതല്ലല്ലോ. സാമ്പത്തിക ശാസ്ത്രമനുസരിച്ച് നിസ്സാരമായി തള്ളേണ്ടതല്ല ഇത്.

ഇത്തരം ഒരു ചര്‍ച്ച ഭരണാധികാരികള്‍ തന്നെ ഉന്നയിച്ച സ്ഥിതിക്ക് കേരളത്തിന്റെ റിവേഴ്സ് റെമിറ്റന്‍സ് ഏതെല്ലാം മേഖലയിലാണെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. ഭക്ഷണം മുതല്‍ അസംസ്‌കൃത വസ്തുക്കള്‍ വരെ പുറം ലോകത്ത് നിന്ന് വാങ്ങുന്ന നമ്മള്‍, ഇതിലും ഭീകരമായി ഇന്ത്യക്ക് പുറത്തേക്ക് റിവേഴ്സ് റെമിറ്റന്‍സ് നടത്തുന്നവരാണ്. എത്ര കുട്ടികള്‍ വിദേശത്ത് പോയി ലക്ഷങ്ങള്‍ കൊടുത്ത് പഠിക്കുന്നു, എത്ര കോടി രൂപ ഇങ്ങനെ പുറത്തേക്ക് പോകുന്നുവെന്ന് പഠിക്കണം. വിദേശ ഇന്‍വെസ്റ്റ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന കാലമാണിത്. മറ്റു രാഷ്ട്രങ്ങളിലെ സ്റ്റോക് മാര്‍ക്കറ്റുകളിലും റിയല്‍ എസ്റ്റേറ്റുകളിലും ബേങ്കുകളിലും നമ്മുടെ ഇന്‍വെസ്റ്റ്‌മെന്റുകള്‍ എത്രയോ ഭീകരമാണ്. നാം ആദരിച്ച് വളര്‍ത്തുന്ന കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍, വ്യവസായ ഭീമന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഈ വിഷയത്തില്‍ മുന്‍പന്തിയിലുണ്ട്. രാഷ്ട്രീയക്കാരുമുണ്ടാകും. കൂടാതെ, ഓണ്‍ലൈന്‍ പര്‍ച്ചേയ്സ് ആപ്പുകളിലൂടെയാണ് ഇന്ന് ഒട്ടുമിക്ക കച്ചവടവും നടക്കുന്നത്. ഡെലിവറി സംവിധാനങ്ങള്‍ക്ക് കിട്ടുന്ന വരുമാനമല്ലാതെ ഇതില്‍ നിന്ന് നമുക്ക് ഒന്നും ലഭിക്കില്ല. ഇങ്ങനെ നീണ്ട പട്ടിക ഇവ്വിഷയത്തിലുണ്ട്. ഇപ്പറഞ്ഞതെല്ലാം നമ്മുടെ നാട്ടില്‍ ഒരു അധ്വാനവും ഫലവും ആസ്തിയും ബാക്കിവെക്കാതെയാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതിനെയെല്ലാം തടയിടുന്ന രൂപത്തില്‍ ഒരു ആധുനിക കേരളത്തെയാണ് മുഖ്യമന്ത്രി സൃഷ്ടിക്കേണ്ടത്. അതിന്റെ ശില്‍പ്പിയായി അദ്ദേഹം അറിയപ്പെടുകയാണ് വേണ്ടത്. അപ്പോള്‍ അതിഥി തൊഴിലാളികളുടെ എണ്ണം കൂടുകയേയുള്ളൂ; കുറയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതിഥി തൊഴിലാളികള്‍ അധ്വാനിച്ചുണ്ടാക്കിയ എല്ലാ പണവും നമ്മുടെ സംസ്ഥാനത്ത് തന്നെ വിനിയോഗിക്കണമെന്ന് സര്‍ക്കാറിന് ഇനിയും വാശിയുണ്ടെങ്കില്‍ ചെയ്യേണ്ടത് അവരുടെ കുടുംബത്തെക്കൂടി ഇവിടെയെത്തിക്കുക എന്നതാണ്. അതിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് കൂടി ജോലി നല്‍കേണ്ടിവരും. സ്‌കൂളുകളും മറ്റു സംവിധാനങ്ങളും അവരെയുള്‍ക്കൊള്ളാന്‍ പാകപ്പെടേണ്ടി വരും. ഇത് മുഖേന നമ്മുടെ നാട് വീണ്ടും വികസിക്കുക മാത്രമേ ചെയ്യൂ. അതോടൊപ്പം, വരുന്ന തലമുറയിലെ കുട്ടികളോട് നാം ചെയ്യുന്ന നീതിയും ആയിരിക്കുമത്. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് കൂടുതല്‍ പഠനവും നിയമനിര്‍മാണങ്ങളും ഇവ്വിഷയത്തില്‍ ആവശ്യമായിരിക്കും.

ചുരുക്കത്തില്‍, അതിഥി തൊഴിലാളികള്‍ക്കെതിരെ ഇപ്പോള്‍ സൃഷ്ടിച്ച റിവേഴ്‌സ് റെമിറ്റന്‍സ് എന്ന സാമ്പത്തിക ഫോബിയ അനാവശ്യമാണ്. അത് നമ്മുടെ നാടിന്റെ അന്തസ്സിനെ മാത്രമല്ല, നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയെത്തന്നെ തകര്‍ക്കും. തീര്‍ത്തും അക്കാദമികമായ വിചിന്തനത്തിലൂടെ ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ.

---- facebook comment plugin here -----

Latest