Connect with us

Editors Pick

ഈ 5 വിഭാഗത്തിൽപെട്ടവർ ഒരിക്കലും ഉറുമാൻ പഴം കഴിക്കരുത്!

ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും ചില മരുന്നുകൾ കഴിക്കുന്നവരിലും മാതളനാരങ്ങയുടെ ഉപയോഗം ദഹനക്കേടിനും മറ്റ് പാർശ്വഫലങ്ങൾക്കും കാരണമായേക്കാം.

Published

|

Last Updated

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഉറുമാൻ പഴം / മാതളനാരങ്ങ (Pomegranate) ആരോഗ്യത്തിന് ഏറെ ഉത്തമമായ ഫലവർഗ്ഗമാണ്. എന്നാൽ എല്ലാവരുടെയും ആരോഗ്യത്തിന് ഇത് ഒരുപോലെ ഗുണം ചെയ്യണമെന്നില്ല. ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും ചില മരുന്നുകൾ കഴിക്കുന്നവരിലും മാതളനാരങ്ങയുടെ ഉപയോഗം ദഹനക്കേടിനും മറ്റ് പാർശ്വഫലങ്ങൾക്കും കാരണമായേക്കാം. മാതളനാരങ്ങ പൂർണ്ണമായും ഒഴിവാക്കേണ്ട അല്ലെങ്കിൽ കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട അഞ്ച് വിഭാഗം ആളുകളെക്കുറിച്ച് താഴെ വിവരിക്കുന്നു.

കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർ

മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ആന്റിഓക്‌സിഡന്റുകളും രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമാണ്. എന്നാൽ നേരത്തെ തന്നെ കുറഞ്ഞ രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പോടെൻഷൻ (Hypotension) ഉള്ളവർക്ക് ഇത് ദോഷകരമായി ബാധിച്ചേക്കാം. മാതളനാരങ്ങ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം വീണ്ടും താഴേക്ക് പോകാൻ കാരണമാകും. ഇത് തലകറക്കം, കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവയിലേക്കും കടുത്ത സാഹചര്യങ്ങളിൽ ഷോക്കിലേക്കും നയിച്ചേക്കാം. ദിവസവും 300 മില്ലി ലിറ്റർ വരെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ

മാതളനാരങ്ങ കഴിക്കുന്നത് ചില മരുന്നുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. എ സി ഇ ഇൻഹിബിറ്ററുകൾ (ACE inhibitors), സ്റ്റാറ്റിനുകൾ (Statins), ബീറ്റാ ബ്ലോക്കറുകൾ (Beta blockers), ആൻറിഗോഗുലന്റുകൾ (Anticoagulants) അഥവാ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ എന്നിവ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. മാതളനാരങ്ങയിലുള്ള സംയുക്തങ്ങൾ കരളിലെ എൻസൈമുകളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇത് മരുന്നുകൾ ശരീരത്തിൽ കൂടുതൽ സമയം നിലനിൽക്കാൻ കാരണമാവുകയും പാർശ്വഫലങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ഹൃദ്രോഗികളും മറ്റ് വിട്ടുമാറാത്ത രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ഇത് ശ്രദ്ധിക്കണം.

സർജറിക്ക് തയ്യാറെടുക്കുന്നവർ

ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകൾക്ക് അല്ലെങ്കിൽ സർജറിക്ക് (Surgery) വിധേയരാകാൻ തയ്യാറെടുക്കുന്നവർ രണ്ട് ആഴ്ച മുൻപെങ്കിലും മാതളനാരങ്ങ കഴിക്കുന്നത് ഒഴിവാക്കണം. മാതളനാരങ്ങ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ സ്വാധീനിക്കുന്നതിനാലും അനസ്തേഷ്യ മരുന്നുകളുമായി പ്രതിപ്രവർത്തിക്കാൻ സാധ്യതയുള്ളതിനാലും സർജറി സമയത്ത് അമിത രക്തസ്രാവത്തിനോ മറ്റ് സങ്കീർണ്ണതകൾക്കോ ഇത് കാരണമായേക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ

മാതളനാരങ്ങയിൽ ഉയർന്ന അളവിൽ നാരുകൾ അഥവാ ഫൈബർ (Fiber) അടങ്ങിയിട്ടുണ്ടെങ്കിലും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കാം. ഇതിലടങ്ങിയിരിക്കുന്ന ടാന്നിൻ കുടലിന്റെ ഭിത്തിയെ പ്രകോപിപ്പിക്കുകയും വയറുവേദന, ഗ്യാസ്ട്രബിൾ, വയറിളക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർക്ക് ചെറിയ അളവിൽ പോലും ഇത് അസ്വസ്ഥത ഉണ്ടാക്കാം. കൂടാതെ മാതളനാരങ്ങയുടെ വിത്തുകൾ കട്ടിയുള്ളതായതിനാൽ ദഹിക്കാൻ പ്രയാസമാണ്.

അലർജി ഉള്ളവർ

അപൂർവ്വമായിട്ടാണെങ്കിലും മാതളനാരങ്ങ അലർജി (Allergy) ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചൊറിച്ചിൽ, മുഖത്തോ തൊണ്ടയിലോ ഉണ്ടാകുന്ന നീർവീക്കം, ചർമ്മത്തിലെ തിണർപ്പ്, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പീച്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങളോട് അലർജിയുള്ളവർക്ക് മാതളനാരങ്ങയോടും അലർജിക് പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചെറിയ അളവിൽ കഴിക്കുമ്പോൾ പോലും അസ്വസ്ഥത ഉണ്ടായാൽ ഉടൻ തന്നെ ഉപയോഗം നിർത്തുകയും ഡോക്ടറെ സമീപിക്കുകയും വേണം.

 

Content highlights

Pomegranate is widely celebrated for its health benefits, but it may cause adverse effects in five specific groups of people. Individuals with low blood pressure, those on medications like statins or blood thinners, and patients scheduled for surgery should avoid it. Additionally, people with sensitive digestive systems or specific fruit allergies may experience discomfort and should consume it with caution.

---- facebook comment plugin here -----

Latest