Articles
മദ്യമൊഴുക്കാന്‍ നികുതിയിളവ്
നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന ഈ സര്‍ക്കാറിന്റെ അഴിമതിക്കെതിരെ ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തിക്കുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തുക തന്നെ ചെയ്യും.
യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസം പോലും തികയേണ്ടി വന്നില്ല; അതിനുള്ളില്‍ തന്നെ അഴിമതിയുടെ അലയൊലികള്‍ ഈ സര്‍ക്കാറിനെ വലയം ചെയ്തു കഴിഞ്ഞു. മേയ് 18ന് സത്യപ്രതിജ്ഞ കഴിഞ്ഞ് കൃത്യം മൂന്നാം നാള്‍, മെയ് 21ന് സെക്രട്ടേറിയറ്റില്‍ അഴിമതിയുടെ ആദ്യ ഫയല്‍ അസാധാരണമായ രീതിയില്‍ സജീവമായി. അത് ജനങ്ങളുടെ ക്ഷേമമോ നാടിന്റെ വികസനമോ ആയി ബന്ധപ്പെട്ടുള്ള ഒരു അടിയന്തര പ്രാധാന്യമുള്ള ഫയലായിരുന്നില്ല; മറിച്ച് ‘ബക്കാര്‍ഡി’ എന്ന സ്വകാര്യ കുത്തക മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നല്‍കാനുള്ള ഗൂഢനീക്കമായിരുന്നു.
2023ല്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ മുന്നിലെത്തുകയും ജനതാത്പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാതെ മാറ്റിവെക്കുകയും ചെയ്ത അതേ ഫയലാണ് യു ഡി എഫ് സര്‍ക്കാര്‍ വന്നയുടനെ പൊടി തട്ടിയെടുത്തത്. ബക്കാര്‍ഡിക്ക് വേണ്ടി ഈ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തിയത് വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ്. ജൂണ്‍ 15ന് മുഖ്യമന്ത്രി തീരുമാനമെടുത്തതിന് ശേഷം ജൂണ്‍ 16ന് അതിരാവിലെ 8.45ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നീക്കിയ ഫയല്‍ പിന്നീട് ഒരു മിനുട്ടും രണ്ട് മിനുട്ടും ഇടവിട്ടാണ് ഓരോ ടേബിളുകളും കടന്നുപോയത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മദ്യക്കമ്പനിക്ക് വേണ്ടി ഭരണകൂടം ഇത്ര ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച മറ്റൊരു സംഭവമുണ്ടാകില്ല.
സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോള്‍ വീര്യം കുറഞ്ഞത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒറ്റയടിക്ക് നികുതി 120 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഈ നികുതിയിളവ് കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കോ കര്‍ഷകര്‍ക്കോ വേണ്ടിയല്ല. കര്‍ണാടകയിലെ വന്‍കിട മദ്യലോബികള്‍ക്ക് കേരളത്തില്‍ മദ്യമൊഴുക്കാന്‍ വേണ്ടിയാണ്. ഇതിലൂടെ നമ്മുടെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലഹരിയിലേക്ക് തള്ളിവിടുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ പ്രവര്‍ത്തിക്കുന്ന സമയത്തിലുള്ള ക്രമീകരണം ഉള്‍പ്പെടെയുള്ള ചെറിയ ഭരണപരമായ നടപടികളില്‍ പോലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് തയ്യാറായി. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളെയും ഭാവിതലമുറയെയും മദ്യാസക്തിക്ക് അടിമപ്പെടുത്തുകയും ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുന്ന നയം നടപ്പാക്കുമ്പോഴും ഈ സംഘടനകളൊക്കെ മൗനത്തിന്റെ വാല്‍മീകത്തിലാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ‘ടീം യു ഡി എഫ്’ സങ്കല്‍പ്പം പോലും ഇപ്പോള്‍ കേള്‍ക്കാനില്ല. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യു ഡി എഫിലെ പുതിയ സഖ്യകക്ഷികള്‍. യു ഡി എഫ് സര്‍ക്കാറിന്റെ മുന്നോട്ടുള്ള നീക്കം എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന ഈ സര്‍ക്കാറിന്റെ അഴിമതിക്കെതിരെ ജനങ്ങള്‍ അണിചേരും. അന്യായമായ ഈ നടപടി തിരുത്തിക്കുന്നതിനായി നാടൊന്നാകെ സ്വരമുയര്‍ത്തുക തന്നെ ചെയ്യും.


