Connect with us

Kerala

ഉറവിടം കണ്ടെത്താനാകാതെ ഇത്തവണയും നിപ്പാ

ഇത്തവണ രോഗം പിടിപെട്ട യുവാവ് ഇടപഴകിയ ഗോഡൗണിന്റേയും വീടിന്റേയും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വവ്വാലുകളില്‍ നടത്തിയ വൈറസ് പരിശോധനാ ഫലം നെഗറ്റീവാണ്.

Published

|

Last Updated

കോഴിക്കോട് | നിപ്പാ പിടിപെട്ട 43കാരന് പരിശോധനാഫലം നെഗറ്റീവായ ആശ്വാസത്തിലും രോഗ ഉറവിടം തേടിയുള്ള അന്വേഷണം വിജയം കണ്ടില്ല. ഇത്തവണ രോഗം പിടിപെട്ട യുവാവ് ഇടപഴകിയ ഗോഡൗണിന്റേയും വീടിന്റേയും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വവ്വാലുകളില്‍ നടത്തിയ വൈറസ് പരിശോധനാ ഫലം നെഗറ്റീവാണ്. യുവാവ് ഗോഡൗണ്‍ വൃത്തിയാക്കിയിരുന്നുവെന്നും ഈ സമയത്ത് അവിടെ വവ്വാലിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിസരത്തെ വവ്വാലുകളെ പരിശോധനക്ക് വിധേയമാക്കിയിരുന്നത്.

2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പാ സ്ഥിരീകരിച്ചത്. അന്ന് കോഴിക്കോട്ടും മലപ്പുറത്തുമായി 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. മരണമടഞ്ഞ ഒരാളൊഴികെ എല്ലാവര്‍ക്കും രോഗിയുമായുള്ള സഹവാസത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യം രോഗം പിടിപെട്ട മുഹമ്മദ് സാബിത്തിന് രോഗബാധയേറ്റത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ല. സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയ 19 വവ്വാലുകളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, പ്രദേശത്ത് നിന്ന് കണ്ടെത്തിയ പഴംതീനി വവ്വാലുകളില്‍ 52 എണ്ണത്തെ പരിശോധിച്ചതില്‍ 13 എണ്ണത്തിന് വൈറസ് സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

ഏതാണ്ട് ഇതേ തരത്തിലുള്ള പരിശോധനാ ഫലങ്ങളാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴെല്ലാം ഉണ്ടായത്. ആദ്യമായി സ്ഥിരീകരിക്കുന്ന ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് പറയാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകരെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിപ്പാ രോഗ ഉറവിടം വവ്വാലുകളാണെന്ന് ഉറപ്പിക്കുന്നത്. കൂടാതെ, കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യമുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകളും പഠനത്തിന് വിധേയമാക്കിയപ്പോള്‍ രണ്ടിനും 99.7 ശതമാനം സമാനതകളുണ്ടെന്നും കണ്ടെത്തി. 2018ല്‍ രോഗബാധ ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയും പരിശീലനവും ലഭിച്ചുവെന്നത് പിന്നീടുള്ള വര്‍ഷങ്ങളില്‍ രോഗ വ്യാപനത്തെ തടഞ്ഞുനിര്‍ത്താനായിട്ടുണ്ട്. കൂടാതെ, വൈറസിന്റെ വ്യാപനം കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlights:
The source of the recent Nipah virus outbreak remains unidentified, causing concern for health officials. Investigations are ongoing to trace the origin and prevent further spread in the region. Public health measures and surveillance have been intensified across affected areas.

 

Latest