International
അൽ അഖ്സ മസ്ജിദിൽ ജൂതന്മാർക്ക് പ്രാർഥനക്ക് അനുമതി നൽകി ഇസ്റാഈൽ; ചരിത്രപരമായ സ്റ്റാറ്റസ് കോയുടെ നഗ്നമായ ലംഘനം
മുൻകാലങ്ങളിൽ ഇത്തരം പ്രാർഥനകൾ രഹസ്യമായും ഔദ്യോഗിക അനുമതിയില്ലാതെയും നടന്നിരുന്ന സ്ഥാനത്താണ് ഇപ്പോൾ പോലീസ് സംരക്ഷണയിൽ പരസ്യമായി അനുവാദം നൽകിയിരിക്കുന്നത്
കിഴക്കൻ ജറുസലേം | അധിനിവേശ കിഴക്കൻ ജറുസലേമിലെ വിശുദ്ധ അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതന്മാർക്ക് ഔദ്യോഗികമായി പ്രാർഥന നടത്താൻ ഇസ്റാഈൽ അധികൃതർ അനുമതി നൽകി. ഞായറാഴ്ച അൽ അഖ്സ മസ്ജിദിലേക്ക് അതിക്രമിച്ചു കയറിയ ജൂത കുടിയേറ്റക്കാർക്ക് സിദ്ദൂർ (siddurim) എന്നറിയപ്പെടുന്ന ജൂത പ്രാർഥനാ പുസ്തകങ്ങൾ കൊണ്ടുവരാനും സംഘം ചേർന്ന് പ്രാർഥന നടത്താനും ഇസ്റാഈൽ പോലീസ് അനുമതി നൽകുകയായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രാർഥനകൾ രഹസ്യമായും ഔദ്യോഗിക അനുമതിയില്ലാതെയും നടന്നിരുന്ന സ്ഥാനത്താണ് ഇപ്പോൾ പോലീസ് സംരക്ഷണയിൽ പരസ്യമായി അനുവാദം നൽകിയിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സ്റ്റാറ്റസ് കോ (status quo) കരാറിന്റെ നഗ്നമായ ലംഘനമാണ് ഈ നടപടിയെന്ന് ജറുസലേം ഇസ്ലാമിക് വഖഫ് അധികൃതർ ചൂണ്ടിക്കാട്ടി.
അൽ അഖ്സ മസ്ജിദിന്റെ ഭരണവും പ്രവേശനാവകാശവും പൂർണമായും ഇസ്ലാമിക് വഖഫിനാണ്. എന്നാൽ 1967 ലെ അധിനിവേശത്തിന് ശേഷം ഇസ്റാഈൽ ഘട്ടംഘട്ടമായി ഇവിടുത്തെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിച്ചുവരികയാണ്. ജനുവരി മുതൽ തന്നെ പ്രാർഥനാ പത്രങ്ങൾ കൊണ്ടുവരാനും അങ്കണത്തിൽ നൃത്തം ചെയ്യാനും പാട്ടുപാടാനും പോലീസ് അനുമതി നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്റാഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പൂർണ പിന്തുണയോടെയാണ് അൽ അഖ്സ മസ്ജിദിലെ ചരിത്രപരമായ സ്റ്റാറ്റസ് കോ അട്ടിമറിക്കുന്നതെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ അംഗം മുസ്തഫ അബു സ്വയ് വ്യക്തമാക്കി. കഴിഞ്ഞ മാസം മൂവായിരത്തി അഞ്ഞൂറിലധികം തീവ്ര ദേശീയവാദികളായ കുടിയേറ്റക്കാരെ നയിച്ച് ബെൻ ഗ്വിർ അൽ അഖ്സയിൽ അതിക്രമിച്ചു കയറിയിരുന്നു.
അതേസമയം, പാലസ്തീനികൾക്കും മുസ്ലിം തീർഥാടകർക്കും അൽ അഖ്സയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്റാഈൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷം മസ്ജിദിന്മേലുള്ള നിയന്ത്രണം ഇസ്റാഈൽ ശക്തമാക്കുകയും വഖഫിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തതായി പലസ്തീൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Content Highlights:
Israel has formally allowed Jewish prayer inside the Al-Aqsa Mosque compound in occupied East Jerusalem. This marks an unprecedented violation of the historic status quo arrangement governing the holy Islamic site. Israeli police permitted settlers to bring prayer books and perform group worship under political directives.




