From the print
സൂപ്പര്‍ പി എസ് ജി
യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി പി എസ് ജി. ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചു.
സാല്‍സ്ബര്‍ഗ് | യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി പി എസ് ജി. കലാശപ്പോരില്‍ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി എസ് ജി കിരീടം ചൂടിയത്. സാല്‍സ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഖ്വിച ക്വാരത്സ്‌ഖേലിയ, ഡിസറെ ദുവേ എന്നിവര്‍ പി എസ് ജിക്കായി ഗോള്‍ നേടി. അരങ്ങേറ്റക്കാരന്‍ ബ്രയാന്‍ മാഡ്‌ജോ വില്ലയുടെ ആശ്വാസ ഗോളിനുടമയായി. കഴിഞ്ഞ വര്‍ഷം ടോട്ടനം ഹോട്‌സ്പറിനെ പരാജയപ്പെടുത്തിയാണ് പി എസ് ജി സൂപ്പര്‍ കപ്പ് ജേതാക്കളായത്. ഓരോ സീസണിന്റെയും തുടക്കത്തില്‍, കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് വിജയികളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന മത്സരമാണ് യുവേഫ സൂപ്പര്‍ കപ്പ്. റയല്‍ മാഡ്രിഡിനു ശേഷം (2016, 2017) സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാണ് പി എസ് ജി.
ആഭ്യന്തര സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇരു ടീമുകളും ശക്തമായ നിരയെയാണ് കളത്തിലിറക്കിയത്. മേയില്‍ ആഴ്സനലിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ടീമിലെ ഒമ്പത് താരങ്ങള്‍ പി എസ് ജിയുടെ ആദ്യ ഇലവനിലുണ്ടായിരുന്നു.
20ാം മിനുട്ടില്‍ ക്വാരത്സ്‌ഖേലിയയുടെ ഗോളില്‍ പി എസ് ജി ലീഡെടുത്തു. ഡിസറെ ദുവേയായിരുന്നു അസ്സിസ്റ്റ്. 45ാം മിനുട്ടില്‍ ബ്രയാന്‍ മാഡ്ജോയുടെ ഗോളില്‍ വില്ല സമനില പിടിച്ചു. ജോണ്‍ മക്ഗിന്റെ ക്രോസ്സില്‍ നിന്നാണ് ലക്ഷ്യം കണ്ടത്. സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് 17കാരനായ മാഡ്ജോ സ്വന്തമാക്കി. ഫിഫയുടെ വിലക്കിനെത്തുടര്‍ന്ന് കായിക കോടതിയുടെ (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ്- കാസ്) അനുമതി നേടിയാണ് മാഡ്ജോ കളത്തിലിറങ്ങിയത്. 62ാം മിനുട്ടില്‍ ഉസ്മാനെ ഡെംബലെയുടെ അസ്സിസ്റ്റില്‍ ഡിസറെ ദുവൈ നേടിയ മനോഹരമായ ഗോളില്‍ പി എസ് ജി വിജയമുറപ്പിച്ചു.
ഉനായ് എമറി പരിശീലിപ്പിക്കുന്ന ആസ്റ്റണ്‍ വില്ല പൊരുതിയെങ്കിലും പി എസ് ജി ഗോള്‍കീപ്പര്‍ മാറ്റ്വെ സഫോനോവിന്റെ മികച്ച സേവുകള്‍ തിരിച്ചടിയായി.
സൊമാലിയന്‍ റഫറി ഉമര്‍ അബ്ദുല്‍ ഖാദിര്‍ ആര്‍ത്താനാണ് മത്സരം നിയന്ത്രിച്ചത്. ലോകകപ്പ് മത്സരം നിയന്ത്രിക്കാനായി എത്തിയ ഉമര്‍ അര്‍ത്താനെ സുരക്ഷാ പ്രശ്നം ആരോപിച്ച് മയാമി വിമാനത്താവളത്തില്‍ യു എസ് തടഞ്ഞതും ലോകകപ്പില്‍ വിലക്കേര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. ഇതിന്റെ പ്രതിഷേധമെന്ന നിലയില്‍, അഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനുമായി നടത്തിയ ചര്‍ച്ചക്കു ശേഷം സൂപ്പര്‍ കപ്പ് നിയന്ത്രിക്കാന്‍ ഉമര്‍ അര്‍ത്താനെ യൂറോപ്യന്‍ ഫുട്ബോള്‍ ഭരണ സമിതിയായ യുവേഫ നിയോഗിക്കുകയായിരുന്നു.
സൂപ്പര്‍ കപ്പ് മത്സരം നിയന്ത്രിക്കുന്ന യൂറോപ്യന്‍ അല്ലാത്ത ആദ്യ റഫറിയാണ് അര്‍ത്താന്‍. കഴിഞ്ഞ സീസണില്‍ ആഫ്രിക്കയിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉമര്‍ അര്‍ത്താനായിരുന്നു.
Content Highlights: PSG defeated Aston Villa 2-1 to retain the UEFA Super Cup trophy in Salzburg. Khvicha Kvaratskhelia and Desire Doue scored the winning goals for the Champions League winners. Teenager Brian Madjo scored Villa’s lone goal.





