Articles
"ഈച്ചയെ കൊല്ലാന്‍ ചുറ്റിക'?
2012ൽ രാംലീലാ മൈതാനിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം, പൗരന്മാരുടെ അഭിപ്രായപ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനുമുള്ള അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നവയാണെന്നും അവക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ന്യായയുക്തവും ആനുപാതികവുമായിരിക്കണമെന്നുമാണ്
തലസ്ഥാന നഗരിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണ രംഗത്തെ കെടുകാര്യസ്ഥതക്കും ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങള്‍ക്കുമെതിരെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലും തെരുവുകളിലും ഭരണവിരുദ്ധ പ്രക്ഷോഭങ്ങളും സമരങ്ങളും ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കും വിധമുള്ള കാര്യങ്ങള്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്.
2026 ഒക്ടോബര്‍, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ അടയാളമായി മാറി എന്നുവേണം പറയാന്‍. വിദ്യാഭ്യാസരംഗത്തെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടിക്കു കീഴില്‍ രണ്ടാമത് ജന്തര്‍ മന്തര്‍ പ്രക്ഷോഭം രൂപപ്പെട്ടിരിക്കുകയാണ്. ജന്തര്‍ മന്തറിലെ പ്രതിഷേധം തടഞ്ഞതോടെ നഗരത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ സംഘടിച്ചിരിക്കുകയാണ് വിദ്യാര്‍ഥികളും യുവാക്കളും.
സി ജെ പിക്കു പുറമെ, ഇന്ത്യ മുന്നണിയില്‍ നിന്നുള്ള രാജ്യസഭയിലെയും ലോക്സഭയിലെയും മുന്നൂറോളം എം പിമാരും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കാനും സമരങ്ങളെ അടിച്ചമര്‍ത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ടുള്ളത്. തലസ്ഥാന നഗരിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ നേതാക്കളെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. രണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പോരായ്മകളോ ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളോ ഉണ്ടായാല്‍ അവയെ ചോദ്യം ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ജനങ്ങളെ പിടികൂടിയ ഭയം പൊടുന്നനെ അപ്രത്യക്ഷമായതിന്റെ അനുരണനമാണ് രാജ്യത്തിന്റെ തെരുവുകളില്‍ മുഴങ്ങുന്നത്. രാജ്യത്തിനകത്തും പുറത്തും ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് നിരന്തര ചര്‍ച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് മങ്ങലേല്‍ക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് റിപോര്‍ട്ടുകളും പഠനങ്ങളും തയ്യാറാക്കുന്ന അന്താരാഷ്ട്ര ഗവേഷണ- വിശകലന സ്ഥാപനമായ ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് പുറത്തിറക്കിയ ഡെമോക്രസി ഇന്‍ഡക്സ്, ഇന്ത്യന്‍ ജനാധിപത്യത്തെ വികലമായ ജനാധിപത്യമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വി ഡെം ഡെമോക്രസിയുടെ റിപോര്‍ട്ട്, ഇന്ത്യയെ ജനാധിപത്യ രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന വോട്ട് ചോരി വിവാദം, നിയമവിരുദ്ധമായ അറസ്റ്റുകള്‍, ന്യൂനപക്ഷ വേട്ടകള്‍, മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുവെന്നു പറയാം.
ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളേക്കാളും ഭീതിതമാണ് നിലവിലെ ഇന്ത്യന്‍ ഭരണ രാഷ്ട്രീയ പരിസരം. പല ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും പലകാലങ്ങളിലായി തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തിരുത്താന്‍ ജനങ്ങള്‍ക്ക് ശേഷിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് എന്ന ആയുധമാണ് ജനങ്ങള്‍ക്ക് അവകാശ സംരക്ഷണത്തിന് ബലമായുണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒട്ടു മിക്ക ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കാര്യമായ മുറിവേറ്റു. ഭരണഘടനയുടെ കസ്റ്റോഡിയനായ കോടതികള്‍ക്ക് ഭരണരംഗത്തെ പരുക്കുകളെ നിരന്തരം ചൂണ്ടിക്കാണിക്കേണ്ട സ്ഥിതി വിശേഷം രൂപപ്പെട്ടു. സുപ്രീം കോടതിയിലെ നാല് സിറ്റിംഗ് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തേണ്ട അവസ്ഥ വരെയുണ്ടായി.
നിലവില്‍, ജന്തര്‍ മന്തറിലെ സമരത്തെ ഭയന്ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിര്‍ത്തിവെക്കലും മെട്രോ സ്റ്റേഷനുകളിലെ നിയന്ത്രണങ്ങളും നിരവധി ട്രെയിനുകളുടെ റദ്ദാക്കലും സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും വിവര വിനിമയത്തെയും ബാധിക്കുന്ന നടപടികളായി മാറിയെന്നുറപ്പാണ്. ക്രമസമാധാനം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നതില്‍ തര്‍ക്കമില്ല; എന്നാല്‍ അതിന്റെ പേരില്‍ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ പരിമിതപ്പെടുത്തുകയും പൊതുജീവിതത്തെ വ്യാപകമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. പാറ്റകളെ ഭയന്ന് എന്തിനാണ് യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചിരിക്കുകയാണ്. “ഈച്ചയെ കൊല്ലാന്‍ എന്തിനാണ് ചുറ്റിക’ എന്ന പ്രയോഗമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശനമായി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയങ്ങളോ പരാതികളോ ഉന്നയിക്കുന്ന പൗരന്മാരെയും പ്രതിപക്ഷത്തെയും കേള്‍ക്കുക എന്നത് ജനാധിപത്യത്തിന്റെ സ്വാഭാവികമായ ആവശ്യമാണ്. പ്രതിഷേധത്തിന്റെ ശബ്ദം അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന കാരണത്താല്‍ മാത്രം അതിനെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല.
പൊതുസമാധാനം സംരക്ഷിക്കുന്നതിനായി നിയമാനുസൃതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെങ്കിലും, ആ അധികാരം പ്രതിഷേധങ്ങളെ നിര്‍വീര്യമാക്കാനുള്ള ആയുധമായി ഉപയോഗിക്കാനാകില്ല. 2012ലെ രാംലീലാ മൈതാനിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം, പൗരന്മാരുടെ അഭിപ്രായപ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനുമുള്ള അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നവയാണെന്നും അവക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ന്യായയുക്തവും ആനുപാതികവുമായിരിക്കണമെന്നുമാണ്. സാങ്കല്‍പ്പികമായ ഭീഷണികളുടെ പേരില്‍ മാത്രം മൗലികാവകാശങ്ങളെ പരിമിതപ്പെടുത്താനാകില്ലെന്ന കോടതിയുടെ നിരീക്ഷണവും പ്രസക്തമാണ്.
ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് നടക്കുന്ന അന്യായമായ തടങ്കലുകളും അറസ്റ്റുകളും ജനാധിപത്യത്തില്‍ ഗൗരവമേറിയ ഭരണഘടനാ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം പോലീസിനുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നതോ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതോ മാത്രം ഒരാളെ കുറ്റവാളിയായി കണക്കാക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല. ഓരോ അറസ്റ്റിനും നിയമപരമായ അടിത്തറ ഉണ്ടായിരിക്കണം.
വ്യക്തിസ്വാതന്ത്ര്യത്തിനും നിയമാനുസൃത നടപടിക്രമത്തിനും ഭരണഘടനയുടെ അനുഛേദം 21 സംരക്ഷണം നല്‍കുന്നു. പ്രതിഷേധത്തിനിടെ അക്രമം നടത്തിയവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ അക്രമത്തില്‍ പങ്കെടുത്തവരെയും സമാധാനപരമായി പ്രതിഷേധിച്ചവരെയും ഒരേ നിലയില്‍ കാണുകയും കൂട്ടത്തോടെ തടങ്കലിലാക്കുകയും ചെയ്യുന്നത് നീതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം തെളിയിക്കുന്ന നടപടിക്കും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇടയില്‍ ഭരണകൂടം പാലിക്കേണ്ട അതിര്‍വരമ്പ് നിയമവാഴ്ചയാണ്. അതിനാല്‍ ഓരോ തടങ്കലും അറസ്റ്റും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണോ നടന്നതെന്ന് സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ജനാധിപത്യത്തില്‍ പ്രതിഷേധം ഒരു പ്രതിസന്ധിയല്ല. പലപ്പോഴും പ്രതിസന്ധികളെ തിരിച്ചറിയാനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും പരസ്പരം വിരുദ്ധമായ കാര്യങ്ങളല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും വോട്ടര്‍പ്പട്ടികയിലെ തിരുത്തലുകളെയും കുറിച്ച് പ്രതിപക്ഷമോ പൗരസമൂഹമോ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെങ്കില്‍, അവക്ക് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മറുപടി നല്‍കുകയാണ് ജനാധിപത്യപരമായ വഴി. ആരോപണങ്ങള്‍ ശരിയാണെന്ന് മുന്‍കൂട്ടി വിധിക്കേണ്ടതില്ല. അതുപോലെ അവ ഉന്നയിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിലൂടെ ആരോപണങ്ങള്‍ ഇല്ലാതാക്കാനും കഴിയില്ല.
ഭരണകൂടത്തിന്റെ ശക്തി പ്രകടമാകേണ്ടത് വിമര്‍ശങ്ങളെ നേരിടുന്നതിലാണ്. സമാധാനപരമായ സമരങ്ങളെ അനുവദിക്കുകയും നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഭരണഘടനയോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത തെളിയുന്നത്. ജനങ്ങളുടെ വിയോജിപ്പിനെ ഭയപ്പെടുന്ന ഭരണസംവിധാനമല്ല, വിയോജിപ്പുകള്‍ക്കുപോലും സുരക്ഷിതമായ ഇടം നല്‍കുന്ന ഭരണസംവിധാനമാണ് യഥാര്‍ഥ ജനാധിപത്യത്തിന്റെ അടയാളം. സമരം ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ആ അവകാശം ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും നിഴലില്‍ തളച്ചിടപ്പെടുമ്പോള്‍ ദുര്‍ബലമാകുന്നത് ഒരു പ്രക്ഷോഭം മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യം തന്നെയാണ്.





