Kerala
കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി സമരം; ആവശ്യങ്ങൾ അംഗീകരിച്ചിട്ടും പ്രതിഷേധം തുടരുന്നു
എന്നാൽ കോളജ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികൾ അറിയിച്ചു.
എറണാകുളം| വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ് ഉത്തരവിറക്കിയിട്ടും പ്രതിഷേധം തുടരുന്നു. സേ പരീക്ഷാ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയായി കുറയ്ക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. ഗഠഡ നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും വിദ്യാർഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കുറഞ്ഞ ക്രെഡിറ്റിന്റെ പേരിൽ നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർഥികൾ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതർ ഉത്തരവിറക്കിയത്.
എന്നാൽ കോളജ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർഥികൾ അറിയിച്ചു. കോളജിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിക്കുകയും അധ്യാപകരടക്കമുള്ളവരെ തടയുകയും ചെയ്തു. പ്രിൻസിപ്പലും ഡീനും സ്ഥാനമൊഴിയണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
നിയമം മാറ്റിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കില്ലെന്നും ഇയർ ബാക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ മാനേജ്‌മെന്റ് ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. മരണത്തിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റ് ഏറ്റെടുക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
മിച്ചിയുടെ മരണത്തിന് പിന്നാലെ മാനേജ്‌മെന്റ് ഉറപ്പുനൽകിയ കാര്യങ്ങൾ രേഖാമൂലം പ്രസിദ്ധീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോളജിലെ മുഴുവൻ വിദ്യാർഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാർഥി കൂട്ടായ്മ അറിയിച്ചു.
വിഷയങ്ങളിൽ തീരുമാനമാകുന്നതുവരെ കോളജിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുമെന്നും മിച്ചിക്കുണ്ടായ അനുഭവം മറ്റൊരു വിദ്യാർഥിക്കും ഉണ്ടാകാത്ത സാഹചര്യം ഉറപ്പാക്കണമെന്നും വിദ്യാർഥി കൂട്ടായ്മ ആവശ്യപ്പെട്ടു.
Content Highlights:
Students at Kothamangalam MA Engineering College continue their protest despite management reducing SAY exam fees from 6000 to 1000 rupees. The agitators demand the resignation of the principal and dean following the suicide of student Mitchi Marpu. Protesters insist the college take responsibility and compensate the deceased student’s family.


