Connect with us

മുലയൂട്ടൽ വാരാചരണം (ആഗസ്റ്റ് 1-7)

മുലയൂട്ടാം സുരക്ഷിതമായി; മാതാവ് അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ

മുലയൂട്ടൽ എന്നത് കേവലം കുഞ്ഞിന്റെ വിശപ്പടക്കാൻ മാത്രമുള്ളതല്ല അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കുന്ന അനുഭവം കൂടിയാണ്. ശാന്തവും സന്തോഷകരവുമായ അന്തരീക്ഷത്തിൽ പാലൂട്ടാൻ ശ്രദ്ധിക്കുക. അമ്മയുടെ മാനസിക സംഘർഷങ്ങൾക്കനുസരിച്ച് പാൽ ഉത്പാദനത്തെ ബാധിക്കും അതിനാൽ പരമാവധി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക.

Published

|

Last Updated

നവജാതശിശുവിന് പ്രകൃതി നൽകുന്ന ഏറ്റവും മികച്ച പോഷകവും അണുബാധകൾക്കെതിരെയുള്ള സ്വാഭാവിക പ്രതിരോധവുമാണ് മുലപ്പാൽ. മാതാവും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്ന ഒന്നാണ് ഈ കാലഘട്ടം. കാഴ്ചയിൽ ലളിതമെന്ന് തോന്നാമെങ്കിലും പ്രത്യേകം ശ്രദ്ധയും പരിചരണവും (Infant Care) ആവശ്യമായ പ്രക്രിയയാണ് മുലയൂട്ടൽ. ആദ്യമായി മാതാവാകുന്നവരിൽ മുലയൂട്ടലിനെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ കൃത്യമായ അറിവും ചെറിയ മുൻകരുതലുകളും ഉണ്ടെങ്കിൽ ഈ ഘട്ടം മാതാവിനും കുഞ്ഞിനും ഒരുപോലെ സുരക്ഷിതവും സന്തോഷകരവുമാക്കാൻ സാധിക്കും.

സ്നേഹത്തോടെ ചേർത്തണയ്ക്കാം: പാലൂട്ടേണ്ട ശരിയായ രീതി

പാലൂട്ടുന്ന സമയത്ത് അമ്മ കുഞ്ഞിനെ ചേർത്തുപിടിക്കുന്ന രീതി വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഇരുന്ന് പാൽ നൽകിയാൽ കുഞ്ഞിന് വേണ്ടത്ര പാൽ ലഭിക്കാതെ വരികയും പാൽ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസനാളത്തിൽ കയറാനുള്ള (തരിപ്പിൽ പോകുക) സാധ്യത കൂടുകയും ചെയ്യും. ഇതിനായി കുഞ്ഞിന്റെ തലയും ഉടലും ഒരേ നേർരേഖയിലാക്കി വയറ് അമ്മയുടെ വയറിനോട് ചേർത്തുപിടിക്കണം. മാത്രമല്ല കുഞ്ഞ് വായ നന്നായി തുറന്ന് മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും (Areola) പരമാവധി വായയ്ക്കുള്ളിലാക്കി പാൽ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം ഈ സമയത്ത് കുഞ്ഞിന്റെ താടി അമ്മയുടെ സ്തനത്തിൽ തൊട്ടിരിക്കുന്നതോടൊപ്പം കീഴ്ചുണ്ട് പുറത്തേക്ക് വിടർന്നിരിക്കുകയും വേണം.

പാൽ തൊണ്ടയിൽ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?

മുലയൂട്ടുന്ന നിമിഷങ്ങളിൽ അമ്മമാരെ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തരിപ്പിൽ പോകുകയോ പാൽ തൊണ്ടയിൽ കുടുങ്ങുകയോ ചെയ്യുന്നത്. സ്തനങ്ങളിൽ നിന്ന് അമിതമായി പാൽ ഒഴുകിയെത്തുമ്പോഴോ തല താഴ്ത്തിവെച്ച് കിടത്തിക്കൊണ്ട് പാലൂട്ടുമ്പോഴോ ആണ് പ്രധാനമായും ഇത് സംഭവിക്കാറുള്ളത്. മൂക്കിലൂടെ പാൽ വരിക, കുഞ്ഞ് പെട്ടെന്ന് ചുമയ്ക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിൽ പരിഭ്രമിക്കാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

കുഞ്ഞുങ്ങളിലെ അടിയന്തര പ്രഥമശുശ്രൂഷ

കുഞ്ഞിന് ശക്തമായി ചുമയ്ക്കാനോ കരയാനോ സാധിക്കുന്നുണ്ടെങ്കിൽ ശ്വാസനാളം പൂർണ്ണമായി അടഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാം. അതിനാൽ കുട്ടിക്ക് പാൽ നൽകുന്നത് ഉടൻ നിർത്തുക. അതിനു ശേഷം കുഞ്ഞിനെ ഒരു വശത്തേക്ക് ചരിച്ച് കിടത്തി വായയിൽ വന്നിട്ടുള്ള പാൽ വൃത്തിയുള്ള കോട്ടൺ തുണിയോ സക്ഷൻ ഉപകരണമോ ഉപയോഗിച്ച് പതുക്കെ തുടച്ചു കളയുക. പിന്നീട് കുഞ്ഞിനെ ശ്രദ്ധയോടെ നിരീക്ഷിക്കുക. ഈ സമയത്ത് കുഞ്ഞിന്റെ പുറത്ത് ബലമായി തട്ടുകയോ കുഞ്ഞിനെ മലർത്തി കിടത്തുകയോ ചെയ്യരുത്.

കുഞ്ഞ് കരയാതിരിക്കുകയും, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും, ശരീരമോ ചുണ്ടോ നീലനിറമാവുകയും ചെയ്താൽ ശ്വാസനാളം പൂർണ്ണമായി അടഞ്ഞുപോയി എന്ന് ഉറപ്പിക്കാം.

ഘട്ടം 1: പുറത്തു തട്ടുക

ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ കുഞ്ഞിനെ താഴേക്ക് വച്ച് താങ്ങിപ്പിടിക്കുക.

കിടത്തുന്ന രീതി: നിങ്ങളുടെ ഒരു കയ്യിന്റെ മുൻഭാഗത്തോ തുടയിലോ കുഞ്ഞിനെ വയർ താഴേക്ക് വരുന്ന രീതിയിൽ കമിഴ്ത്തി കിടത്തുക.

തലയുടെ സ്ഥാനം: കുഞ്ഞിന്റെ തല ശരീരത്തേക്കാൾ താഴ്ന്നിരിക്കണം. ശേഷം നിങ്ങളുടെ വിരലുകൾ കൊണ്ട് കുഞ്ഞിന്റെ താടിയെല്ലിന് താങ്ങ് നൽകണം (ശ്രദ്ധിക്കുക: വായയോ കഴുത്തോ അമർത്തരുത്).

തട്ടുന്ന രീതി: മറുകൈപ്പത്തിയുടെ അടിഭാഗം ഉപയോഗിച്ച് കുഞ്ഞിന്റെ പുറത്ത് രണ്ട് തോളെല്ലുകൾക്ക് നടുവിലായി വേഗത്തിൽ 5 തവണ ശക്തമായി തട്ടുക.

ഘട്ടം 2: നെഞ്ചിൽ അമർത്തുക

പാൽ പുറത്തു വന്നിട്ടില്ലെങ്കിൽ കുഞ്ഞിന്റെ തലയ്ക്ക് താങ്ങ് നൽകിക്കൊണ്ട് പതുക്കെ മലർത്തി കിടത്തുക. ഇപ്പോഴും തല ശരീരത്തേക്കാൾ താഴ്ന്നിരിക്കണം.

കുഞ്ഞിന്റെ നെഞ്ചിന്റെ നടുവിൽ മുലക്കണ്ണുകൾക്ക് തൊട്ടുതാഴെയായി നിങ്ങളുടെ രണ്ട് വിരലുകൾ (ചൂണ്ട് വിരലും നടുവിരലും) വെക്കുക. അതിനുശേഷം വിരലുകൾ ഉപയോഗിച്ച് വേഗത്തിൽ 5 തവണ ഉള്ളിലേക്ക് അമർത്തുക. അങ്ങനെ കുഞ്ഞ് സാധാരണ രീതിയിൽ ശ്വാസമെടുക്കുകയോ കരയുകയോ ചെയ്യുന്നത് വരെ ഈ രണ്ട് ഘട്ടങ്ങൾ മാറിമാറി തുടരുക.

ശ്രദ്ധിക്കുക: കുഞ്ഞ് പൂർണ്ണമായി പ്രതികരിക്കാതാവുകയോ ശ്വാസം നിലയ്ക്കുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ അടിയന്തര മെഡിക്കൽ സഹായം തേടുക. കൂടാതെ കുഞ്ഞിന്റെ വായ തുറന്ന് പാൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെങ്കിൽ മാത്രം വിരൽ കൊണ്ട് തുടച്ചു മാറ്റുക അഥവാ കണ്ടില്ലെങ്കിൽ വായയ്ക്കുള്ളിലേക്ക് വിരൽ ഇടരുത്.

Also Readഒരു നിമിഷത്തെ അശ്രദ്ധയിൽ കുഞ്ഞുജീവൻ പൊലിയാം; മുലപ്പാൽ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക! ശ്രദ്ധിക്കണം വയറുവേദനയും അസ്വസ്ഥതകളും

മുലപ്പാൽ കുടിക്കുമ്പോൾ അബദ്ധത്തിൽ വായു ഉള്ളിൽ കടക്കുന്നത് കുഞ്ഞുങ്ങളിൽ ഗ്യാസ് നിറയാനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്. ഈ അസ്വസ്ഥത ഒഴിവാക്കാൻ ഏമ്പക്കം വിടുവിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇതിനായി കുഞ്ഞിന്റെ വയറ് അമ്മയുടെ തോളിലേക്ക് പരമാവധി അമർന്നിരിക്കുന്ന രീതിയിൽ ചേർത്തു വേണം കിടത്താൻ. ഇങ്ങനെ പിടിക്കുമ്പോഴാണ് അന്നനാളത്തിലുള്ള മുലപ്പാൽ ആമാശയത്തിലുള്ള വായു എളുപ്പത്തിൽ പുറത്തുപോകുന്നത്. ഈ അവസ്ഥയിൽ നിർത്തി കുഞ്ഞിന്റെ പുറത്ത് മെല്ലെ തട്ടുകയോ തടവുകയോ ചെയ്യാം. ചിലപ്പോൾ കുഞ്ഞ് ഏമ്പക്കം വിടുന്ന ശബ്ദം കേട്ടില്ലെങ്കിലും പരിഭ്രമിക്കേണ്ടതില്ല. ഓരോ തവണയും ഇതൊരു പതിവ് ശീലമാക്കിയാൽ തന്നെ ഗ്യാസ് മൂലമുള്ള പ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനാകും.

പാലൂട്ടുമ്പോൾ ഒരു വശത്തെ സ്തനത്തിൽ നിന്ന് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെയെങ്കിലും കുഞ്ഞിന് തുടർച്ചയായി പാൽ നൽകാൻ അമ്മമാർ ശ്രദ്ധിക്കണം. ദാഹശമനം, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ, അണുബാധകളെ ചെറുക്കാനുള്ള രോഗപ്രതിരോധശേഷി എന്നിവ നൽകുന്ന മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലുള്ള മുലപ്പാലാണ് ഈ സമയത്തിനുള്ളിൽ കുഞ്ഞിന് ലഭിക്കുന്നത്. അതിനാൽ ഈ സമയം പൂർത്തിയാകുന്നതിന് മുൻപ് തിടുക്കപ്പെട്ട് അടുത്ത വശത്തേക്ക് മാറ്റി പാലൂട്ടരുത്.

പാലൂട്ടുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് കുടി നിർത്തുകയോ പാൽ കുടിക്കാൻ മടി കാണിക്കുകയോ ചെയ്താൽ അതിന് പ്രധാന കാരണം വയറ്റിൽ ഗ്യാസ് നിറയുന്നതായിരിക്കാം. ഇത്തരം ഘട്ടങ്ങളിൽ കുഞ്ഞിന് വാശിപിടിക്കാൻ അവസരം നൽകാതെ ഉടൻ തന്നെ പാലൂട്ടുന്നത് നിർത്തി, മുകളിൽ പറഞ്ഞ രീതിയിൽ തോളിലിട്ട് ഗ്യാസ് കളഞ്ഞ ശേഷം മാത്രം വീണ്ടും പാൽ നൽകാൻ ശ്രമിക്കുക. ഓരോ തവണയും കൃത്യമായ ഇടവേളകളിൽ ഇത് ആവർത്തിച്ചാൽ കുഞ്ഞിന്റെ വയറുവേദനയും അസ്വസ്ഥതകളും പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും.

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:

  • പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ ചർമ്മത്തിലോ ചുണ്ടിലോ നീലനിറം കാണപ്പെടുക.
  • ഇടതടവില്ലാതെ കരയുകയും ശ്വാസമെടുക്കാൻ വലിവും ബുദ്ധിമുട്ടും കാണിക്കുകയും ചെയ്യുക.
  • പാൽ കുടിച്ചു കഴിഞ്ഞ് എപ്പോഴും ശക്തിയായി ഛർദ്ദിച്ചു കളയുക.
  • പാൽ കുടിക്കാൻ വിസമ്മതിക്കുകയും ശരീരം തളർന്നു കിടക്കുകയും ചെയ്യുക.
  • ദിവസത്തിൽ 6 തവണയിൽ കുറവ് മാത്രം മൂത്രമൊഴിക്കുക.

മിഥ്യാധാരണകളും വസ്തുതകളും

തെറ്റിദ്ധാരണ: പ്രസവിച്ച ഉടൻ വരുന്ന മഞ്ഞനിറമുള്ള പാൽ (Colostrum) കുഞ്ഞിന് നൽകരുത്.

വസ്തുത: പ്രസവിച്ച ശേഷമുള്ള ഈ ആദ്യ മുലപ്പാൽ കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതിരോധ മരുന്നാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ ഇത് നിർബന്ധമായും നൽകണം.

തെറ്റിദ്ധാരണ: ആദ്യത്തെ ഏതാനും മാസങ്ങളിൽ മുലപ്പാലിനൊപ്പം വെള്ളവും നൽകണം.

വസ്തുത: കുഞ്ഞിനാവശ്യമായ വെള്ളത്തിന്റെ അളവ് മുലപ്പാലിൽ ഉള്ളതിനാൽ ആദ്യ 6 മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകിയാൽ മതിയാകും.

മുലയൂട്ടൽ എന്നത് കേവലം കുഞ്ഞിന്റെ വിശപ്പടക്കാൻ മാത്രമുള്ളതല്ല അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കുന്ന അനുഭവം കൂടിയാണ്. ശാന്തവും സന്തോഷകരവുമായ അന്തരീക്ഷത്തിൽ പാലൂട്ടാൻ ശ്രദ്ധിക്കുക. അമ്മയുടെ മാനസിക സംഘർഷങ്ങൾക്കനുസരിച്ച് പാൽ ഉത്പാദനത്തെ ബാധിക്കും അതിനാൽ പരമാവധി സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക. കൂടാതെ ആവശ്യത്തിന് പോഷകാഹാരം കഴിക്കാനും ദിവസവും 3-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കാനും അമ്മമാർ ഓർക്കണം.

Content Highlights: Essential breastfeeding precautions and proper latching techniques for mothers. Step-by-step infant choking first aid guide. Key tips for baby gas relief and pediatrician advice.

സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്സ് & നിയനറ്റോളജി, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്

---- facebook comment plugin here -----

Latest