Articles
സമുദ്ര മന്ഥന്‍; ഇന്ത്യയുടെ സാധ്യതകള്‍
ആഴക്കടലിലെ ഈ വിഭവസാധ്യതകള്‍ യാഥാര്‍ഥ്യമായാല്‍, അതിന്റെ നേട്ടം എണ്ണ, വാതക ഉത്പാദനത്തില്‍ മാത്രം ഒതുങ്ങില്ല. പര്യവേക്ഷണം, ഡ്രില്ലിംഗ്, കടല്‍പ്പുറ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മാണം, സേവനം തുടങ്ങിയ മേഖലകളില്‍ പുതിയ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഇത് വഴിയൊരുക്കും.
2026 ജൂലൈ 31നാണ് കേന്ദ്ര മന്ത്രിസഭ 84,084 കോടിയുടെ ‘സമുദ്ര മന്ഥന്‍ – നാഷനല്‍ ഓഫ്‌ഷോര്‍ എക്സ്പ്ലോറേഷന്‍ (എന്‍ ഒ ഇ)’ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആഴക്കടലിലെ എണ്ണയും പ്രകൃതി വാതകവും കണ്ടെത്തി ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും വിദേശ ആശ്രയം ക്രമേണ കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലളിതമായി പറഞ്ഞാല്‍, ഇന്ത്യ വന്‍തോതില്‍ കടലിനടിയില്‍ എണ്ണയും വാതകവും തിരയാന്‍ ഇറങ്ങുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സമീപകാല സംഘര്‍ഷം ആഗോള എണ്ണവില കുത്തനെ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍, ഈ പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രയത്വം 77 ശതമാനത്തില്‍ നിന്ന് 88 ശതമാനത്തിലേക്ക് ഉയര്‍ന്നു എന്നത് ആശങ്കപ്പെടുത്തുന്ന കണക്കാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നത് കേവലം ഗതാഗതച്ചെലവിനെ മാത്രമല്ല ഉയര്‍ത്തുന്നത്; ഗതാഗതച്ചെലവിലൂടെ തുടങ്ങി കാര്‍ഷികോത്പന്നങ്ങളുടെ വിലയിലേക്കും നിത്യോപയോഗ സാധനങ്ങളിലേക്കും വരെ അതിന്റെ പ്രത്യാഘാതം വ്യാപിച്ചു കിടക്കുന്നു. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിലധികം വിദേശനാണ്യം ക്രൂഡ് ഓയില്‍ വാങ്ങാന്‍ മാത്രം ചെലവാക്കുന്ന ഒരു രാജ്യത്തിന്, ആ പണത്തിന്റെ ഒരു പങ്കെങ്കിലും സ്വന്തം മണ്ണില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. രൂപയുടെ മൂല്യത്തെയും വിദേശനാണയ ശേഖരത്തെയും സംരക്ഷിക്കാനുള്ള തന്ത്രം കൂടിയാണിത്.
ആഴക്കടലിലെ കടമ്പകള്‍
സമുദ്ര മന്ഥന്‍ പോലൊരു ബൃഹത് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ കണക്കുകളും ലക്ഷ്യങ്ങളും മാത്രം നോക്കിയാല്‍ പോരാ, അതിന്റെ പ്രായോഗിക വഴിയിലെ കല്ലും മുള്ളും കൂടി കാണേണ്ടതുണ്ട്. കടലിനടിയില്‍ എണ്ണ തേടിയിറങ്ങുന്ന ഈ യാത്ര അത്ര നിസ്സാരമല്ല. സീസ്മിക് സര്‍വേ കപ്പലുകള്‍ കടലിലേക്ക് അയക്കുന്ന ശബ്ദതരംഗങ്ങള്‍ തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും എങ്ങനെ ബാധിക്കുന്നു എന്നത് വര്‍ഷങ്ങളായി ശാസ്ത്രലോകത്തെ അലട്ടുന്ന ചോദ്യമാണ്. ജൈവവൈവിധ്യ സംരക്ഷണം, മാലിന്യം പുറന്തള്ളല്‍, ജലത്തിനടിയിലെ ശബ്ദമലിനീകരണം, എണ്ണ ചോര്‍ച്ചയുടെ സാധ്യത – ഇവയെല്ലാം ചേരുമ്പോള്‍, കടലിനോട് എത്രത്തോളം ഉത്തരവാദിത്വത്തോടെയാണ് ഈ പദ്ധതി പെരുമാറുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരും. 2010ലെ ഡീപ്വാട്ടര്‍ ഹൊറൈസണ്‍ ദുരന്തം ഇന്നും ലോകമെമ്പാടും ആഴക്കടല്‍ കിണര്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡായി നിലനില്‍ക്കുന്നു എന്നത് ഇന്ത്യ മറക്കാന്‍ പാടില്ല.
ഇതിനൊപ്പം മറ്റൊരു ചര്‍ച്ചയും ആഗോളതലത്തില്‍ ശക്തമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോകം സൗരോര്‍ജം, കാറ്റാടി, ഹരിത ഹൈഡ്രജന്‍ തുടങ്ങിയ ശുദ്ധ ഊര്‍ജസ്രോതസ്സുകളിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമ്പോള്‍, പുതിയ ഫോസില്‍ ഇന്ധന പര്യവേക്ഷണങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കുന്നത് ശരിയായ ദിശയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഊര്‍ജ സുരക്ഷ ഉറപ്പാക്കേണ്ടതും ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കേണ്ടതും ഒരുപോലെ ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് സമുദ്ര മന്ഥന്‍ പോലുള്ള പദ്ധതികളെ, പുനരുപയോഗ ഊര്‍ജത്തിലേക്കുള്ള രാജ്യത്തിന്റെ ദീര്‍ഘകാല യാത്രക്ക് പകരമായല്ല, മറിച്ച് അതിലേക്കുള്ള പരിവര്‍ത്തന കാലഘട്ടത്തിലെ ഒരു ഇടക്കാല തന്ത്രമായാണ് വിലയിരുത്തേണ്ടത്.
സാങ്കേതിക വെല്ലുവിളികളും ഒട്ടും ചെറുതല്ല. ആയിരക്കണക്കിന് മീറ്റര്‍ ആഴത്തില്‍, ഭീമമായ മര്‍ദവും കൊടും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തില്‍ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള റിഗുകളും വൈദഗ്ധ്യവും ഇന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ കൈവശമുള്ളൂ. ഓഫ്‌ഷോര്‍ പര്യവേക്ഷണത്തില്‍ ഇന്ത്യക്ക് അനുഭവ സമ്പത്തുണ്ടെങ്കിലും, അത്യാധുനിക ഡീപ്്വാട്ടര്‍, അള്‍ട്രാ- ഡീപ്്വാട്ടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാങ്കേതിക ശേഷിയും പ്രത്യേക ഡ്രില്ലിംഗ് കപ്പലുകളും ഇന്ത്യക്ക് ഇപ്പോഴും പ്രാപ്തമല്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു ചെറിയ പിഴവുപോലും കോടികളുടെ നഷ്ടമായി മാറാവുന്ന ഈ കളിയില്‍, ഡാറ്റയുടെയും സാങ്കേതിക വിദ്യയുടെയും കൃത്യതയാണ് വിജയത്തിന്റെ അടിസ്ഥാനം.
ആഴക്കടല്‍ പര്യവേക്ഷണത്തില്‍ വിജയിച്ച രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ട്. 1969ല്‍ എകോഫിസ്‌ക് എണ്ണപ്പാടം കണ്ടെത്തിയതോടെ നോര്‍വേയുടെ ഭാഗ്യം മാറിമറിഞ്ഞു. നോര്‍വെ ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥകളിലൊന്നായി മാറി. ബ്രസീലിന്റെ അനുഭവം ഇന്ത്യയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു. ഒരുകാലത്ത് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ബ്രസീല്‍, പെട്രോബ്രാസ് എന്ന ദേശീയ കമ്പനിയിലൂടെ ആഴക്കടലിലെ ‘പ്രീ-സാള്‍ട്ട്’ മേഖലയില്‍ നടത്തിയ നിരന്തര പര്യവേക്ഷണത്തിലൂടെയാണ് 2007ല്‍ എണ്ണ സ്വാശ്രയത്വത്തിലേക്ക് എത്തിയത്.
സമുദ്ര മന്ഥന്‍ തുറക്കുന്ന സാധ്യതകള്‍
ആഴക്കടലിലെ ഈ വിഭവസാധ്യതകള്‍ യാഥാര്‍ഥ്യമായാല്‍, അതിന്റെ നേട്ടം എണ്ണ, വാതക ഉത്പാദനത്തില്‍ മാത്രം ഒതുങ്ങില്ല. പര്യവേക്ഷണം, ഡ്രില്ലിംഗ്, കടല്‍പ്പുറ അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മാണം, സേവനം തുടങ്ങിയ മേഖലകളില്‍ പുതിയ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഇത് വഴിയൊരുക്കും. പ്രത്യേകിച്ച് ആഴക്കടല്‍ പര്യവേക്ഷണത്തില്‍ ഇന്ത്യയുടെ സാങ്കേതിക ശേഷി വളരുന്നത് കൂടുതല്‍ വലിയ പദ്ധതികള്‍ക്ക് അടിത്തറയാകും. എന്നാല്‍ കടല്‍ പരിസ്ഥിതിയുടെ സംരക്ഷണവും സാമ്പത്തികമായി പ്രായോഗികമായ വിഭവങ്ങള്‍ മാത്രം വികസിപ്പിക്കുന്നതും ഈ മുന്നേറ്റത്തോടൊപ്പം തന്നെ പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍, സമുദ്ര മന്ഥന്റെ സാധ്യത എണ്ണ കണ്ടെത്തുന്നതില്‍ മാത്രമല്ല; ഇന്ത്യയുടെ ഊര്‍ജ മേഖലയെ കൂടുതല്‍ സ്വയംപര്യാപ്തവും സാങ്കേതികമായി ശക്തവുമാക്കുന്നതിലാണ്.
സമുദ്ര മന്ഥന്‍, ഇന്ത്യയുടെ ഊര്‍ജസുരക്ഷാ അന്വേഷണത്തിലെ ധീരമായ ചുവടുവെപ്പാണെന്നതില്‍ സംശയമില്ല. ഇറക്കുമതി ബാധ്യത കുറയ്ക്കാനും കുറഞ്ഞുവരുന്ന സ്വന്തം എണ്ണപ്പാടങ്ങള്‍ക്ക് പകരം കണ്ടെത്താനും ഈ പദ്ധതി അനിവാര്യമാണ്. കടലിനെ മുറിവേല്‍പ്പിക്കാതെ, കോടികള്‍ വെറുതെ ചെലവഴിക്കാതെ, അപകട സാധ്യതയെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്ത്, കണ്ടെത്തുന്ന വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി കരുതിവെക്കുന്ന ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ടുപോയാല്‍ മാത്രമേ ഈ പദ്ധതി നോര്‍വേയുടെയും ബ്രസീലിന്റെയും വിജയഗാഥകള്‍ക്കൊപ്പം നില്‍ക്കൂ. അല്ലാത്തപക്ഷം, പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ പദ്ധതികളുടെ പട്ടികയില്‍ മറ്റൊന്നായി അത് മാറും. ആ വ്യത്യാസം നിര്‍ണയിക്കുന്നത് വരും വര്‍ഷങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിലെ സത്യസന്ധത തന്നെയായിരിക്കും.


