Connect with us

From the print

'മോസ്‌ക് മാന്‍' ജി ഗോപാലകൃഷ്ണന്‍; വിടവാങ്ങിയത് ഉത്തരേന്ത്യന്‍ മസ്ജിദുകളുടെ ശൈലി മലയാളിക്ക് പരിചയപ്പെടുത്തിയ ശില്‍പ്പി

110 മുസ്‌ലിം പള്ളികളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലും പുറത്തുമായി നൂറിലേറെ മുസ്്ലിം പള്ളികളുടെ രൂപകല്‍പ്പനയിലൂടെയും നിര്‍മാണത്തിലൂടെയും പ്രശസ്തനായ ‘മോസ്‌ക് മാന്‍ ഓഫ് ഇന്ത്യ’ ജി ഗോപാലകൃഷ്ണ(89)ന് നാടിന്റെ യാത്രാമൊഴി. തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുസ്്ലിം പള്ളികളുടെയും നാല് ക്രൈസ്തവ ദേവാലയങ്ങളുടെയും രണ്ട് ക്ഷേത്രത്തിന്റെയും നിര്‍മാണത്തിന് ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടത്തി. ഇന്തോ-പേര്‍ഷ്യന്‍ സാര്‍സനിക് ശൈലിയില്‍ പ്രൗഢമായ താഴികക്കുടങ്ങളുള്ള പള്ളികള്‍ നിര്‍മിച്ചാണ് ഗോപാലകൃഷ്ണന്‍ ‘മോസ്‌ക് മാന്‍’ ആയി മാറിയത്.

മുഗള്‍ രാജകാലത്ത് മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഉത്തരേന്ത്യന്‍ മസ്ജിദുകളുടെ ശൈലി മലയാളിക്ക് പരിചയപ്പെടുത്തിയത് ഗോപാലകൃഷ്ണനാണ്. ബില്‍ഡിംഗ് കോണ്‍ട്രാക്ടറായിരുന്ന പിതാവ് ഗോവിന്ദനൊപ്പം 1961ല്‍ ഓടുമേഞ്ഞ പാളയം പള്ളി പുതുക്കിപ്പണിയുന്നതില്‍ പങ്കാളിയായിരുന്നു. ബീമാപള്ളി, കടുവാപള്ളി, ആലംകോട് പള്ളി, താജ്മഹല്‍ മാതൃകയില്‍ നിര്‍മിച്ച കരുനാഗപ്പള്ളിയിലെ മസ്ജിദ്, ശബരിമലയിലെ എരുമേലി ജുമുഅ മസ്ജിദ് എന്നിവ ഗോപാലകൃഷ്ണന്റെ നിര്‍മാണമികവ് തെളിയിക്കപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറാമതായി നിര്‍മിച്ചത് കോട്ടയം ജില്ലയിലെ കോട്ടാങ്കല്‍ ജമാഅത്ത് പള്ളിയായിരുന്നു.

എരുമേലി വാവരുപള്ളി, അയ്യപ്പന്‍മാരെയും നിസ്‌കരിക്കാനെത്തുന്ന വിശ്വാസികളെയും ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തത്. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ആകൃതിയിലാണ് നിര്‍മിച്ചത്. രണ്ട് ക്ഷേത്രങ്ങളില്‍ ആദ്യം നിര്‍മിച്ച ആലുങ്കണ്ടം ഭദ്രകാളി ക്ഷേത്രത്തിന് രഥത്തിന്റെ രൂപമാണ്. ഭാര്യ: ജയ. മക്കള്‍: ഗോവിന്ദ് ജൂനിയര്‍ ജി, ശ്രീനി ജി ഗോവിന്ദ്, നീനി ജി ഗോവിന്ദ്. മരുമക്കള്‍: ലക്ഷ്മി, അനീഷ, സജിന.

Content Highlights:
G Gopalakrishnan, widely known as Mosque Man, has passed away. He gained nationwide acclaim for introducing North Indian Islamic architectural styles to Kerala’s mosques. His unique creations stand as enduring symbols of artistic mastery and communal harmony across the region.