Connect with us

From the print

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യന്‍ യാത്രയും ഫലം കണ്ടില്ല

നിയന്ത്രണം തുടരും. പ്രതിദിന ആവശ്യത്തില്‍ 800-1000 മെഗാവാട്ട് കുറവ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ വൈദ്യുതി വകുപ്പും സര്‍ക്കാറും ഇരുട്ടില്‍ തപ്പുന്നു. പ്രതിദിന ആവശ്യത്തിനനുസരിച്ചുള്ള വൈദ്യുതി കണ്ടെത്തുന്നതില്‍ വൈദ്യുതി വകുപ്പും സര്‍ക്കാര്‍ സംവിധാനവും പരാജയപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ നിയന്ത്രണം തുടരുമെന്ന് ഉറപ്പായി. ഇതിനിടെ വൈദ്യുതി തേടിയുള്ള കെ എസ് ഇ ബി ഡയറക്ടര്‍മാരുടെ ഉത്തരേന്ത്യന്‍ യാത്രയും ഫലം കണ്ടില്ല. വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു യൂനിറ്റ് വൈദ്യുതി പോലും അധികം ഉറപ്പാക്കാനായിട്ടില്ല. അതേസമയം, ആണവ നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി. സി എം ഡി ഇന്നലെ എന്‍ പി സി ഐ എല്‍. സി എം ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ യൂനിറ്റിന് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നത് സംസ്ഥാനത്തിന് ഏകദേശം 12,570 കോടിയുടെ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂനിറ്റിന് മുകളിലാണെന്നിരിക്കെ, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈമാസം 30 വരെ നിയന്ത്രണമുണ്ടാകുമെന്നാണ് കെ എസ് ഇ ബി അധികൃതര്‍ അറിയിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ പലവഴികള്‍ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമായ വൈദ്യുതി ഇതുവരെ ലഭ്യമായിട്ടില്ല. 5,000 മെഗാവാട്ടിന് മുകളില്‍ വരുന്ന പ്രതിദിന ആവശ്യത്തില്‍ വൈകുന്നേരങ്ങളില്‍ 800 മുതല്‍ 1,000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

കേന്ദ്രവിഹിതവും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതിയും ഉള്‍പ്പെടെ 300 മെഗാവാട്ട് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന് ലഭിച്ചത്. അതേസമയം, മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ആറ് ദിവസമായി. ഹിമാചലില്‍ നിന്നുള്ള 250 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് കിട്ടാത്തതും പ്രതിസന്ധിയാണ്. ഹിമാചലില്‍ നിന്ന് പകല്‍സമയത്ത് ലഭിക്കുന്ന വൈദ്യുതി രാത്രിയിലെ ക്ഷാമം പരിഹരിക്കാന്‍ പ്രയോജനപ്പെടില്ല.

ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് താഴുകയും ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ആഭ്യന്തര ഉത്പാദനം കുറഞ്ഞതും ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കപ്പെട്ടതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കല്‍ക്കരി ക്ഷാമവും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിലെ കുറവും ഉള്‍പ്പെടെ ദേശീയതലത്തിലെ ക്ഷാമം, കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയെ ബാധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ യാതൊരു ആസൂത്രണവും നടത്താത്തതുമൂലമുണ്ടായ ഭരണപരമായ പരാജയം മറച്ചുവെക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയ ദീര്‍ഘകാല കരാറിനെ പഴിചാരുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.

Content Highlights:
North India is grappling with a severe electricity shortage as recent high-level administrative trips failed to resolve the ongoing crisis. The situation continues to disrupt daily life and industrial operations across multiple states. Authorities are struggling to stabilize the grid amidst surging power demands.