Editors Pick
സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ വർധിക്കുന്നോ? ഈ 5 പ്രധാന കാരണങ്ങൾ അറിഞ്ഞിരിക്കാം
അന്തരീക്ഷ മലിനീകരണവും മാറിയ ഭക്ഷണരീതികളും ബ്രെസ്റ്റ് കാൻസറിന് കാരണമാകുന്നുണ്ട്.
സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ (Breast Cancer) കേസുകൾ വർധിച്ചുവരികയാണ്. ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ 27 ശതമാനത്തിലധികവും സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ (Breast Cancer) ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് പ്രതിവർഷം കണ്ടെത്തപ്പെടുന്ന കാൻസർ കേസുകളിൽ വലിയൊരു പങ്കും ബ്രെസ്റ്റ് കാൻസർ ആണ്. കേരളത്തിന്റെ സാഹചര്യത്തിലേക്ക് വരുമ്പോൾ സ്ത്രീകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം കാൻസർ കേസുകളിൽ മൂന്നിലൊന്നിലധികവും (ഏകദേശം 34 ശതമാനം) ബ്രെസ്റ്റ് കാൻസർ ആണെന്നത് രോഗവ്യാപനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
രോഗബാധിതരുടെ എണ്ണത്തിലും കാൻസർ മൂലമുള്ള മരണനിരക്കിലും തുടർച്ചയായി ഉണ്ടാകുന്ന ഈ വർധനവ് ആശങ്ക ഉയർത്തുന്നുണ്ട്. ഒന്നിൽക്കൂടുതൽ കാരണങ്ങൾ ഒന്നിച്ചുവരുന്ന മൾട്ടി ഫാക്ടോറിയൽ ആയ അവസ്ഥയാണ് ബ്രെസ്റ്റ് കാൻസറിലേക്ക് നയിക്കുന്നത്. പെൺകുട്ടികളിൽ ആർത്തവം അഥവാ മെനാർക്കി (Menarche) വളരെ നേരത്തെ ആരംഭിക്കുന്നതും ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) വൈകി സംഭവിക്കുന്നതും ശരീരത്തിൽ ഈസ്ട്രോജൻ ഹോർമോണിന്റെ സാന്നിധ്യം കൂടുതൽ കാലം നിലനിൽക്കാൻ ഇടയാക്കും. ആദ്യത്തെ ഗർഭധാരണം 35 വയസ്സിന് ശേഷം സംഭവിക്കുന്നതും കുട്ടികൾ ഇല്ലാത്ത അവസ്ഥയും (Nulliparity) ഹോർമോൺ മാറ്റങ്ങൾ മൂലം രോഗസാധ്യത ഉയർത്തുന്ന പ്രധാന ഘടകങ്ങളാണ്. സ്തനാർബുദത്തിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1) ഹോർമോൺ വ്യതിയാനം
ബ്രെസ്റ്റ് കാൻസറിന് പ്രധാന കാരണം ഹോർമോണൽ ഫാക്ടറുകൾ ആണ്. ശരീരത്തിൽ ഈസ്ട്രോജൻ ഹോർമോണിന്റെ എക്സ്പോഷർ വർധിക്കുന്നത് രോഗസാധ്യത കൂട്ടുന്നു. പെൺകുട്ടികളിൽ ആർത്തവം അഥവാ മെനാർക്കി (Menarche) വളരെ നേരത്തെ ആരംഭിക്കുന്നതും, ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) വൈകി സംഭവിക്കുന്നതും ഈസ്ട്രോജൻ സാന്നിധ്യം ശരീരത്തിൽ കൂടുതൽ കാലം നിലനിൽക്കാൻ ഇടയാക്കും. ആദ്യത്തെ ഗർഭധാരണം 35 വയസ്സിന് ശേഷം സംഭവിക്കുന്നതും, കുട്ടികൾ ഇല്ലാത്ത അവസ്ഥയും (Nulliparity) ഹോർമോൺ മാറ്റങ്ങൾ മൂലം രോഗസാധ്യത ഉയർത്തുന്ന ഘടകങ്ങളാണ്.
2) മുലയൂട്ടൽ ഒഴിവാക്കുന്നത്
കുട്ടികൾക്ക് മുലപ്പാൽ (Breastfeeding) നൽകാതിരിക്കുന്നത് രോഗസാധ്യത കൂട്ടുന്ന മറ്റൊരു പ്രധാന കാരണമാണ്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും കുട്ടികൾക്ക് മുലപ്പാൽ നൽകുന്നത് ബ്രെസ്റ്റ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.
3) ആർത്തവവിരാമത്തിന് ശേഷമുള്ള അമിതവണ്ണം
ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന അമിതവണ്ണം (Post Menopausal Obesity) ബ്രെസ്റ്റ് കാൻസർ റിസ്ക് വർധിപ്പിക്കുന്നു. വണ്ണം വെക്കുന്നതിലൂടെ ശരീരത്തിൽ ഹോർമോൺ എക്സസ് ഉണ്ടാവുകയും ഇത് രോഗത്തിലേക്ക് നയിക്കാൻ കാരണമാവുകയും ചെയ്യുന്നു.

4) പാരമ്പര്യ ഘടകങ്ങളും ജീൻ മ്യൂട്ടേഷനും
കുടുംബത്തിൽ കാൻസർ പാരമ്പര്യമുള്ളവരിൽ ജീൻ മ്യൂട്ടേഷൻ (BRCA Gene Mutation) വഴിയും രോഗസാധ്യത വർധിക്കുന്നു. ബി ആർ സി എ ജീൻ മ്യൂട്ടേറ്റഡ് ആയിട്ടുള്ളവർക്ക് ബ്രെസ്റ്റ് കാൻസർ വരാൻ 60 മുതൽ 80 ശതമാനം വരെ ഉയർന്ന സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർക്ക് കൃത്യമായ ജനറ്റിക് കൗൺസിലിംഗിന് ശേഷം പരിശോധനകളും കൂടുതൽ ഇൻ്റൻസീവ് ആയ സ്ക്രീനിംഗും ആവശ്യമാണ്.
5) പാരിസ്ഥിതിക ഘടകങ്ങളും ഭക്ഷണരീതിയും
അന്തരീക്ഷ മലിനീകരണവും (Atmospheric Pollution) മാറിയ ഭക്ഷണരീതികളും ബ്രെസ്റ്റ് കാൻസറിന് കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രോഗസാധ്യത വർധിപ്പിക്കുന്ന തെളിയിക്കപ്പെട്ട ഘടകമാണ്. കൂടാതെ ഹോർമോൺ അടങ്ങിയ ചിക്കൻ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ എക്സസ് ബ്രെസ്റ്റ് കാൻസർ ഇൻസിഡൻസ് കൂട്ടാൻ ഇടയാക്കുന്നു.
രോഗലക്ഷണങ്ങളും പരിശോധനയും
സ്തനങ്ങളിൽ കാണുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. ഫൈബ്രോഡിനോമ (Fibroadenoma) പോലെയുള്ള ഉപദ്രവമില്ലാത്ത ബിനൈൻ ലമ്പുകളും ഉണ്ടാകാം. എങ്കിലും ഏത് പ്രായത്തിലും സ്തനങ്ങളിൽ തടിപ്പോ, മുഴയോ, കക്ഷത്തിൽ തടിപ്പോ, അൾസറോ കണ്ടാൽ ഉടൻ ഡോക്ടറെ കാണിക്കണം. മാമോഗ്രാം (Mammogram), അൾട്രാസൗണ്ട് (Ultrasound) എന്നിവയിലൂടെ രോഗനിർണയം കൃത്യമായി നടത്താം. നാലാം സ്റ്റേജിൽ ലിമിറ്റഡ് മെറ്റാസ്റ്റാസിസ് (Oligo Metastatic Disease) ഉള്ള അവസ്ഥയിൽ പോലും കൃത്യമായ ചികിത്സകളും സർജറിയും ലഭ്യമാണ്.
ആണുങ്ങളിലെ ബ്രെസ്റ്റ് കാൻസർ
അപൂർവ്വമായി പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസർ വരാൻ സാധ്യതയുണ്ട്. സിറോസിസ്, ഈസ്ട്രോജൻ എക്സസ് തുടങ്ങിയ കണ്ടീഷനുകൾ ഉള്ള പുരുഷന്മാരിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. അതിനാൽ കൃത്യമായ ലക്ഷണങ്ങൾ കണ്ട് മാമോഗ്രാമും പരിശോധനകളും വഴി പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണ സൗഖ്യം നേടാനാകും.
Content Highlights:
Breast cancer cases in women are rising due to hormonal factors, early menarche, late menopause, and post-menopausal obesity. Lack of breastfeeding, BRCA gene mutation, and atmospheric pollution also raise the risk. Mammogram testing helps early detection and effective treatment.




