Connect with us

UAE

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20,000 ദിര്‍ഹം അലവന്‍സ്

സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സാമൂഹിക സഹായം ലഭിക്കുന്ന കുടുംബങ്ങള്‍ക്കുമുള്ള പ്രതിമാസ മാന്യമായ ജീവിതച്ചെലവ് അലവന്‍സ് (ഡിഗ്നിഫൈഡ് ലിവിംഗ് അലവന്‍സ്) കുറഞ്ഞത് 20,000 ദിര്‍ഹമായി ഉയര്‍ത്താന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.

ഇമാറാത്തി കുടുംബങ്ങളുടെ പ്രതിമാസ ജീവിതച്ചെലവുകളും വിവിധ ആവശ്യങ്ങളും മുന്‍നിര്‍ത്തി ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം നടത്തിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് സുപ്രധാന തീരുമാനം. പദ്ധതി നടപ്പാക്കുന്നതിലൂടെ ഷാര്‍ജ സര്‍ക്കാറിന് പ്രതിവര്‍ഷം 118 കോടിയിലേറെ ദിര്‍ഹം അധിക ബാധ്യത വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ തീരുമാന പ്രകാരം ഷാര്‍ജ സര്‍ക്കാറിന്റെ സാമൂഹിക സഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട 6,652 കുടുംബങ്ങളുടെ പ്രതിമാസ സഹായം 20,000 ദിര്‍ഹമായി ഉയരും. ഇതിനായി പ്രതിവര്‍ഷം 19.5 കോടിയിലേറെ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജ സര്‍ക്കാറില്‍ നിന്ന് വിരമിച്ച 2,251 പേരുടെ അലവന്‍സ് വര്‍ധിപ്പിച്ചതിലൂടെ 11.3 കോടി ദിര്‍ഹവും, സര്‍ക്കാറിന് പുറത്തുനിന്ന് വിരമിച്ച 5,300 പൗരന്മാര്‍ക്ക് പ്രത്യേക ഗ്രാന്റായി നല്‍കുന്നതിലേക്ക് 15.9 കോടി ദിര്‍ഹവും മാറ്റിവെക്കും.

ഇതിനു പുറമെ, നിലവിലെ 17,776 സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതച്ചെലവ് അലവന്‍സ് ഉയര്‍ത്തിയതിലൂടെ മാത്രം വാര്‍ഷിക ചെലവ് 72 കോടി ദിര്‍ഹം കവിയും. സ്വദേശി പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമുള്ള തുടര്‍ച്ചയായ ജനക്ഷേമ നടപടികളുടെ ഭാഗമായാണ് ഷാര്‍ജ ഭരണാധികാരിയുടെ ഈ പ്രഖ്യാപനം.

Content Highlights: Sharjah Ruler Sheikh Dr Sultan bin Muhammad Al Qasimi has approved raising the minimum monthly living standard to 20,000 dirhams for government employees, retirees, and families receiving social assistance. The directive benefits over 31,900 citizens with an annual cost exceeding 1.18 billion dirhams. Effective September 1, 2026, the policy aims to enhance social stability and financial security across the emirate.

 

 

---- facebook comment plugin here -----

Latest