National
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ബിസിസിഐ
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് താരത്തിനെതിരെ നടപടി വന്നിരിക്കുന്നത്
മുംബൈ | ബംഗാള്‍ ലെഗ് സ്പിന്നര്‍ രോഹിത് യാദവിന് വിലക്കേര്‍പ്പെടുത്തി ബിസിസിഐ. തെറ്റായ പ്രായം കാണിച്ച് ടീമില്‍ ഇടം പിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് താരത്തിനെതിരെ നടപടി വന്നിരിക്കുന്നത്
ഉത്തര്‍ പ്രദേശ് സ്വദേശിയായ താരം ബംഗാളിനെയാണ് ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിനിധീകരിക്കുന്നത്. ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ അണ്ടര്‍ 19 ടീമിലടക്കം കളിച്ചിരുന്നു. ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയിച്ച അവസാന ടെസ്റ്റില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
പിന്നാലെയാണ് രോഹിതിനെ ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും തിരഞ്ഞെടുത്തത്. അതിനിടെയാണ് പ്രായത്തട്ടിപ്പ് പുറത്തായത്.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് തെളിഞ്ഞത്. 2007, 2009, 2010 എന്നിങനെ രേഖപ്പെടുത്തിയ മൂന്ന് ജനന സര്‍ട്ടിഫിക്കറ്റുകള്‍ രോഹിതിനുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇപ്പോള്‍ അയോഗ്യനാക്കിയിരിക്കുന്നത്
ആധാര്‍ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജനന വര്‍ഷം 2007 എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2017ലും 2020ലും അപ്‌ഡേറ്റ് ചെയ്ത അദ്ദേഹത്തിന്റെ ആധാര്‍ രേഖകളില്‍ 2006 എന്നും പിന്നീട് 2021ല്‍ അത് 2009 എന്നും മാറ്റപ്പെട്ടു. 2026- 27, 2027-28 സീസണുകളിലെ ഏതെങ്കിലും ടൂര്‍ണമെന്റുകളിലേക്കുള്ള രജിസ്‌ട്രേഷനോ ട്രാന്‍സ്ഫറിനോ അര്‍ഹതയില്ലെന്നു സിഎബി പ്രഖ്യാപിച്ച 62 താരങ്ങളില്‍ രോഹിതും ഉള്‍പ്പെടുന്നു.
Content Highlights: The BCCI has imposed a two-year ban on Bengal leg-spinner Rohit Yadav for age fraud. The action came after his selection for the India U19 team against Australia. Discrepancies were found in his birth certificates and Aadhaar records, rendering him ineligible for domestic seasons.





