Kerala
ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി കടന്നുകളയാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു
വാഹനാപകടത്തിന് തൊട്ടുമുന്‍പായി പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് യുവാക്കള്‍ സിഗരറ്റ് മോഷ്ടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ | മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നാമനായ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സബീന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു സംഭവം.
മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് യുവാക്കള്‍ മോഷ്ടിച്ചത്.മൂവരും സഞ്ചരിച്ച ബൈക്ക് തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയും ഒരു തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സബീനും റിന്‍ഷാദും തല്‍ക്ഷണം രക്തംവാര്‍ന്ന് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരുടെ സുഹൃത്തിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ റോഡില്‍ ചിതറിവീണ നിലയില്‍ നിരവധി സിഗരറ്റ് പാക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു. വാഹനാപകടത്തിന് തൊട്ടുമുന്‍പായി പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് യുവാക്കള്‍ സിഗരറ്റ് മോഷ്ടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബൈക്കില്‍ അതിവേഗം കടന്നുകളയാന്‍ ശ്രമിച്ചതും അപകടത്തില്‍പ്പെട്ടതും. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
#Alappuzha #BikeAccident #KeralaNews #AlappuzhaNews #CrimeNews #SirajLive #MalayalamNews
Content Highlights: Two youths from Mannancherry died and another was critically injured in a bike accident in Alappuzha while fleeing with a stolen motorcycle. The bike hit a stray dog and crashed into an oncoming vehicle. Police found stolen cigarette packets at the crash site and have initiated an investigation.





