National
സോണിയയുടെ പുസ്തകം നവംബറില്‍ പുറത്തിറങ്ങും; പ്രസിദ്ധീകരിക്കുക ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ
നവംബര്‍ 10-ന് പുസ്തകം ആഗോളതലത്തില്‍ പുറത്തിറക്കുമെന്ന് പ്രസിദ്ധീകരണ സ്ഥാപനം ഇന്ന് പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ (Belonging: A Journey of Love) ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിക്കും. നവംബര്‍ 10-ന് പുസ്തകം ആഗോളതലത്തില്‍ പുറത്തിറക്കുമെന്ന് പ്രസിദ്ധീകരണ സ്ഥാപനം ഇന്ന് പ്രഖ്യാപിച്ചു. ‘പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’ ഈ പുസ്തകം പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യത്തില്‍ തുടങ്ങി ഇന്ത്യയിലെ ജീവിതം, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ചെലവഴിച്ച പതിറ്റാണ്ടുകള്‍ വരെയുള്ള സോണിയയുടെ ജീവിതയാത്ര പുസ്തകത്തിലുണ്ട്. കോണ്‍ഗ്രസ്സ് നേതാവിന്റെ കൃതിയെ ‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ ആത്മകഥകളിലൊന്ന്’ എന്ന് വിശേഷിപ്പിച്ച ഹാര്‍പ്പര്‍ കോളിന്‍സ്, ഇന്ത്യയുടെ യാത്രയെക്കുറിച്ചുള്ള ‘അപൂര്‍വമായ ഒരു ഉള്‍ക്കാഴ്ച’ ഈ പുസ്തകം നല്‍കുന്നുവെന്നും വ്യക്തമാക്കി.
ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിച്ച് പുറത്തിറക്കേണ്ടതില്ലെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. കൈയെഴുത്തു പ്രതിയിലെ ചില ഭാഗങ്ങളില്‍ എഡിറ്റോറിയല്‍ മാറ്റങ്ങളും ഒഴിവാക്കലുകളും വരുത്തണമെന്ന് പ്രസാധകര്‍ ആവശ്യപ്പെട്ടിരുന്നതായും, എന്നാല്‍ സോണിയയുമായി ബന്ധപ്പെട്ട സംഘം അതിന് വഴങ്ങിയില്ലെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഭാഗമായ യു എസ് ആസ്ഥാനമായുള്ള ‘ആല്‍ഫ്രഡ് എ നോപ്ഫ്’ (Alfred A Knopf) ഈ പുസ്തകം നവംബര്‍ 10-ന് ലോകമെമ്പാടും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ചത്. പിന്നീട്, ഇന്ത്യയില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തങ്ങളല്ലെന്ന് വ്യക്തമാക്കി പെന്‍ഗ്വിന്‍ ഇന്ത്യ രംഗത്ത് വരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ്, ഇന്ത്യ-ചൈന ബന്ധം എന്നിവയെക്കുറിച്ചുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പെന്‍ഗ്വിന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചതോടെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്. സമ്മര്‍ദത്തിന് വഴങ്ങിയാണ് പെന്‍ഗ്വിന്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ വിസമ്മതിച്ചത് ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കൊലപാതകം’ ആണെന്നും അതീവ ഗൗരവതരമായ വിഷയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദി, ആര്‍ എസ് എസ്, മോദിയുടെ ഭരണകാലത്ത് ചൈന, ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തിയത് എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പെന്‍ഗ്വിന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ വായിക്കുന്ന ഒരു പുസ്തകത്തെ ഭയപ്പെടുന്നവര്‍ ബി ജെ പി സര്‍ക്കാരിലുണ്ട് എന്നതില്‍ സംശയമില്ലെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ലീഡര്‍ ഗൗരവ് ഗൊഗോയിയും പ്രസ്താവിച്ചു.
എന്നാല്‍, ആത്മകഥ പ്രസിദ്ധീകരിക്കാതിരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പെന്‍ഗ്വിന്‍ ഇന്ത്യയുടെ വിശദീകരണം. അതേസമയം, ചര്‍ച്ചകള്‍ക്കിടെ ‘ഒരു പ്രത്യേക വിഷയത്തില്‍’ സമവായത്തിലെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.
Content Highlights:
The upcoming book by Congress leader Sonia Gandhi is scheduled for release in November. It will be published by HarperCollins India. Further details regarding the content and title of the publication are awaited.



