From the print
റണ്ണഭിഷേകം
ഇന്ത്യക്ക് ജയം. പരമ്പര തൂത്തുവാരി. അഭിഷേകിന് സെഞ്ച്വറി 108 (34).
ന്യൂഡല്‍ഹി | അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെയും സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 127 റണ്‍സിന്റെ ഉജ്ജ്വല ജയം. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്താന്‍ 94 റണ്‍സിനു പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ (30) തൂത്തുവാരി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴിന് 221, അഫ്ഗാനിസ്താന്‍ 14.1 ഓവറില്‍ 94ന് ആള്‍ഔട്ട്.
അഭിഷേക് ഷോ
34 പന്തില്‍ നിന്ന് 108 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 11 സിക്സറുകളും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. സഞ്ജു 35 പന്തില്‍ നിന്ന് നാല് സിക്സുകളുടെയും രണ്ട് ബൗണ്ടറികളുടെയും സഹായത്തോടെ 50 റണ്‍സെടുത്തു. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഓപണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അഭിഷേകിനെ പുറത്താക്കി റാശിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയവരില്‍ ശ്രേയസ്സ് അയ്യര്‍ക്ക് (20 പന്തില്‍ 29) മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളൂ. തിലക് വര്‍മ (രണ്ട്), ശിവം ദുബെ (14), ഇഷാന്‍ കിഷന്‍ (പത്ത്), നിതീഷ് കുമാര്‍ റെഡ്ഢി (പത്ത്) റണ്‍സെടുത്ത് പുറത്തായി.
വലിയ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്താന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. 25 റണ്‍സെടുത്ത ഇബ്്റാഹീം സദ്‌റാനാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി നിതീഷ് റെഡ്ഢി, രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.
റെക്കോര്‍ഡ്
16 പന്തില്‍ നിന്നാണ് അഭിഷേക് അര്‍ധ സെഞ്ച്വറി തികച്ചത്. 30 പന്തില്‍ നൂറിലെത്തി. ഐ സി സി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ ഒരു ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2024ല്‍ ഗാംബിയക്കെതിരെ സിംബാംബ്‌വേയുടെ സിക്കന്ദര്‍ റാസയും 2026 ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാന്‍ഡിന്റെ ഫിന്‍ അലനും 33 പന്തുകളില്‍ സെഞ്ച്വറി നേടിയ മുന്‍ റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്. അന്താരാഷ്ട്ര ടി20യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന രോഹിത് ശര്‍മയുടെ (35 പന്ത്) റെക്കോര്‍ഡും അഭിഷേക് മറികടന്നു. 2017ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു രോഹിതിന്റെ പ്രകടനം.
Content Highlights:
Abhishek Sharma hit a brilliant century while Sanju Samson contributed a fine half-century as India defeated Afghanistan. The dominant performance helped the Indian team complete a clean sweep in the series. Fans celebrated the team’s impressive display of batting dominance throughout the match.


