National
ഒരേ ജോലിക്ക് ഒരേ ശമ്പളം എന്നത് എല്ലായിടത്തും ബാധകമാകില്ല: സുപ്രീം കോടതി
സമാനമായ ചുമതലകള്‍ നിര്‍വഹിക്കുന്നുവെങ്കിലും നേരിട്ട് നിയമിക്കപ്പെട്ടവരും സ്ഥാനക്കയറ്റം ലഭിച്ചവരുമായ ജീവനക്കാര്‍ തമ്മിലുള്ള അനുഭവത്തിലെ വ്യത്യാസം അടക്കമുള്ള കാര്യങ്ങള്‍ ശമ്പള സ്‌കെയിലിലെ വ്യത്യാസത്തിന് കാരണമാകാം.
ന്യൂഡല്‍ഹി | ഒരേ ജോലിക്ക് ഒരേ ശമ്പളം എന്നത് എല്ലായിടത്തും സ്വാഭാവികമായി ബാധകമാകില്ലെന്ന് സുപ്രീം കോടതി. സമാനമായ ചുമതലകള്‍ നിര്‍വഹിക്കുന്നുവെങ്കിലും നേരിട്ട് നിയമിക്കപ്പെട്ടവരും സ്ഥാനക്കയറ്റം ലഭിച്ചവരുമായ ജീവനക്കാര്‍ തമ്മിലുള്ള അനുഭവത്തിലെ വ്യത്യാസം അടക്കമുള്ള കാര്യങ്ങള്‍ ശമ്പള സ്‌കെയിലിലെ വ്യത്യാസത്തിന് കാരണമാകാമെന്ന് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ നേരിട്ട് നിയമിക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊമോഷന്‍ വഴി നിയമിക്കപ്പെട്ട അധ്യാപകരുടെ അതേ ശമ്പള സ്‌കെയില്‍ തങ്ങള്‍ക്കും വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സിദ്ധാന്തം യാന്ത്രികമായി പ്രയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1998 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെയാണ് ഹരജിക്കാരെ നിയമിച്ചത്. ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍ വഴി നിയമിക്കപ്പെട്ട എച്ച് എസ് എസ് ടി, ജൂനിയര്‍ അധ്യാപകര്‍ക്ക് മുഴുവന്‍ സമയ ശമ്പള സ്‌കെയില്‍ മെച്ചപ്പെടുത്തിയെങ്കിലും തങ്ങളെ പരിഗണിച്ചില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. രണ്ട് വിഭാഗങ്ങളും ഒരേ കേഡറില്‍ ഒരേ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നവരാണെന്നും ഹരജിക്കാര്‍ വാദിച്ചു. ഹൈക്കോടതി സിംഗില്‍ ബഞ്ച് ഹരജിക്കാര്‍ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരെ, പുതുതായി നിയമിച്ച നേരിട്ടുള്ള നിയമനങ്ങള്‍ക്ക് തുല്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബഞ്ച് വിധി റദ്ദാക്കി. ഇതിനെതിരെയാണ് ഹരജിക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.
Content Highlights:
The Supreme Court ruled that the principle of equal pay for equal work cannot be applied universally across all employment sectors. The apex court emphasized that job responsibilities, qualification standards, and recruitment processes differ between organizations. The verdict clarifies legal standards regarding pay structure disputes.

